22 October Monday

രക്തദാഹം അടങ്ങാതെ ആര്‍എസ്എസ്

വെബ് ഡെസ്‌ക്‌Updated: Friday Dec 29, 2017


തലശേരി > നിരപരാധികളുടെ ചോരവീഴ്ത്തി ആര്‍എസ്എസ്  ആവര്‍ത്തിക്കുന്ന അക്രമപരമ്പര നാടിന്റെ സമാധാനം കെടുത്തുന്നു. പാനൂരില്‍ പാല്‍സൊസൈറ്റി ജീവനക്കാരനായ സിപിഐ എം പ്രവര്‍ത്തകന്‍ കൈവേലിക്കലിലെ കാട്ടീന്റവിട ചന്ദ്രനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിലൂടെ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് ആര്‍എസ്എസ്. മട്ടന്നൂര്‍ അയ്യല്ലൂരില്‍ ഇരിട്ടി ഗവ. ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ടി സുധീറിനെയും സിപിഐ എം പ്രവര്‍ത്തകന്‍ കെ ശ്രീജിത്തിനെയും കൊല്ലാക്കൊല ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്.

മൊകേരി ക്ഷീരോല്‍പാദക സൊസൈറ്റിയിലെ പാല്‍വിതരണക്കാരനായ ചന്ദ്രന്‍ സ്ഥിരമായി പോകുന്നവഴിയില്‍ കാത്തിരുന്നാണ് ആര്‍എസ്എസ് സംഘം വെട്ടിയത്. ഇരുകാലുകളും വെട്ടിമാറ്റി കൊലപ്പെടുത്താനായിരുന്നു ശ്രമം. കാലുകള്‍ അറ്റുതൂങ്ങിറോഡരികില്‍ വീണ ചന്ദ്രനെ പൊലീസാണ് തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലെത്തിച്ചത്.

ഈ അക്രമവും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തിയ ആസൂത്രണത്തിന്റെ ഭാഗമാണ്. ശനിയാഴ്ച കണ്ണൂരിലെത്തിയ കുമ്മനം അണികള്‍ക്ക് അക്രമത്തിന് പരസ്യആഹ്വാനം തന്നെ നല്‍കിയിരുന്നു. മട്ടന്നൂരില്‍ രഹസ്യയോഗം വിളിച്ചുകൂട്ടി കൃത്യമായ അക്രമ പദ്ധതിക്ക് രൂപം നല്‍കിയാണ് കുമ്മനം മടങ്ങിയതെന്ന വിവരങ്ങളും പുറത്തുവന്നു. അയ്യല്ലൂരില്‍ ജനകീയ ഡോക്ടറടക്കം രണ്ടുപേരെ കൊല്ലാക്കൊല ചെയ്തത് ഈ ഗൂഢാലോചനയെ തുടര്‍ന്നാണ്. മൂന്നു ദിവസത്തിനകം ഒരു പ്രകോപനവുമില്ലാതെ കൂറ്റേരിയിലേക്കും അക്രമം വ്യാപിപ്പിച്ചു. ഇതിനിടെ സിപിഐ എം അക്രമമെന്നു പറഞ്ഞ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കാനും രക്തദാഹികള്‍ക്ക് ഒരു മടിയുമുണ്ടായില്ല.

മട്ടന്നൂരിലെ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് കണ്ണൂരില്‍ കലക്ടറുടെ നേതൃത്വത്തില്‍ ഉഭയകക്ഷി സമാധാനയോഗം ചേര്‍ന്നത്. പതിവുപോലെ സമാധാനത്തെക്കുറിച്ച്് ഉറപ്പുനല്‍കിയ ആര്‍എസ്എസ് തൊട്ടടുത്തനാള്‍ അതിക്രൂരമായ നരവേട്ട നടത്തി.

സിപിഐ എം പുത്തൂര്‍ ലോക്കല്‍കമ്മിറ്റി അംഗം ചെണ്ടയാട് കുനുമ്മലിലെ നൌഷാദ്, പാര്‍ടി അനുഭാവി നൌഫല്‍, പാലക്കൂലിനടുത്ത അഷറഫ്, ഡിവൈഎഫ്ഐ പാനൂര്‍ മേഖലാ പ്രസിഡന്റ് പി വിജേഷ്, കണ്ണംവെള്ളിയിലെ കൊയിലോത്ത് ശ്രീരാഗ്, പാലിലാണ്ടിപീടികയിലെ റിജില്‍ എന്നിവരെല്ലാം ആര്‍എസ്എസ് ക്രൂരതയുടെ ഇരകളാണ്. സിപിഐ എം കൈവേലിക്കലില്‍ നടത്തിയ പ്രകടനത്തെയും ആക്രമിച്ചു. നാലുസ്ത്രീകളടക്കം പതിനൊന്നുപേര്‍ക്കാണ് അന്ന് പരിക്കേറ്റത്. തെക്കേ പാനൂരില്‍ ബുധനാഴ്ച ബൈക്ക് തടഞ്ഞ് കണ്ണംവെള്ളിയിലെ ചന്ദ്രനെ ആക്രമിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എരഞ്ഞോളിലെ ശ്രീജന്‍ബാബുവിനെ ഓട്ടോറിക്ഷയില്‍ ഇരിക്കുമ്പോഴാണ് അതിഭീകരമായി ആക്രമിച്ചത്.

പ്രധാന വാർത്തകൾ
Top