22 October Monday

പ്രളയബാധിതമേഖല : ചെറുകിട വ്യാപാരികളുടെ വായ‌്പയ്‌ക്ക‌് മൊറട്ടോറിയം

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018


സ്വന്തം ലേഖകൻ
സംസ്ഥാനത്തെ പ്രളയബാധിത മേഖലയിലെ  ചെറുകിട വ്യാപാരികളുടെയും സൂക്ഷ‌്മ, ചെറുകിട സംരംഭകരുടെയും വായ‌്പകൾക്ക‌് ഒരുവർഷത്തെ മൊറട്ടോറിയം അനുവദിക്കാൻ സംസ്ഥാനതല ബാങ്കേഴ‌്സ‌് സമിതി യോഗത്തിൽ തീരുമാനമായി. കാർഷികവായ‌്പയ‌്ക്ക‌് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചതിനുപിന്നാലെയാണ‌് തീരുമാനമെന്ന‌് യോഗത്തിൽ പങ്കെടുത്ത ധനമന്ത്രി തോമസ‌് ഐസക‌് പറഞ്ഞു. വായ‌്പകൾ പുനഃക്രമീകരിക്കും. തിരിച്ചടവ‌് കഴിയാത്ത വായ‌്പകളിൽ എന്ത‌ുചെയ്യാനാകുമെന്ന‌് പരിശോധിക്കുമെന്ന‌് ആർബിഐ പ്രതിനിധികൾ അറിയിച്ചതായും ഐസക‌് അറിയിച്ചു. ഹ്രസ്വകാല വായ‌്പകൾ ദീർഘകാല വായ‌്പയാക്കാനുള്ള നടപടി സ്വീകരിക്കും. പുതിയ വായ‌്പകൾ അനുവദിക്കുന്നതിന‌് അനുഭാവപൂർവ നടപടി സ്വീകരിക്കും. ചെറുകിട, ഇടത്തരം സംരംഭകർക്ക‌് വായ‌്പയ‌്ക്ക‌് സർക്കാർ ബാങ്ക‌് ഗ്യാരന്റി ഉറപ്പാക്കുന്നത‌് ആലോചിക്കും.

നബാർഡിന്റെ പുനർ വായ‌്പകളിൽ നാലുശതമാനം പലിശയായി കുറയ‌്ക്കണമെന്ന‌് ആവശ്യപ്പെട്ടിട്ടുണ്ട‌്. ഇക്കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കും. നിലവിൽ 6.5 ശതമാനം പലിശ ഈടാക്കുന്നുണ്ട‌്. 4500 കോടി രൂപവരെ സംസ്ഥാനത്തിന‌് വായ‌്പ നൽകാൻ നബാർഡ‌് തയ്യാറാണ‌്. എന്നാൽ, കേരളത്തിന്റെ വായ‌്പാപരിധി ഉയർത്തിയാൽ മാത്രമെ ഇത‌് ലഭ്യമാകൂ. ഇതിനായി കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട‌്.
ബാങ്കുകളിൽനിന്നുള്ള വായ‌്പകളിൽ മൊറട്ടോറിയം പ്രഖ്യാപിച്ചതിനുപുറമെ പുതിയ വായ‌്പകളിലും ഉദാരസമീപനം വേണമെന്നാണ‌് സംസ്ഥാനം ആവശ്യപ്പെടുന്നത‌്. വായ‌്പാപരിധി ഉയർത്തണം. ചരക്ക‌ു സേവന നികുതിയുടെ സംസ്ഥാന നികുതിയിൽ സെസ‌് ഉൾപ്പെടുത്താനുള്ള അധികാരം ലഭ്യമാക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

കേരളം പുതിയ നിവേദനം നൽകുന്നതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സംഘം സന്ദർശനം നടത്തുമെന്ന‌് കേന്ദ്ര സാമ്പത്തികകാര്യ സഹമന്ത്രി പൊൻ രാധാകൃഷ‌്ണൻ പറഞ്ഞു. കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരം ആലോചിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനതല ബാങ്കേഴ‌്സ‌് സമിതിയുടെയും ഇൻഷുറൻസ‌് കമ്പനി അധികാരികളുടെയും യോഗത്തിനുശേഷമാണ‌് ഇക്കാര്യം അറിയിച്ചത‌്. ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന‌് 565.52 കോടി രൂപയാണ‌് സംസ്ഥാനത്തിന‌് കൈമാറിയിട്ടുള്ളതെന്ന‌് പൊൻ രാധാകൃഷ‌്ണൻ വ്യക്തമാക്കി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top