20 October Saturday

കെട്ടിടനിര്‍മാണ അപേക്ഷകള്‍ക്ക് പ്രത്യേക അദാലത്ത്: മന്ത്രി കെ ടി ജലീല്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 25, 2017

വരാപ്പുഴ > തീരപരിപാലന നിയമവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ തീരുമാനമാകാത്ത കെട്ടിടനിര്‍മാണ അപേക്ഷകള്‍ക്കായി പ്രത്യേക അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍. ഗോശ്രീ ദ്വീപ്വികസന അതോറിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ കടമക്കുടി കുടിവെള്ളവിതരണ പദ്ധതിയുടെയും പിഴല പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഇന്‍പേഷ്യന്റ് ബ്ളോക്കിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 2008നുമുമ്പ് നികത്തിയതും ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്തതുമായ സ്ഥലത്ത് സര്‍ക്കാരിന്റെ സഹായത്തോടെയുള്ള പദ്ധതികള്‍വഴി ഭവനനിര്‍മാണം നടത്തുന്നതിന് തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെ അനുമതി മതി. താല്‍ക്കാലികനമ്പര്‍ ലഭിച്ച വീടുകള്‍ക്ക് ഗ്യാസ്, വൈദ്യുതി കണക്ഷനുകള്‍ ലഭിക്കാനുള്ള തടസ്സം നീക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

കൊച്ചിയിലെ ദ്വീപ്സമൂഹങ്ങളുടെ വികസനത്തിന് ഗോശ്രീ ദ്വീപ്വികസന അതോറിറ്റിയുടെ കൈവശമുള്ള 300 കോടിരൂപ  വിനിയോഗിച്ചുവരികയാണ്. കുടിവെള്ളം, അടിസ്ഥാനസൌകര്യവികസനം എന്നീ രംഗങ്ങളില്‍ ദ്വീപുകളില്‍ വലിയ മാറ്റമുണ്ടാക്കാന്‍ അതോറിറ്റിയുടെ പ്രവര്‍ത്തനത്തിന് കഴിയും.

കടമക്കുടി കുടിവെള്ളവിതരണപദ്ധതിക്ക് ഏഴുവര്‍ഷംമുമ്പ് തുടക്കംകുറിച്ചെങ്കിലും ഇപ്പോഴാണ് പൂര്‍ത്തിയായത്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയാല്‍ കോടികളുടെ ലാഭം സര്‍ക്കാരിനുണ്ടാകും. പദ്ധതികള്‍ ഒച്ചിന്റെ വേഗത്തില്‍ പോകുന്നത് വരുമാനചോര്‍ച്ചയ്ക്ക് കാരണമാകും. ഇതൊഴിവാക്കാന്‍ എല്ലാ വകുപ്പുകളും ശ്രമിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

സംസ്ഥാനത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും സാമൂഹ്യാരോഗ്യകേന്ദ്രങ്ങളും വൈകിട്ടുവരെ പ്രവര്‍ത്തിക്കണമെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഇതിനുള്ള അനുമതിയും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. പക്ഷേ, ഡോക്ടര്‍മാരെ കിട്ടാത്ത അവസ്ഥ തുടരുകയാണ്. സാമൂഹ്യപ്രതിബദ്ധതയുള്ള ഡോക്ടര്‍മാരെ കണ്ടെത്തി നിയമിക്കാന്‍ ഭരണസമിതികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി പറഞ്ഞു.

എസ് ശര്‍മ എംഎല്‍എ അധ്യക്ഷനായി. കെ വി തോമസ് എംപി, തദ്ദേശഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ ജോസ്, കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, ഇടപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ ആന്റണി, സബ്കലക്ടര്‍ ഇമ്പശേഖര്‍, കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബു, ജില്ലാ പഞ്ചായത്തംഗം സോന ജയരാജ്, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ കെ പുഷ്കരന്‍, ബ്ളോക്ക് പഞ്ചായത്ത് അംഗം സീന ഫ്രാന്‍സിസ്, പഞ്ചായത്തംഗങ്ങളായ ഇ എക്സ് ബെന്നി, എം എ സുനോപന്‍, അസി. കലക്ടര്‍ ഈശപ്രിയ, വാട്ടര്‍അതോറിറ്റി ചീഫ് എന്‍ജിനിയര്‍ എം വിജയം, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എ നൌഷാദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് ശ്രീദേവി, ഡോ. ഡി എസ് ദിലീപ്കുമാര്‍, ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി ഇ എസ് കുഞ്ഞുമോന്‍, ജിഡ പ്രോജക്ട് ഡയറക്ടര്‍ സി പി പ്രമോദ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 

പ്രധാന വാർത്തകൾ
Top