16 November Friday

ഫിഷറീസ് മേഖലയിൽ 548.47 കോടിരൂപയുടെ നഷ്ടം: മന്ത്രി മേഴ്‌സിക്കുട്ടിഅമ്മ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018


തിരുവനന്തപുരം
പേമാരിയും വെള്ളപ്പൊക്കവുംമൂലം ഫിഷറീസ് ഹാർബർ എൻജിനിയറിങ‌് മേഖലകളിൽ പ്രാഥമിക വിലയിരുത്തലിൽ 548.47 കോടിരൂപയുടെ നാശനഷ്ടമുണ്ടായതായി ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കണ്ണൂർ, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ പൂർണമായും നശിച്ച ബോട്ടുകളുടെ വിപണിമൂല്യം 26 കോടിരൂപയാണ്. ഭാഗികമായി നശിച്ചവ നവീകരിക്കുന്നതിനായി 21.5 കോടിരൂപ വേണ്ടിവരും.

34 ലക്ഷംരൂപയുടെ മത്സ്യബന്ധന ഉപകരണങ്ങളും വലകളും പൂർണമായി നശിച്ചിട്ടുണ്ട്. 10 ലക്ഷംരൂപയുടെ വലകളും മത്സ്യബന്ധന ഉപകരണങ്ങളും ഭാഗികമായി നശിച്ചു. മത്സ്യത്തൊഴിലാളികളുടെ ഭവനങ്ങൾ പൂർണമായി നശിച്ചതിൽ 43.27 കോടി രൂപയും ഭാഗികമായി നശിച്ചതിൽ 42.65 കോടി രൂപയുമാണ് നഷ്ടം. വാഹനങ്ങൾ, ഓഫീസ് കെട്ടിടങ്ങൾ, ഫർണിച്ചർ, ഓഫീസ് ഉപകരണങ്ങൾ എന്നിവയ്ക്ക് ഉണ്ടായിട്ടുള്ള നഷ്ടം 10.30 കോടി രൂപയാണ്. അക്വാകൾച്ചർ മേഖലയിൽ 109.72 കോടി രൂപയാണ് നഷ്ടം. കാർപ്പ്, ഗിഫ്റ്റ്, ഓർണമെന്റൽ ഫിഷിങ‌്, കൂട്കൃഷി, ഞണ്ട് ഉൽപ്പാദന കേന്ദ്രങ്ങൾ, കൊഞ്ചുവളർത്തൽ കേന്ദ്രങ്ങൾ, മത്സ്യക്കുഞ്ഞ് ഉൽപ്പാദന യൂണിറ്റുകൾ, സർക്കാർ ഉടമസ്ഥതയിലുള്ള മത്സ്യഫാമുകൾ, ഹാച്ചറീസ് എന്നിവിടങ്ങളിലാണ് നഷ്ടം ഉണ്ടായത്. ഇതുകൂടാതെ മത്സ്യ ഉൽപ്പാദനത്തിനും സംരക്ഷണത്തിനുമുള്ള ഉപകരണങ്ങളും നഷ്ടമായിട്ടുണ്ട്.

പേമാരിയിൽ 669 ബോട്ടുകളും വള്ളങ്ങളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. ഇതിൽ ഏഴ് വള്ളം പൂർണമായും 452 വള്ളം ഭാഗികമായും നശിച്ചു. 2.37 കോടിരൂപയുടെ നഷ്ടം കണക്കാക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരദേശ റോഡുകൾക്ക് വ്യാപകമായ നാശനഷ്ടം ഉണ്ടായി. റോഡുകൾ നന്നാക്കാൻ 208 കോടി രൂപ വേണ്ടിവരും.

സംസ്ഥാനത്തെ 63 ഫിഷിങ‌് ഹാർബറിൽ പേമാരിമൂലം മണ്ണ് അടിഞ്ഞുകൂടിയിട്ടുണ്ട്. ഇത്തരം ഹാർബറുകൾ മത്സ്യത്തൊഴിലാളികൾക്ക് ഉപയോഗിക്കത്തക്ക രീതിയിൽ സൗകര്യം ഒരുക്കുന്നതിന് ഡ്രഡ്ജി‌ങ‌് നടത്തണം. 63 കോടി രൂപയാണ് ഇതിനായി കണക്കാക്കിയിട്ടുള്ളത്. 15 ഹാർബറിൽ നവീകരണപ്രവർത്തനങ്ങൾ നടത്തുന്നതിന് 70 കോടി രൂപയാണ് വേണ്ടത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top