17 November Saturday

കോൺഗ്രസിന്റേത‌് നാട്യങ്ങളും നാടകങ്ങളും: വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 25, 2018


കൊച്ചി > ശക്തമായ മതനിരപേക്ഷ നിലപാട‌് സ്വീകരിച്ച‌് ബിജെപിയെ എതിർക്കാൻ ഒരിക്കലും കോൺഗ്രസിനു കഴിയില്ലെന്ന‌്  എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ത്രിപുരയിലെ കോൺഗ്രസിന്റെ ബിജെപിയിലേക്കുള്ള പരകായപ്രവേശം അതിന്റെ ഏറ്റവും വലിയ തെളിവാണ‌്. വർഗീയതയ‌്ക്കെതിരെ വിട്ടുവീഴ‌്ചയില്ലാത്ത നിലപാട‌് സ്വീകരിക്കാൻ കോൺഗ്രസിനു കഴിയുന്നില്ല. നാട്യങ്ങളും നാടകങ്ങളുമാണ‌് കോൺഗ്രസിന്റേതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി‐ആർഎസ‌്എസ‌് നേതൃത്വത്തിൽ പശ‌്ചിമ ബംഗാളിലും ത്രിപുരയിലും നടക്കുന്ന ജനാധിപത്യ കശാപ്പിനെതിരെ എൽഡിഎഫ‌് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഇടതുപക്ഷത്തെ മായ‌്ച്ചുകളയുക എന്ന ഭരണകൂട അജൻഡയുടെ പരീക്ഷണശാലയാക്കി മാറ്റുകയാണ‌് ത്രിപുരയെയും ബംഗാളിനെയും. ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും വർഗീയ അജൻഡയ‌്ക്കെതിരെയും ശക്തമായ നിലപാട‌് സ്വീകരിക്കുന്നത‌് ഇടതുപക്ഷം മാത്രമാണ‌്. അതുകൊണ്ടാണ‌് അവർ ഇടതുപക്ഷത്തെ ലക്ഷ്യംവയ‌്ക്കുന്നത‌്.

വടക്കുകിഴക്കൻ മേഖലയിൽ സമാധാനം നിലനിന്ന ഏക സംസ്ഥാനമായിരുന്നു ത്രിപുര. ആ ത്രിപുരയും ബിജെപി അധികാരത്തിലെത്തിയതോടെ സംഘർഷഭൂമിയായി. കേന്ദ്രഭരണം ഉപയോഗിച്ചുള്ള ജനാധിപത്യ ധ്വംസനമാണ‌് അവിടെ നടക്കുന്നത‌്. നിയമവാഴ‌്ചയുടെ ഏറ്റവും വലിയ തകർച്ചയാണ‌് അവിടെ കാണുന്നത‌്. ഇന്ത്യൻ ജനാധിപത്യം എത്രത്തോളം തകർന്നു എന്നതിന്റെ  ദൃശ്യമാണ‌് ബംഗാളിൽ ഇപ്പോൾ കാണുന്നത‌്. ഇന്ത്യയിൽ സ‌്ത്രീകൾക്ക‌് ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാവുന്ന നഗരമായിരുന്നു കൊൽക്കത്ത. ആ കൊൽക്കത്ത ഇന്ന‌് കുഞ്ഞുങ്ങൾക്കുപോലും സുരക്ഷിതത്വമില്ലാത്ത നാടായി മാറി. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ 34,000 സീറ്റിൽ ഇടതുപക്ഷത്തെ നാമനിർദേശം സമർപ്പിക്കാൻപോലും അനുവദിച്ചില്ല. ജനാധിപത്യത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ‌് ബംഗാളിൽ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ടൗൺഹാളിൽ നടന്ന ധർണയിൽ സിപിഐ ജില്ലാ സെക്രട്ടറി പി രാജു അധ്യക്ഷനായി. ജനാധിപത്യ കേരള കോൺഗ്രസ‌് സംസ്ഥാന വൈസ‌് ചെയർമാൻ അഡ്വ. പി സി ജോസഫ‌്, ജെഡിഎസ‌് ജില്ലാ പ്രസിഡന്റ‌് സാബു ജോർജ‌്, എൻസിപി ജില്ലാ പ്രസിഡന്റ‌് ടി പി അബ്ദുൾ അസീസ‌്, കോൺഗ്രസ‌് എസ‌് സംസ്ഥാന സെക്രട്ടറി ഇ കെ മുരളീധരൻ, സിപിഐ എംഎൽ റെഡ‌്ഫ്‌ളാഗ‌് ജില്ലാ സെക്രട്ടറി ചാൾസ‌് ജോർജ‌്, സിഎംപി ജില്ലാ സെക്രട്ടറി വി എൻ രാജൻ, നാഷണൽ സെക്യുലർ കോൺഫറൻസ‌് ജില്ലാ പ്രസിഡന്റ‌് കെ വി ഇബ്രാഹിം, ജെഎസ‌്എസ‌് സംസ്ഥാന സെക്രട്ടറി ടി കെ സുരേഷ‌്, കേരള കോൺഗ്രസ‌് ബി നേതാവ‌് അഡ്വ. പോൾ ജോസഫ‌് എന്നിവർ സംസാരിച്ചു.

സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, എം എം ലോറൻസ‌്, ജോൺ ഫെർണാണ്ടസ‌് എംഎൽഎ, കെ ജെ ജേക്കബ‌്, സി കെ മണിശങ്കർ, എം അനിൽകുമാർ, ഫാ. മാത്യൂസ‌് കൺത്രോന്തറയ‌്ക്കൽ, വർഗീസ‌് മൂലൻ, പൗലോസ‌് മുടക്കുംതല, അഡ്വ. ഷൈസൺ പി മാങ്ങാല, പി ജെ കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു. എൽഡിഎഫ‌് ജില്ലാ കൺവീനർ ജോർജ‌് ഇടപ്പരത്തി സ്വാഗതവും സിപിഐ എം എറണാകുളം ഏരിയ സെക്രട്ടറി പി എൻ സീനുലാൽ നന്ദിയും പറഞ്ഞു.

പ്രധാന വാർത്തകൾ
Top