17 November Saturday

‘പ്രളയം തട്ടിക്കൊണ്ടുപോയത്’ കൊളാഷ‌് ഇനി ജനമൈത്രി ഹാളിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018
പുനലൂർ
വെള്ളപ്പൊക്കക്കെടുതികളിൽനിന്ന് അതിജീവനത്തിന്റെ പാതയിലേക്കു നീങ്ങുന്ന കേരളത്തിന്റെ നേർക്കാഴ്ചയെ കൊളാഷ് രൂപത്തിൽ അവതരിപ്പിച്ച എൻജിനിയറിങ‌് വിദ്യാർഥികൾ അവ ജനമൈത്രി പൊലീസിനു കൈമാറി. സ്മൃതിലയമെന്ന കൂട്ടായ്മയാണ് പ്രളയം തട്ടിക്കൊണ്ടുപോയത് എന്ന കൊളാഷ് ഒരുക്കിയത്. 
മഴക്കെടുതി, രക്ഷാപ്രവർത്തനം, ദുരിതാശ്വാസ ക്യാമ്പുകൾ, ശുചീകരണം, സഹായങ്ങൾ, ദുരന്തത്തിന്റെ ശേഷിപ്പുകൾ എന്നിവയെക്കുറിച്ചുള്ള പത്രവാർത്തകളും ചിത്രങ്ങളും കൊണ്ടാണ് കൊളാഷ് ഒരുക്കിയത്. ഹാമിം, മഹേഷ് തമ്പു, ഗോകുൽ, ശബരി, അമീൻ, റോയൽ എന്നിവരുടെ നേതൃത്വത്തിലാണ് കൊളാഷ് ഒരുക്കി പുനലൂർ ജനമൈത്രി പൊലീസ് സ്റ്റേഷനു കൈമാറിയത്. പ്രളയകാലത്തിന്റെ അതിജീവനം ഒരു ഓർമപ്പെടുത്തൽ പോലെ ഇനി ഈ കൊളാഷ് സ്റ്റേഷനിലെ ജനമൈത്രി ഹാളിൽ സൂക്ഷിക്കും. പുനലൂർ സിഐ ബിനു വർഗീസാണ് സ്മൃതിലയം പ്രവർത്തകരിൽനിന്ന് കൊളാഷ് സ്വീകരിച്ചത്. 
എഎസ്ഐ ഫൈസൽ, ജനമൈത്രി ഓഫീസർ എം എം ഷെരീഫ് എന്നിവർ സംസാരിച്ചു. മൂന്നു വർഷം മുമ്പാണ് സ്മൃതിലയം കൂട്ടായ്മ ഒരുങ്ങിയത്. അഗതിമന്ദിരങ്ങളിൽ പൊതിച്ചോറുകൾ, വസ്ത്രങ്ങൾ എന്നിവ ഇവർ ശേഖരിച്ചു നൽകാറുണ്ട്. മഴക്കെടുതിക്കാലത്ത് ആറു ദിവസം കലക‌്ഷൻ സെന്റർ ഒരുക്കി അവശ്യസാധനങ്ങൾ ദുരിതാശ്വാസകേന്ദ്രങ്ങളിൽ കൈമാറി. 24 മണിക്കൂറും സഹായ പ്രവർത്തനങ്ങളിൽ സജീവമായി. ആറന്മുളയിൽ നിരവധി വീടുകൾ ശുചീകരിച്ചു നൽകി. കുട്ടനാട്ടെ വെള്ളപ്പൊക്കത്തിൽപെട്ട കുടുംബങ്ങളിലെ കൊച്ചുകുട്ടികൾക്ക് അതിജീവനത്തിന്റെ ആശ്വാസമേകാൻ വിവിധ തരം പാവകൾ ഇവർ ശേഖരിച്ചു. അടുത്ത ദിവസം പാവകൾ കുട്ടികൾക്കു സമ്മാനിക്കും
പ്രധാന വാർത്തകൾ
Top