22 October Monday

നൂതനാശയങ്ങളുടെ ഏകാന്തദീപ്തി

എം എ ബേബിUpdated: Friday Dec 29, 2017


നൂതനാശയങ്ങളുടെ ഏകാന്തദീപ്തി പ്രസരിപ്പിച്ച വ്യക്തിത്വമായിരുന്നു ജോസഫ് പുലിക്കുന്നേല്‍. യേശു സ്നേഹത്തോടും പ്രതീക്ഷയോടും അദ്ദേഹത്തെ നെഞ്ചോടടുപ്പിക്കുന്നതായി സങ്കല്‍പിക്കാം. കാമില്ലോ തോറ, പൌലോസ് മാര്‍ പൌലോസ്, ഒസ്താത്തിയോസ് തിരുമേനി തുടങ്ങിയ പ്രകാശപൂര്‍ണമായ മുഖങ്ങള്‍ പുലിക്കുന്നേലിന്റെ സ്മരണയുണര്‍ത്തുന്നു. നീതിക്കായുള്ള സമരം ഏറ്റവും സംഘടിതമാകണം. അത് ചിലപ്പോള്‍ ഒറ്റയ്ക്കും വേണ്ടിവരും. അതിന്റെ ഉദാഹരണമാണ് പുലിക്കുന്നേലിന്റെ 'ഓശാന' മാസിക. പരസ്യവരുമാനമില്ലാതെ, സ്വന്തം പണം ചെലവിട്ട് സ്ഫോടനാത്മകമായ ആശയങ്ങള്‍വഴി സമൂഹത്തെ ചൂടുപിടിപ്പിച്ചു അത്. ക്രിസ്തുവിന്റെ വിമോചനാശയങ്ങളില്‍നിന്ന് സഭകള്‍ അകലുന്നുവെന്ന വിമര്‍ശം അദ്ദേഹം ഉന്നയിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നോട്ടുവയ്ക്കുന്ന പല ആശയങ്ങളും പുലിക്കുന്നേല്‍ മുമ്പേ പറഞ്ഞിരുന്നു.അഭിമുഖത്തില്‍ അദ്ദേഹത്തോടുള്ള ഒരു ചോദ്യം ഫ്രാന്‍സിസ് പാപ്പക്ക് സഭയെ നന്നാക്കാനാവുമോ എന്നായിരുന്നു. മറുപടി ഇങ്ങനെ: "നന്നായി ശ്രമിക്കുന്നു, അതിനുള്ള ആയുസ്സ് അദ്ദേഹത്തിനുണ്ടാകുമോ? വിഷംകൊടുത്തു കൊന്ന സംഭവങ്ങളുമുണ്ടല്ലോ?''

പുലിക്കുന്നേലിന്റെ ഇടപെടല്‍ ഓര്‍ക്കുമ്പോള്‍ നാല് കാര്യം പ്രധാനമാണ്. ഒന്നാമതായി അധിക്ഷേപങ്ങള്‍ അവഗണിച്ചും നഷ്ടം സഹിച്ചും സാമൂഹികവും ആത്മീയവുമായ ഉണര്‍വിനു ഉത്തേജനം നല്‍കിയ 'ഓശാന'യുടെ ദീര്‍ഘകാല പത്രാധിപരെന്ന നിലയിലെ സേവനം. ഓശാന ബൈബിളിന്റെ പ്രസാധനമാണ് മറ്റൊന്ന്. ചര്‍ച്ച് ആക്ടിന്റെ കരട്രൂപം തയ്യാറാക്കിയത് വിലപ്പെട്ട മറ്റൊരു സംഭാവന. ജ. കൃഷ്ണയ്യര്‍, ജ. കെ ടി തോമസ് തുടങ്ങിയവരുടെ നിര്‍ദേശം സ്വീകരിച്ചാണ് സഭയിലെ ആധിപത്യങ്ങളെ വിശ്വാസികളുടെ ജനാധിപത്യംകൊണ്ട് അഭിസംബോധന ചെയ്യാനും പൊളിച്ചെഴുതാനും മുന്‍കൈയെടുത്തത്.  പൂര്‍ണഫലം കണ്ടില്ലെങ്കിലും ആ അസാധാരണ ഇടപെടലിനെ തള്ളാനാവില്ല. മാറ്റത്തിനായുള്ള പ്രായോഗിക ഇടപെടലുകളാണ് നാലാമത്തേത്. ഭാര്യയുടെ മൃതദേഹം സംസ്കരിക്കുന്നതിനു പകരം ദഹിപ്പിച്ചു. തന്റെ ശരീരവും ദഹിപ്പിച്ചാല്‍ മതിയെന്ന് വ്യവസ്ഥചെയ്തു.

