14 November Wednesday

സഭാ ഭൂമി ഇടപാട‌് : 3 ജില്ലകളിൽ ആദായനികുതിവകുപ്പ‌് റെയ‌്‌ഡ‌്

വെബ് ഡെസ്‌ക്‌Updated: Friday Jun 29, 2018

കൊച്ചി > എറണാകുളം ‐  അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാട‌് സംബന്ധിച്ച‌് ആദായ നികുതി വകുപ്പ‌് അന്വേഷണം ആരംഭിച്ചു. ഇടനിലക്കാരുടെയും ഭൂമിയുടെ ഉടമയുടെയും വീടുകളിലും സ്ഥാ‌പനങ്ങളിലുമായി 21 സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ‌് വ്യാഴ‌ാഴ‌്ച റെയ‌്ഡ‌് നടത്തി.  എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലായിരുന്നു പരിശോധന.

ആദ്യഘട്ടത്തിൽ സിറോ മലബാർ സഭാ സ്ഥാപനങ്ങളെയും ഓഫീസുകളെയും ഒഴിവാക്കിയാണ് പരിശോധന.  ഭൂമി വിൽപ്പനയ്ക്ക് നേതൃത്വം നൽകിയ ഇടനിലക്കാരൻ സാജു വർഗീസ് കുന്നേലിന്റെയും സ്ഥലം ഉടമ ഇലഞ്ഞിക്കൽ ജോസ് കുര്യന്റെയും വീട്ടിലും സ്ഥാപനങ്ങളിലുമാണ‌്  പരിശോധന നടന്നത‌്. അതിരൂപതയുടെ ഭൂമി വിൽപ്പനയെക്കുറിച്ചല്ല, അതിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ചാണ‌് അന്വേഷണം നടത്തുന്നതെന്ന‌് ആദായനികുതി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇടപാടുകളിൽ കള്ളപ്പണം കൈമാറിയതായി വിവരം ലഭിച്ചിട്ടുണ്ട‌്. കഴിഞ്ഞ മൂന്ന‌് വർഷത്തിനിടെ അതിരൂപതയുമായി ഭൂമി ഇടപാട‌് നടത്തിയവരെക്കുറിച്ചും അന്വേഷിക്കുമെന്ന‌് ആദായ നികുതി വകുപ്പ‌് ഡയറക‌്ടർ ജനറൽ ബി മുരളി കുമാർ പറഞ്ഞു.  ഭൂമിയിടപാടുമായി ബന്ധപ്പെട്ട‌് അതിരൂപത നടത്തിയ ആഭ്യന്തര അന്വേഷണത്തിലും ആദായ നികുതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. 

അതിരൂപതയ്ക്ക‌് കീഴിലുള്ള തേവരയിലെ 8.5 സെന്റും അംബേദ്കർ സ്റ്റേഡിയത്തിന് സമീപമുള്ള 28.1 സെന്റുമാണ് വിൽക്കാൻ ശ്രമിച്ചത്. കോതമംഗലം സ്വദേശി ജോസ് കുര്യൻ  എട്ട് കോടിക്ക് ഈ രണ്ട് വസ‌്തുവും വാങ്ങാനിരുന്നതാണ്. 2017ൽ വിൽപ്പന കരാറിൽ കർദിനാൾ മാർ ജോർജ‌് ആലഞ്ചേരി ഒപ്പുവച്ചിരുന്നു. അതിരൂപതയുടെ കടം വീട്ടാൻ നഗരത്തിലെ മൂന്ന് ഏക്കർ ഭൂമി വിറ്റപ്പോൾ 27 കോടി രൂപ ലഭിച്ചെന്നാണ് കണക്കുകൾ. എന്നാൽ ഇടപാട് 60 കോടിയിലധികം രൂപയുടേതാണെന്നാണ് ആരോപണം. ഇതിൽ കള്ളപ്പണ ഇടപാട് നടന്നെന്നാണ് വിവരം.

27 കോടി രൂപയ്ക്ക് ഭൂമി ഇടപാട് നടത്തിയെങ്കിലും മുഴുവൻ പണവും സഭയ്ക്ക് കൈമാറാൻ കഴിയാതെ വന്നതോടെ സാജുവിന്റെ ഇടനിലയിൽ ഇലഞ്ഞിക്കൽ ജോസ് കുര്യന്റെ ഉടമസ്ഥതയിലുള്ള കോട്ടപ്പടിയിലെ 25 ഏക്കർ ഭൂമി സഭയ്ക്ക് കൈമാറിയിരുന്നു. ആറ് കോടി അമ്പത് ലക്ഷം രൂപ ഇതിനായി രേഖകളിലൂടെ സഭ വീണ്ടും നൽകി. ഒമ്പത് കോടി 38 ലക്ഷം രൂപ രേഖയില്ലാതെയും നൽകിയെന്ന് സഭാ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ഈ പണമിടപാടാണ് സഭയിലും വൈദികർക്കിടയിലും പൊട്ടിത്തെറിയുണ്ടാക്കിയത്. പാർലമെന്റ‌് തെരഞ്ഞെടുപ്പ‌് മുന്നിൽ കണ്ട‌് സിറോ മലബാർ സഭയെ സമ്മർദത്തിലാക്കാനാണ‌് ഈ റെയ‌്ഡെന്ന‌് സഭാ വൃത്തങ്ങളും പറയുന്നു.

പ്രധാന വാർത്തകൾ
Top