Top
23
Tuesday, January 2018
About UsE-Paper

പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗമാകാന്‍ ഓണ്‍ലൈന്‍ സൌകര്യം

Sunday Dec 24, 2017
വെബ് ഡെസ്‌ക്‌

മലപ്പുറം > ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്കും ഇനി കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് അംഗത്വം വിരല്‍ത്തുമ്പില്‍. അംശദായവും ഓണ്‍ലൈനില്‍ അടയ്ക്കാം. ബോര്‍ഡിന്റെ സമ്പൂര്‍ണ അംഗത്വ ഡിജിറ്റലൈസേഷനും പ്രവാസി സംഗമവും മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അംഗത്വം നല്‍കിയവരുടെ കാര്‍ഡും മുഖ്യമന്ത്രി തത്സമയം പ്രദര്‍ശിപ്പിച്ചു. 

www.pravasiwelfarefund.org ആണ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ്. ഓണ്‍ലൈന്‍വഴി അംഗത്വമെടുക്കുമ്പോള്‍ ആവശ്യമായ രേഖകള്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യാം.അപേക്ഷിച്ച് 15 ദിവസത്തിനകം അംഗത്വകാര്‍ഡ് സ്വന്തമായി പ്രിന്റ് ചെയ്ത് എടുക്കാം. ഇതുവരെ പിന്തുടര്‍ന്ന ഓഫ്ലൈന്‍ രീതി തുടരുകയുംചെയ്യും. ചികിത്സാസഹായം ഒഴികെയുള്ള ആനുകൂല്യങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാം.

നിലവില്‍ വിദേശത്ത് ജോലിചെയ്യുന്നവര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും വിദേശത്തുനിന്ന് മടങ്ങി വരുന്നവര്‍ക്കും ബോര്‍ഡില്‍ അംഗത്വമെടുക്കാം. വിദേശത്തുള്ളവര്‍ മാസം 300 രൂപയും നാട്ടിലുള്ളവര്‍ 100 രൂപയുമാണ് അംശദായമായി അടയ്ക്കേണ്ടത്. 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ 2000 രൂപ മിനിമം പെന്‍ഷന്‍ ലഭിക്കും. മരണാനന്തര ധനസഹായം, ചികിത്സാ ധനസഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, വിദ്യാഭ്യാസ ധനസഹായം എന്നിവയും ലഭിക്കും.

ചടങ്ങില്‍ ബോര്‍ഡിന്റെ ഉപഹാരം മുഖ്യമന്ത്രിക്ക് കൈമാറി. ബോര്‍ഡ് ചെയര്‍മാന്‍ പി ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി. നോര്‍ക്ക-റൂട്സ് എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍, പി ഉബൈദുള്ള എംഎല്‍എ, ബോര്‍ഡ് മുന്‍ ചെയര്‍മാന്മാരായ ടി കെ ഹംസ, അഡ്വ. പി എം എ സലാം, സിഇഒ സി ജോസ്, ഡയറക്ടര്‍മാരായ ആര്‍ കൊച്ചുകൃഷ്ണന്‍, കെ കെ ശങ്കരന്‍, കെ സി സജീവ് തൈക്കാട്, ബാദുഷ കടലുണ്ടി എന്നിവര്‍ സംസാരിച്ചു.

പ്രവാസികള്‍ക്കായി  ഭവനപദ്ധതി പരിഗണനയില്‍: മുഖ്യമന്ത്രി
മലപ്പുറം > സ്വന്തമായി വീടില്ലാത്ത പ്രവാസികള്‍ക്കായി  ഭവന പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിന്റെ സമ്പൂര്‍ണ അംഗത്വ ഡിജിറ്റലൈസേഷനും പ്രവാസിസംഗമവും മലപ്പുറത്ത് ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സമ്പാദ്യം മുഴുവന്‍ വീട്ടിലേക്ക് നല്‍കുന്നവരാണ് പ്രവാസികള്‍. നീണ്ട പ്രവാസകാലത്തിനിടയിലും സ്വന്തമായി വീട് നിര്‍മിക്കാന്‍  കഴിയാത്ത ഒട്ടേറെപ്പേരുണ്ട്. ബോര്‍ഡ് സര്‍ക്കാരിന് സമര്‍പ്പിച്ച പദ്ധതികളും നിര്‍ദേശങ്ങളും പരിശോധിച്ചുവരികയാണ്. പ്രവാസികളുടെ പുനരധിവാസവും പ്രധാനമാണ്. സര്‍ക്കാര്‍ അതിന് പ്രതിജ്ഞാബദ്ധവുമാണ്.
കേരളത്തിന്റെ പൊതു അഭിവൃദ്ധിയില്‍ പ്രവാസികള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പ്രകീര്‍ത്തിക്കപ്പെട്ട കേരള മോഡല്‍ വികസനത്തിന് അടിത്തറയായ ഘടകങ്ങളില്‍ ആദ്യത്തേത് സമഗ്ര ഭൂപരിഷ്ക്കരണമാണ്. രണ്ടാമത്തേത് പ്രവാസികളുടെ അധ്വാനമാണ്. ലോക കേരളസഭയില്‍ പ്രവാസി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യും. നാട് നേരിടുന്ന പ്രശ്നങ്ങളില്‍ അവര്‍ക്ക് ഇടപെടാനുള്ള വേദി കൂടിയാണിത്.

പ്രവാസികളുടെ അന്തര്‍ദേശീയ ബോര്‍ഡാകുകയാണ് കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ്. 2.20 ലക്ഷംപേരാണ് ഇപ്പോള്‍ ബോര്‍ഡില്‍ അംഗങ്ങള്‍. ഇത് 10 ലക്ഷത്തിലേക്ക് ഉയര്‍ത്താന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.