ക്രിസ്മസ് മാസത്തില്‍ പുലിക്കുന്നേല്‍ വിടപറഞ്ഞത് യാദൃച്ഛികമെങ്കിലും അര്‍ത്ഥവത്താണ്. ഹൃദയംകൊണ്ട് അദ്ദേഹം വളരെ അടുത്തുനിന്ന ഫ്രാന്‍സിസ് പാപ്പ നല്‍കിയ ക്രിസ്മസ് സന്ദേശം ഇങ്ങനെ: 'ക്രിസ്മസ് നീയാണ്, ഓരോ ദിനവും വീണ്ടും ജനിക്കാന്‍ നീ തീരുമാനിക്കുമ്പോള്‍. ക്രിസ്മസ് മരം നീയാണ്, ജീവിതത്തിലെ കൊടുങ്കാറ്റ് ചെറുക്കുമ്പോള്‍. ക്രിസ്മസ്് അലങ്കാരം നീയാണ്, സ്വന്തം നന്മ നിന്റെ ജീവിതത്തെ വര്‍ണാഭമാക്കുമ്പോള്‍. ക്രിസ്മസ്മണിമുഴക്കം നീയാണ്, സര്‍വരെയും വിളിച്ചുകൂട്ടി നീ ഒന്നിപ്പിക്കുമ്പോള്‍ ക്രിസ്മസ്് വിളക്ക് നീയാണ്. നിന്റെ അനുകമ്പയും ക്ഷമയും ഔദാര്യവുംകൊണ്ട് മറ്റുള്ളവരുടെ ജീവിതത്തെ നീ പ്രകാശഭരിതമാക്കുമ്പോള്‍. ക്രിസ്മസ്് മാലാഖ നീയാണ്, സമാധാനത്തിന്റെയും നീതിയുടെയും സ്നേഹത്തിന്റെയും സന്ദേശം ലോകത്തിനായി നീ പാടുമ്പോള്‍. ക്രിസ്മസ്് സമ്മാനം നീയാണ്, ഓരോ മനുഷ്യനും നീ ആത്മമിത്രവും സഹോദരനുമാകുമ്പോള്‍. ക്രിസ്മസ് കാര്‍ഡ് നീയാണ്, കരുണ നിന്റെ കരങ്ങളില്‍ എഴുതിച്ചേര്‍ക്കപ്പെടുമ്പോള്‍. ക്രിസ്മസ്് ആശംസ നീയാണ്, സഹിക്കുമ്പോഴും നീ ക്ഷമിക്കുകയും സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യുമ്പോള്‍. ക്രിസ്മസ്് വിരുന്ന് നീയാണ്, നിന്റെ ചാരെയുള്ള പാവപ്പെട്ടവര്‍ക്ക് ആഹാരം കൊടുക്കുമ്പോള്‍ ക്രിസ്മസ്് രാത്രിയും നീയാണ്, ആ നിശ്ശബ്ദതയില്‍ ശബ്ദഘോഷമില്ലാതെ രക്ഷകനെ സ്വീകരിക്കുമ്പോള്‍ നിനക്കുള്ളില്‍ ദൈവരാജ്യം സ്ഥാപിക്കുന്ന നിത്യമായ ക്രിസ്മസിന്റെ ആന്തരിക സമാധാനത്തില്‍, നീ ആര്‍ദ്രതയുടെയും വിശ്വാസത്തിന്റെയും പുഞ്ചിരിയാണ്, നീ ക്രിസ്മസാണ്. ക്രിസ്മസ്് സമാനരായ എല്ലാവര്‍ക്കും ആശംസകള്‍.'' സമത്വപൂര്‍ണ സമൂഹം സ്വപ്നം കാണുകയും അതിനായി പൊരുതുകയും ചെയ്യുന്നവര്‍, വ്യത്യസ്ത മതവിശ്വാസികളായിരിക്കുമ്പോഴും മാറ്റത്തിന് ശ്രമിക്കുന്നവര്‍ എല്ലാം തമ്മില്‍ സഹകരണം വളര്‍ത്തേണ്ട കാലമാണിത്. അഭിപ്രായ വ്യത്യാസം മാറ്റി മനുഷ്യനന്മയ്ക്കായുള്ള കൈകോര്‍ക്കല്‍. ഇക്കാര്യത്തില്‍ അഗാധതാല്‍പര്യമുണ്ടായ പുലിക്കുന്നേലിന്റെ വിയോഗം  വലിയ നഷ്ടമാണ്.

പ്രധാന വാർത്തകൾ
Top