20 July Friday

പുലിക്കുന്നേല്‍ സഭാ നവീകരണത്തിന്റെ പ്രചാരകന്‍: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Dec 29, 2017

തിരുവനന്തപുരം > ക്രിസ്തുസന്ദേശത്തെ അതിന്റെ യഥാര്‍ഥ മൂല്യങ്ങളില്‍ ഉറപ്പിച്ചുനിര്‍ത്തി സമൂഹത്തില്‍ പ്രചരിപ്പിക്കുകയും  സാമുദായിക പരിഷ്കരണത്തിനുവേണ്ടി ആത്മാര്‍ഥമായി ഇടപെടുകയും ചെയ്ത വ്യക്തിയായിരുന്നു ജോസഫ് പുലിക്കുന്നേല്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. സഭാപരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം അനാചാരങ്ങള്‍ക്കെതിരെ വലിയതോതില്‍ പ്രചാരണം നടത്തി. സഭയുടെ പ്രവര്‍ത്തനങ്ങളില്‍ നവീകരണം വേണമെന്ന് ഓശാന മാസികയിലൂടെ നിരന്തരം പ്രചാരണം നടത്തിയ അദ്ദേഹം സമഭാവനയുടെയും മാനവികതയുടെയും മൂല്യങ്ങളെ സഭയില്‍ ഉറപ്പിക്കാന്‍ നിരന്തരം പോരാടി. തന്റെ ആശയങ്ങളും നിലപാടുകളും യുക്തിസഹമായും വിട്ടുവീഴ്ചയില്ലാതെയും പ്രചരിപ്പിച്ചു.

യാഥാസ്ഥിതികതയുടെ സ്വീകാര്യതയ്ക്കുപുറത്തുള്ള വിവാഹങ്ങളുടെയും ശവസംസ്കാരങ്ങളുടെയും കാര്‍മികനായി പുലിക്കുന്നേല്‍ മാറിയത് പലര്‍ക്കും ആശ്വാസമേകിയിരുന്നു. ഭാര്യ കൊച്ചുറാണി മരിച്ചപ്പോള്‍ അവരെ സ്വന്തം മണ്ണില്‍ ചിതയൊരുക്കി ദഹിപ്പിക്കുകയായിരുന്നു.

രാഷ്ട്രീയപ്രവര്‍ത്തകനെന്ന നിലയിലും ശ്രദ്ധേയനായിരുന്നു. കത്തോലിക്കാ സഭയുടെ പരിഷ്കരണങ്ങള്‍ക്കായി എന്നും വാദിച്ച വ്യക്തിയായിരുന്നു. ജോസഫ് പുലിക്കുന്നേലിന്റെ നിര്യാണം കേരളീയസമൂഹത്തിന് തീരാനഷ്ടമാണെന്നും പിണറായി പറഞ്ഞു.

പ്രധാന വാർത്തകൾ
Top