22 November Thursday

യുഎഇ വാഗ‌്ദാനത്തിൽ അവ്യക്തതയില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018


സ്വന്തം ലേഖകൻ
കേരളത്തിന്റെ പ്രളയക്കെടുതി പുനരധിവാസ പ്രവർത്തനങ്ങൾക്കായി യുഎഇ ഭരണാധികാരി നൽകിയ വാഗ‌്ദാനത്തിൽ ഒരു അവ്യക്തതയുമില്ലെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരിതാശ്വാസത്തിനായി സംഭാവന നൽകാമെന്ന‌് യുഎഇ ഭരണാധികാരി സംസാരിച്ചത‌് പ്രധാനമന്ത്രിയോടാണ‌്. ഇക്കാര്യം ഇരുവരും ലോകത്തെ അറിയിച്ചു.  സംഭാവന സ്വീകരിക്കണമോ എന്നത‌് തീരുമാനിക്കേണ്ടത‌് രാജ്യമാണ‌്. സ്വീകരിക്കണമെന്നായിരിക്കും തീരുമാനമെന്നാണ‌് പ്രതീക്ഷ. ബക്രീദ‌് ആശംസ നേരാനായി യുഎഇ ഭരണാധികാരിയെ മലയാളി വ്യവസയി എം എ യൂസഫലി കണ്ടിരുന്നു. സംഭാഷണത്തിനിടയിലാണ‌് കേരളത്തിന‌് പത്തു കോടി ഡോളർ സഹായം നൽകാമെന്ന‌് പ്രധാനമന്ത്രിയെ ധരിപ്പിച്ചതായുള്ള വിവരം പറഞ്ഞത‌്. ഇത‌് ആവർത്തിച്ച‌് ഉറപ്പാക്കിയശേഷമാണ‌് താൻ മാധ്യമങ്ങളോട‌് പങ്കുവച്ചതെന്നും വാർത്താ സമ്മേളനത്തിൽ ചോദ്യങ്ങൾക്ക‌് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.

പ്രധാന വാർത്തകൾ
Top