Top
19
Monday, February 2018
About UsE-Paper

8 മാസം; ധനകമ്മി 6 ലക്ഷം കോടി കവിഞ്ഞു

Saturday Dec 30, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മി ലക്ഷ്യങ്ങളെയെല്ലാം തകിടംമറിച്ചുകൊണ്ട് നടപ്പു സാമ്പത്തിക വര്‍ഷം ചെലവും വരുമാനവുമായുള്ള അന്തരം കുതിച്ചുയരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ എട്ടുമാസ കാലയളവ് കൊണ്ടുതന്നെ ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നതിന്റെ 112 ശതമാനത്തിലേക്ക് ധനക്കമ്മി എത്തി. സാമ്പത്തിക മാന്ദ്യം ആഗോളതലത്തില്‍ രൂക്ഷമായ 2008ന് ശേഷം ആദ്യമായാണ് എട്ടുമാസ കാലയളവിനുള്ളില്‍തന്നെ ധനക്കമ്മി ലക്ഷ്യമിട്ടതിനും അപ്പുറം പോകുന്നത്.

സര്‍ക്കാരിന്റെ ചെലവും വരുമാനവും തമ്മിലുള്ള അന്തരമായ ധനക്കമ്മി 3.2 ശതമാനത്തിലേക്ക് (5.46 ലക്ഷം കോടി രൂപ) ചുരുക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍, 2017 ഏപ്രില്‍- നവംബര്‍ കാലയളവില്‍തന്നെ ധനക്കമ്മി 6.12 ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്ന് കംപ്ട്രോളര്‍ ജനറല്‍ ഓഫ് അക്കൌണ്ട്സ് പുറത്തുവിട്ട കണക്കില്‍ പറയുന്നു. ജിഎസ്ടി വരുമാനത്തിലുണ്ടായ കുറവും സര്‍ക്കാരിന്റെ ചെലവുകളില്‍വന്ന വര്‍ധനവുമാണ് ധനക്കമ്മി പാളാന്‍ ഇടയാക്കിയത്. സാമ്പത്തിക മാന്ദ്യത്തിന്റെ ഘട്ടത്തില്‍ 2008-09 കാലയളവിലെ ആദ്യ എട്ടുമാസത്തില്‍ ധനക്കമ്മി ബജറ്റ് ലക്ഷ്യത്തിന്റെ 132.4 ശതമാനത്തിലേക്ക് ഉയര്‍ന്നു.

എന്നാല്‍ അതിനുശേഷം പിന്നീടൊരിക്കലും ആദ്യ എട്ടുമാസ കാലയളവില്‍ ധനക്കമ്മി ലക്ഷ്യമിട്ടതിന്റെ അപ്പുറം കടന്നിട്ടില്ല.
വിപണിയില്‍നിന്ന് അമ്പതിനായിരം രൂപ കൂടി കടമെടുക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ധനക്കമ്മി ലക്ഷ്യങ്ങള്‍ ആദ്യ എട്ടുമാസ കാലയളവില്‍തന്നെ പാളിയതിന്റെ കണക്ക് പുറത്തുവരുന്നത്. 2016-17 കാലയളവില്‍ 3.54 ശതമാനമായിരുന്നു രാജ്യത്തിന്റെ ധനക്കമ്മി. വരുമാനത്തിലെ ഇടിവും കൂടുതല്‍ കടമെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും കൂടിയായതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ധനക്കമ്മി ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍.

Related News

കൂടുതൽ വാർത്തകൾ »