19 November Monday

പ്രളയബാധിതരെ സഹായിക്കാൻ സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര 3ന്

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

കൊല്ലം

പ്രളയബാധിതരെ സഹായിക്കാൻ   മൂന്നിന് ജില്ലയിലെ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തുമെന്ന് ക്വയിലോൺ ഡിസ്ട്രിക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അന്നേ ദിവസം ടിക്കറ്റിനു പകരം ബക്കറ്റുമായി  കണ്ടക്ടർമാർ യാത്രക്കാരുടെ മുന്നിലെത്തും. ടിക്കറ്റ് ചാർജിനു പകരം പ്രളയ ദുരിതാശ്വാസമായി ഇഷ്ടമുള്ള തുക യാത്രക്കാർക്കു  നൽകാം. ദി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ നടക്കുന്ന കാരുണ്യയാത്രയുടെ ഭാഗമായാണ് ജില്ലയിലും സംഘടിപ്പിക്കുന്നത്. ഇത്തരത്തിൽ സംസ്ഥാന തലത്തിൽ മൂന്നുകോടി രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകും. ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ കലക്ടർ എസ് കാർത്തികേയൻ യാത്ര ഫ്ളാഗ് ഓഫ് ചെയ്യും.  കാരുണ്യയാത്ര വിജയിച്ച് പരമാവധി തുക ദുരിതാശ്വാസ നിധിയിൽ എത്തിക്കാൻ എല്ലാവരും ഈ ദിവസം സ്വകാര്യ ബസുകളിൽ യാത്ര ചെയ്യണമെന്ന് അസോസിയേഷൻ ഭാരവാഹികൾ അഭ്യർഥിച്ചു. 
ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ലോറൻസ് ബാബു, ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം ഡി രവി, വൈസ് പ്രസിഡന്റുമാരായ കെ എ ജലീൽ, പി സുന്ദരേശൻ, ജോയിന്റ് സെക്രട്ടറിമാരായ വി ശശിധരൻപിള്ള, എസ് ശ്രീകുമാർ, ട്രഷറർ എൻ പ്രസാദ്, ബി ബാലചന്ദ്രൻപിള്ള എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top