26 September Wednesday

കൈത്തറി മേഖലയിൽ സഹായമെത്തണം: അരക്കൻ ബാലൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018


പറവൂർ 
വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞ കൈത്തറി മേഖലയുടെ പുനരുദ്ധാരണത്തിന് കേന്ദ്ര  ‐ സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ പറഞ്ഞു. കൈത്തറി തൊഴിലെടുക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി അരി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രളയത്തിൽ നശിച്ച ജില്ലാ യാൺ ബാങ്ക്,  ചേന്ദമംഗലം കൈത്തറി നെയ്ത്ത് സഹകരണ സംഘം എച്ച് 47, കരിമ്പാടം കൈത്തറി നെയ്ത്ത് സഹകരണ സംഘം എച്ച് 91 വിതരണ ഡിപ്പോകളും ഗോഡൗണുകളും ചെയർമാൻ സന്ദർശിച്ചു. 11 ലക്ഷം രൂപയുടെ യൂണിഫോം തുണിത്തരങ്ങളാണ് എച്ച് 47 ഗോഡൗണിൽ വെള്ളം കയറി നശിച്ചത്. കോടികളുടെ നഷ്ടമാണ് കൈത്തറി മേഖലയ‌്ക്കുണ്ടായിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. തറികൾക്കു കേടുപാടുകൾ സംഭവിച്ചിട്ടുള്ളതിനാൽ തൊഴിൽ പുനരാരംഭിക്കാൻ ഇനിയും ദിവസങ്ങളേറെയെടുക്കും.

കേരള സ്റ്റേറ്റ് കൈത്തറി തൊഴിലാളി കൗൺസിൽ (സിഐടിയു) സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ മനോഹരൻ, സിപിഐ എം ഏരിയ സെക്രട്ടറി ടി ആർ ബോസ്, തൊഴിലാളി യൂണിയൻ നേതാക്കളായ കെ പി സദാനന്ദൻ, ടി എസ് ബേബി, ടി എസ് രാജൻ, എ ഇ ദാസൻ, യാൺ ബാങ്ക് സെക്രട്ടറി  പി എം സുരേഷ് ബാബു, പി എ സോജൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. അഞ്ഞൂറോളം തൊഴിലാളികൾക്ക്  4400 രൂപ വീതം പെൻഷൻ ചെയർമാൻ  വിതരണം ചെയ്തു.


പ്രധാന വാർത്തകൾ
Top