18 September Tuesday

കെഎസ്ആർടിസിയിൽ വരുമാനവർധന

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018


തിരുവനന്തപുരം
തുടർച്ചയായ അവധികൾക്കുശേഷമുള്ള പ്രവൃത്തിദിനമായ 29ന‌് കെഎസ്ആർടിസിക്ക‌് റെക്കോഡ‌് വരുമാനം. 7,33,56,269 രൂപയാണ‌് ബുധനാഴ‌്ചത്തെ കലക‌്ഷൻ. 2017ൽ ഓണാവധിക്കുശേഷമുള്ള ആദ്യ പ്രവൃത്തിദിനങ്ങളിൽ ശരാശരി ആറരക്കോടി രൂപയാണ‌് വരുമാനം ലഭിച്ചത‌്. ജീവനക്കാരുടെ ആത്മസമർപ്പണവും സർവീസുകളുടെ ചിട്ടയോടെയുള്ള ക്രമീകരണവുമാണ‌് കലക‌്ഷൻ വർധിച്ചതിന‌ുപിന്നിലെന്ന‌് അധികൃതർ അറിയിച്ചു.
ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക‌് നിരവധി കെഎസ‌്ആർടിസി ബസുകൾ വിട്ടുനൽകിയിരുന്നു. ശേഷിക്കുന്ന ബസുകൾ യാത്രക്കാരുടെ തിരക്കിന‌നുസരിച്ച‌് പുനഃക്രമീകരിക്കുകയായിരുന്നു.

ഓണക്കാലത്ത് മുൻകാലങ്ങളെ അപേക്ഷിച്ച് പ്രതികൂലമായ സാഹചര്യമായിരുന്നിട്ടും യാത്രക്കാർക്ക് ബുദ്ധിമുട്ട‌ുണ്ടാക്കാതെ  ഇന്റർസ്റ്റേറ്റ് സർവീസുകളടക്കം ഓൺലൈൻ റിസർവേഷൻ സൗകര്യത്തോടെ ലഭ്യമാക്കാനായതുകൊണ്ടാണ‌് ഈ നേട്ടം  കൈവരിക്കാനായതെന്ന‌് കെഎസ‌്ആർടിസി സിഎംഡി ടോമിൻ ജെ തച്ചങ്കരി അറിയിച്ചു.  ഓണക്കാലത്ത് കടുത്ത സാമ്പത്തികപ്രതിസന്ധിയിലായിരുന്ന കെഎസ്ആർടിസി  40 ശതമാനത്തോളം ട്രിപ്പുകൾ ആവശ്യമായ ക്രമീകരണം നടത്തി വെട്ടിക്കുറച്ചിരുന്നു. ഡീസൽക്ഷാമവും രൂക്ഷമായിരുന്നു. പ്രളയത്തെതുടർന്ന‌് യാത്രക്കാരുടെ കുറവ് കലക‌്ഷനെ സാരമായി ബാധിച്ചിരുന്നു. നിരവധി ഡിപ്പോകൾ വെള്ളത്തിലായെങ്കിലും അതെല്ലാം വേഗത്തിൽ പ്രവർത്തനസജ്ജമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top