Top
18
Monday, December 2017
About UsE-Paper

മൊബൈല്‍ ആധാറുമായി ബന്ധിപ്പിച്ചു; തൊഴിലാളിക്ക് മാസവേതനം നഷ്ടമായി

Friday Nov 24, 2017
വെബ് ഡെസ്‌ക്‌

കുറ്റ്യാടി > മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ച തൊഴിലുറപ്പ് തൊഴിലാളിക്ക് നഷ്ടപ്പെട്ടത് തന്റെ ഒരുമാസത്തെ വേതനം. മരുതോങ്കര പഞ്ചായത്തിലെ തൂവ്വാട്ടു പൊയിലിലെ പാലോറ ജാനുവിനാണ് പണം നഷ്ടമായത്.  തന്റെ എയര്‍ടെല്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ച ശേഷം മരുതോങ്കര ഗ്രാമീണ്‍ ബാങ്കിലുള്ള അക്കൌണ്ടില്‍നിന്നും സെപ്തംബര്‍ മാസത്തെ വേതനം പിന്‍വലിക്കാനെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരമറിയുന്നത്.  കാരണം തിരക്കിയപ്പോഴാണ് പണം എയര്‍ടെല്‍ ബാങ്ക് അക്കൌണ്ടിലേക്ക് പോയതായി ജാനുവും പഞ്ചായത്ത് അധികൃതരും മനസ്സിലാക്കുന്നത്.

ജാനു ആഗസ്ത് അവസാന വാരമാണ് തന്റെ എയര്‍ടെല്‍ നമ്പറുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിച്ചത്. പഞ്ചായത്തിലെ കൂടുതല്‍ തൊഴിലാളികള്‍ക്ക് ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടതായി  പരാതി ഉയര്‍ന്നിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ എം സതി പറഞ്ഞു. വ്യക്തികളുടെ അനുമതിയില്ലാതെ കോര്‍പറേറ്റ് കമ്പനികള്‍ അക്കൌണ്ട് ഉണ്ടാക്കി സബ്സിഡികളും പണവും തട്ടിയെടുക്കുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഫോണ്‍ നമ്പറുകള്‍ ആധാര്‍ നമ്പറുകളുമായി ബന്ധിപ്പിക്കുക വഴി ഗ്രാമീണ മേഖലയിലെ സാധാരണക്കാരെയാണ് കോര്‍പറേറ്റ് കമ്പനികള്‍ ചൂഷണം ചെയ്യുന്നത്. താന്‍ അറിയാതെ തന്റെ വേതനം എങ്ങനെ എയര്‍ടെല്‍ ബാങ്ക് അക്കൌണ്ടിലേക്ക് മാറി എന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന്  ആവശ്യപ്പെട്ട് ജാനു കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Related News

കൂടുതൽ വാർത്തകൾ »