23 September Sunday

ഇത്തവണ ഓണം ‘ഷോപ്പിങ‌്’ സഹജീവികൾക്കായി

അഞ‌്ജുനാഥ‌്Updated: Friday Aug 24, 2018



ഓണവിപണിയും പ്രളയക്കെടുതി അനുഭവിച്ചവർക്കുള്ള കരുതലാവുന്നു. സ്വന്തം ആവശ്യത്തിനായല്ല ഇത്തവണ പലരുടെയും ‘ഷോപ്പിങ്‌’. ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും കഴിയുന്നവർക്കുള്ള കരുതലാണത‌്. വ്യാപാര മാന്ദ്യമുണ്ടെങ്കിലും വിലക്കിഴിവു നൽകി വ്യാപാരി സമൂഹവും ദുരിതബാധിതർക്ക‌് കൈത്താങ്ങാവുകയാണ‌്.  വസ‌്ത്രശാലകൾ, പച്ചക്കറി, പലചരക്ക‌് കടകൾ, ഉൽസവകാലങ്ങളിലെ പ്രത്യേക  വിപണന കേന്ദ്രങ്ങൾ ഇവയെല്ലാം ഓണത്തിരക്കിൽ നിറഞ്ഞു കവിയേണ്ട കാലമാണിത‌്. എന്നാൽ പതിവു തിരക്ക‌് ഇത്തവണയില്ല. ഇതിന്റെ കാരണം പ്രളയക്കെടുതി തന്നെ. അനേകായിരങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുമ്പോൾ തങ്ങൾ ഓണവും പെരുനാളുമൊക്കെ ആഘോഷിക്കുന്നത‌് മോശമാണെന്ന ചിന്തയാണ‌് ജനങ്ങൾക്കുള്ളതെന്ന‌് വ്യാപാരികൾ പറയുന്നു. ഇത‌് അവർ പണം ചെലവാക്കുന്നതിലും ദൃശ്യമാണ‌്.

വസ‌്ത്രശാലകളിൽ എത്തുന്നവർ സ്വന്തമായി വാങ്ങുന്നതിനേക്കാളധികം ക്യാമ്പുകളിലേക്ക‌ാണ‌് വാങ്ങുന്നതെന്ന‌് വ്യാപാരികൾ  സാക്ഷ്യപ്പെടുത്തുന്നു. ഇതിൽ യുവാക്കളുടെ പങ്കാണ‌് ശ്രദ്ധേയമെന്ന‌് എറണാകുളം മാർക്കറ്റ‌് റോഡിലെ പ്രമുഖ വസ‌്ത്രവ്യാപാര സ്ഥാപനമായ കോട്ടൺ ഷോപ്പ‌് ഉടമ എ കെ ഖാലിദ‌് പറഞ്ഞു. ഐ ടി ഉദ്യോഗസ്ഥരും മെഡിക്കൽ കോളേജുകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുമാണ‌്  ക്യാമ്പുകളിലുള്ളവർക്ക‌് സഹായമെത്തിക്കാൻ കടയിൽ വരുന്നത‌്. ടി ഷർട്ട‌്, ബർമുഡ, തോർത്തുകൾ, കൈലി, നൈറ്റി തുടങ്ങിയവയാണ‌് ഇവർ ഏറെയും വാങ്ങുന്നത‌്. ഓണത്തിനും പെരുനാളിനും സ്വന്തമായി ആഘോഷമില്ലെന്നും ദുരിതബാധിതർ സന്തോഷമായിരിക്കട്ടെയെന്നുമാണ‌് ഇവരുടെ നിലപാട‌്. ക്യാമ്പുകളിലേക്ക‌് എടുക്കുന്ന വസ‌്ത്രത്തിന‌് മൊത്തവിലയിൽ 50 ശതമാനത്തിലേറെ വിലക്കിഴിവ‌് നൽകാറുണ്ട‌്. പലപ്പോഴും യുവാക്കൾ കൂട്ടമായാണ‌് കടയിൽ എത്തുന്നത‌്. ഇവരെ സഹായിക്കാൻ, കനത്ത വെള്ളപ്പൊക്കം മാർക്കറ്റ‌് റോഡിൽ ദുരിതം വിതച്ച 17,18,19 തീയതികളിലും കട തുറന്നു. യുവാക്കളെക്കൂടാതെ ചുമട്ടു തൊഴിലാളികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ തുടങ്ങിയവരും വസ‌്ത്രങ്ങൾ വാങ്ങി ക്യാമ്പുകളിൽ നൽകാൻ എത്തുന്നുണ്ട‌്.

പച്ചക്കറി, പലചരക്ക‌് കടകളിലും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള വിൽപ്പനയാണ‌് കൂടുതൽ. ഓണക്കാലത്ത‌് നഗരത്തിലെ ഓഫീസുകളിലും സംഘടനകളുടെ ആഭിമുഖ്യത്തിലും നടത്തുന്ന ആഘോഷ പരിപാടികളും ഓണ വിഭവ മേളകളും ഇത്തവണയില്ല. ഇത‌് കാറ്ററിങ‌് രംഗത്തെയും അതുവഴി പലചരക്ക‌്, പച്ചക്കറി കച്ചവടക്കാരെയും ബാധിച്ചു. വ്യാപാരക്കുറവ‌്  ഉണ്ടൈങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക‌് സഹായം നൽകാൻ വ്യാപാരികൾ ശ്രദ്ധിക്കുന്നുണ്ടെന്ന‌്  എറണാകുളം മാർക്കറ്റിൽ പച്ചക്കറി മൊത്തവ്യാപാരം നടത്തുന്ന അനിൽകുമാർ ഹരിത പറഞ്ഞു.  ദിവസവും യുവാക്കൾ അടക്കം നിരവധിപ്പേർ ക്യാമ്പുകളിലേക്ക‌് സാധനങ്ങൾ വാങ്ങാൻ വരുന്നുണ്ട‌്. ഇവർക്ക‌് 50 ശതമാനത്തോളം വിലക്കിഴിവിലാണ‌് പച്ചക്കറിയും പലചരക്കും നൽകുന്നത‌്. ഇതിനുപുറമെ വ്യാപാരികളും സ്വന്തംനിലയിൽ ദുരിതബാധിതർക്ക‌് സഹായമെത്തിക്കുന്നുണ്ട‌്.

പ്രധാന വാർത്തകൾ
Top