Top
23
Tuesday, January 2018
About UsE-Paper

വിജിലന്‍സ് കോടതി ഉത്തരവ് : സ്ഥാപിതതാല്‍പ്പര്യക്കാര്‍ക്ക് തിരിച്ചടി: മേഴ്സിക്കുട്ടിഅമ്മ

Monday Dec 25, 2017
വെബ് ഡെസ്‌ക്‌

കൊല്ലം > കശുവണ്ടി ഇടപാടില്‍ മന്ത്രി അഴിമതി നടത്തിയെന്ന ആരോപണം രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന വിജിലന്‍സ് കോടതി ഉത്തരവ് കാഷ്യു കോര്‍പറേഷനെയും കാപ്പെക്സിനെയും തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടിയാണെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മന്ത്രിയും ഭര്‍ത്താവും കശുവണ്ടി ഇടപാടില്‍ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണമാണ് ലോയേഴ്സ് കോണ്‍ഗ്രസ് ഭാരവാഹിയായ അഡ്വ. പി റഹിം മുഖേന സമര്‍പ്പിച്ച പരാതിയില്‍ ഉന്നയിച്ചത്. ഇത് വിധിയിലും കോടതി എടുത്തുപറയുന്നു. അന്വേഷണം നടന്നത് നല്ലതാണ്. യാഥാര്‍ഥ്യം എല്ലാവര്‍ക്കും ബോധ്യമാകാന്‍ അത് സഹായിച്ചു. ത്വരിതാന്വേഷണ റിപ്പോര്‍ട്ടിലും അഴിമിതി ഇല്ലെന്ന് വ്യക്തമാക്കി. തുടര്‍ന്ന് പരാതിയും രേഖകളും വിശദമായി പരിശോധിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയും ഇക്കാര്യം വ്യക്തമാക്കി. സമര്‍പ്പിച്ച രേഖകളെല്ലാം കെട്ടിച്ചമച്ച അഴിമതി ആരോപണത്തിന് വേണ്ടിയുള്ളതാണെന്ന് വിധി വായിക്കുന്ന ആര്‍ക്കും ബോധ്യമാകും. കോര്‍പറേഷന്‍, കാപ്പെക്സ് ഫാക്ടറികള്‍ തുറക്കരുതെന്ന് ആഗ്രഹിച്ച ചിലര്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഗൂഡാലോചന നടത്തി. ഇതാണ് വി ഡി സതീശന്‍ എംഎല്‍എ നിയമസഭയില്‍ നടത്തിയ ആരോപണമായി പുറത്ത് വന്നത്.

യുഡിഎഫ് ഭരണകാലത്ത് അടഞ്ഞുകിടന്ന കശുവണ്ടി വികസന കോര്‍പറേഷന്റെയും കാപ്പെക്സിന്റെയും ഫാക്ടറികള്‍ 2016 ഓണത്തിന് മുന്‍പ് എല്‍ഡിഎഫ് സര്‍ക്കാര്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ചു. ഇതിനെയും ഇ-ടെണ്ടര്‍ വ്യവസ്ഥയില്‍ കോര്‍പറേഷന്‍, കാപെക്സ് മാനേജ്മെന്റുകള്‍ നടത്തിയ തോട്ടണ്ടി സംഭരണത്തെയും അഴിമതിയുടെ പുകമറയിലൂടെ തകര്‍ക്കാനാണ് സ്ഥാപിത താല്‍പര്യക്കാര്‍ ലക്ഷ്യമിട്ടതെന്നും മന്ത്രി പറഞ്ഞു.