25 September Tuesday
ഇതുവരെയുള്ള ചികിത്സയ‌്ക്ക‌് ഏകദേശം 19 ലക്ഷത്തോളം രൂപ ചെലവായി

മനസ്സിന്റെ താളംതെറ്റി അജികുമാർ; പ്രതീക്ഷ വറ്റാതെ കുടുംബം

വെബ് ഡെസ്‌ക്‌Updated: Sunday Jul 1, 2018
പാറശാല 
മനോരോഗിയായ മകനെ ചികിത്സിക്കാൻ സാമ്പത്തികമില്ലാതെ നിർധന കുടുംബം വലയുന്നു. ആറയൂർ വട്ടംകുളങ്ങര വീട്ടിൽ അശോക് കുമാറിന്റെ മകൻ അജികുമാറാണ് (17) ചികിത്സാസഹായം തേടുന്നത്.  കൂലിപ്പണിക്കാരനും ഡ്രൈവറുമായ അശോക‌്‌കുമാറിന് ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ബിപിഎൽ കാർഡിലുൾപ്പെട്ട കുടുംബത്തിന്റെ ഏക വരുമാനമാർഗം. 
മകന്റെ ചികിത്സാചെലവ‌് താങ്ങാവുന്നതിനപ്പുറമായപ്പോൾ ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം ദുരിതത്തിലായി. അജികുമാർ ജനിച്ച് മൂന്നുമാസം കഴിഞ്ഞപ്പോൾ ചെവിയിലൂടെ നീര് വരുകയും തുടർന്ന് കേൾവിയും സംസാരശേഷിയും നഷ്ടപ്പെട്ട് മനോരോഗിയായി തീരുകയുമായിരുന്നു. അന്നുമുതൽ വിവിധ ആശുപത്രികളിലായി ചികിത്സ തുടർന്നുവരുകയാണ്. മകനെ പരിപാലിക്കാൻ കൂടെ നിൽക്കേണ്ടതിനാൽ അശോക‌്കുമാറിന് ജോലിക്ക് പോകാനും സാധിക്കുന്നില്ല. 
ഇതുവരെയുള്ള ചികിത്സയ‌്ക്ക‌് ഏകദേശം 19 ലക്ഷത്തോളം രൂപ ചെലവായി. ബന്ധുക്കളുടെ സഹായത്താലും വീടും 15 സെന്റ് വസ്തുവും ആറയൂർ സർവീസ് സഹകരണ ബാങ്കിൽ പണയപ്പെടുത്തിയുമാണ് ഇതുവരെയുള്ള ചികിത്സയ‌്ക്ക് പണം കണ്ടെത്തിയത്. ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടയ‌്ക്കാൻ കഴിയാത്തതിനാൽ ഇപ്പോൾ ബാങ്കിൽനിന്ന‌് ജപ്തി നോട്ടീസും വന്നിരിക്കുകയാണ്. ഇതോടെ കിടപ്പാടംപോലും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ്. 
തമിഴ്നാട്ടിലെ വെല്ലൂരിലെ ആശുപത്രിയിൽ കൊണ്ടുപോയാൽ നല്ല ചികിത്സ ലഭിക്കുമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിന് നല്ലൊരു തുക ചികിത്സയ‌്ക്കായി വേണ്ടിവരും. സുമനസ്സുകളുടെ കാരുണ്യത്താൽമാത്രമേ ഈ തുക കണ്ടെത്താൻ സാധിക്കുകയുള്ളൂ. ചികിത്സാസഹായവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ, മുഖ്യമന്ത്രി, മനുഷ്യാവകാശ കമീഷൻ, സാമൂഹ്യനീതി വകുപ്പ് മന്ത്രി എന്നിവർക്ക് അപേക്ഷ 
നൽകിയിട്ടുണ്ട്.  
താൽപ്പര്യമുള്ളവർക്ക‌് പാറശാല എസ്ബിഐയിലെ 67321321604 എന്ന അക്കൗണ്ട് നമ്പരിൽ ചികിത്സാസഹായമെത്തിക്കാം. ഐഎഫ്എ‌സ‌്സി കോഡ് ടആകച0010694. ഫോൺ നമ്പർ: 9446190216.
പ്രധാന വാർത്തകൾ
Top