Top
18
Monday, December 2017
About UsE-Paper

നീലക്കുറിഞ്ഞി ഉദ്യാനം : അന്തിമവിജ്ഞാപനത്തിന് നടപടികള്‍ ഏറെ

Thursday Nov 30, 2017
കെ ടി രാജീവ്

മൂന്നാര്‍ > നിര്‍ദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനമേഖലയില്‍ ജനവാസവും വികസന പ്രവര്‍ത്തനവുമുണ്ടെന്ന് വനംവകുപ്പ് രേഖ. നീലക്കുറിഞ്ഞി ഉദ്യാനമായി പ്രാഥമിക വിജ്ഞാപനം ചെയ്ത 58-ാം ബ്ളോക്കില്‍ 118 വീടുകളും നിരവധി കൃഷിയിടങ്ങളും മറ്റ് വികസന പ്രവര്‍ത്തനങ്ങളും ഉള്ളതായാണ് വനംവകുപ്പ് റിപ്പോര്‍ട്ട്. 2006 ലാണ് 3200 ഹെക്ടര്‍ (8000 ഏക്കറോളം) സ്ഥലം നീലക്കുറിഞ്ഞി ഉദ്യാനമായി പ്രാഥമിക വിജ്ഞാപനം ചെയ്തത്.

മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മിയാണ്  ഇതുസബന്ധിച്ച റിപ്പോര്‍ട്ട് ആഗസ്തില്‍ കലക്ടര്‍ ജി ആര്‍ ഗോകുലിന് നല്‍കിയത്. സര്‍വെയും നിയമനടപടികളും അടക്കം മാസങ്ങള്‍ നീളുന്ന പ്രകിയ പൂര്‍ത്തിയായാലേ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാനാകൂ. ഇപ്പോള്‍ നടന്നത് പ്രാഥമിക വിജ്ഞാപനം മാത്രമാണെന്നിരിക്കെ ഇതുമറച്ചുവച്ചാണ് നീലക്കുറിഞ്ഞി ഉദ്യാനം യഥാര്‍ഥ്യമായെന്ന പ്രചാരണം ചില കേന്ദ്രങ്ങള്‍ നടത്തുന്നത്.

വട്ടവട പഞ്ചായത്ത് ഉള്‍പ്പെടുന്ന ബ്ളോക്ക് 58 വില്ലേജിലെയും 62 വില്ലേജിലെയും ഭൂമിയും അതിരും സംബന്ധിച്ച് അവ്യക്തതയുണ്ട്്. രണ്ട് ബ്ളോക്കുകളിലുമായി 10,000ത്തിനടുത്ത് ജനസംഖ്യയുണ്ട്. ആകെ 7500 ഏക്കറാണെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. വനംവകുപ്പ് ജണ്ടയും ഫയര്‍ലൈനും തിരിച്ചുള്ള ആകെ 3411 ഏക്കറാണ്. രണ്ട് ബ്ളോക്കുകളിലുമായി പട്ടയഭൂമി 2490 ഏക്കര്‍ വരും. പാരമ്പര്യമായി കൈവശത്തിലുള്ളത് 1599 ഏക്കറുണ്ടെന്ന് പഞ്ചായത്ത് രേഖകള്‍.

വട്ടവട നിവാസികള്‍ക്ക് 1427 തണ്ടപ്പേരുകളിലായാണ് പട്ടയമുള്ളത്. രാജഭരണകാലത്തുള്ള ചെമ്പുപട്ടയങ്ങളും അതിന് ശേഷമുള്ള ലാന്‍ഡ് അസൈന്‍മെന്‍് പട്ടയവുമുണ്ട്. സമഗ്രമായ റീസര്‍വെയും തെളിവെടുപ്പും പൂര്‍ത്തിയായാലേ നടപടി ക്രമങ്ങള്‍ അവസാനിക്കൂ.  ഇതുമായി ബന്ധപ്പെട്ട് 452 പേര്‍ പരാതി നല്‍കിയിട്ടുണ്ട്.
പരാതികളിന്‍മേല്‍ കൂടിക്കാഴ്ച നടത്തി അവകാശ വിചാരണയോ, അന്വേഷണ വിചാരണയോ നടന്നിട്ടില്ല. ഏറ്റെടുക്കുന്ന ഭൂമിയുടെ അതിരുകള്‍, പട്ടണങ്ങള്‍, വനവിസ്തൃതി, പഞ്ചായത്ത്, അനന്തര ഫലങ്ങള്‍ എന്നിവയെക്കുറിച്ച് വനം സെറ്റില്‍മെന്റ് ഉദ്യോഗസ്ഥര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്ത് നടപടി പൂര്‍ത്തിയാക്കണം. താമസക്കാര്‍ക്കുള്ള ആക്ഷേപം പരിഹരിക്കാന്‍ സാഹചര്യവും നിയമ വ്യവസ്ഥയുമുണ്ട്.

വിചാരണയ്ക്ക് ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാം. അന്വേഷണ വിചാരണ അവസാനിച്ച ശേഷം വസ്തുതകള്‍ വച്ച് വീണ്ടും ഗസറ്റില്‍ പരസ്യപ്പെടുത്തണം. ഇതിനും പരാതി കേള്‍ക്കാന്‍ സമയമുണ്ട്. പരിഹാരമുണ്ടായില്ലെങ്കില്‍ ജില്ലാ കോടതിയെയും തുടര്‍ന്ന് ഹൈക്കോടതിയെയും സമീപിക്കാം. ഇത്തരം അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടും സര്‍ക്കാരിന് സമര്‍പ്പിക്കണം. ഈ നടപടികള്‍ പൂര്‍ത്തിയായാലേ അന്തിമ വിജ്ഞാപനം നിലവില്‍വരൂ.