Top
18
Monday, December 2017
About UsE-Paper

സമാനവാര്‍ത്തകളോട് ഇരട്ടനിലപാട് വിശ്വാസ്യത തകര്‍ക്കും: സെബാസ്റ്റ്യന്‍ പോള്‍

Saturday Nov 25, 2017
വെബ് ഡെസ്‌ക്‌


കൊച്ചി >  വിശ്വാസ്യതയില്‍ അടിസ്ഥാനമാക്കിയാണ് മാധ്യമങ്ങളുടെ നിലനില്‍പ്പെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. തോമസ് ചാണ്ടിയുടെ കൈയേറ്റത്തോടു കാണിച്ച നിലപാടല്ല രാജീവ് ചന്ദ്രശേഖര്‍ നടത്തിയ കൈയേറ്റത്തോട് ചില ദൃശ്യമാധ്യമങ്ങള്‍ കാണിച്ചത്. സമാന വാര്‍ത്തകളോട് രണ്ടുതരം നിലപാട് വിശ്വാസ്യതയില്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ക്ക് അജന്‍ഡയുണ്ടോ എന്ന വിഷയത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ കേരള കേബിള്‍ ടിവി ഫെഡറേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ക്ക് അജന്‍ഡകള്‍ ഉണ്ട്. പക്ഷേ അത് പൊതുതാല്‍പ്പര്യത്തെ അടിസ്ഥാനമാക്കിയാകണം. സത്യസന്ധമായി മാധ്യമപ്രവര്‍ത്തനം നടത്താന്‍കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കടുത്ത അസഹിഷ്ണുത പ്രകടിപ്പിക്കുന്ന വിഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ മാറുകയാണ്. മൈക്കാണ് ഇപ്പോഴത്തെ മാധ്യമപ്രവര്‍ത്തനത്തിലെ ഏറ്റവും വലിയ ആയുധം. അത് ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ മുഖത്ത് കുത്തുന്ന നിലവരെ എത്തി.

വൈകിട്ടത്തെ ചാനല്‍ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ നിസ്സഹായരാണ്. അജന്‍ഡകള്‍ തീരുമാനിച്ചാവും അവതാരകന്റെ ചോദ്യം. അതില്‍നിന്ന് അവര്‍ക്കു വേണ്ടത് ഉല്‍പ്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. സമൂഹത്തില്‍ അന്തഃസോടെ ജീവിക്കുന്നവരെ വിളിച്ച് ആക്ഷേപിക്കുന്ന നടപടിയാണ് ചര്‍ച്ചയുടെ പേരില്‍ നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ ആത്മപരിശോധനയ്ക്ക് തയ്യാറാവുന്നത് നന്നാവുമെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

എം വി ശ്രേയാംസ് കുമാര്‍ സെമിനാര്‍ ഉദ്ഘാടനംചെയ്തു. പി ജി സുരേഷ്കുമാര്‍, എം വി നികേഷ്കുമാര്‍, ജോണി ലൂക്കോസ്, ഡോ. മാത്യു കുഴല്‍നാടന്‍, ദീപക് ധര്‍മടം തുടങ്ങിയവര്‍ സംസാരിച്ചു. ജേക്കബ് ജോര്‍ജ് മോഡറേറ്ററായി.