Top
18
Monday, December 2017
About UsE-Paper

സൊഹ്റാബുദ്ദീന്‍കേസ് : മൊഹിത് ഷായെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ ബിജെപി ശ്രമിച്ചു

Thursday Nov 23, 2017
എം പ്രശാന്ത്


ന്യൂഡല്‍ഹി > ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുന്നതിന് 100 കോടി രൂപ കോഴ വാഗ്ദാനം നല്‍കിയ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മൊഹിത് ഷായെ സുപ്രീംകോടതി ജഡ്ജിയാക്കുന്നതിന്  ബിജെപി കേന്ദ്രനേതൃത്വം ശ്രമിച്ചു. മൊഹിത് ഷാ സുപ്രീംകോടതി ജഡ്ജിയാകാന്‍ യോഗ്യനല്ലെന്ന് ചൂണ്ടിക്കാട്ടി 2013ല്‍ സുപ്രീംകോടതി കൊളീജിയം തള്ളിയിരുന്നു.  കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയശേഷം വീണ്ടും മൊഹിത് ഷായ്ക്കായി ചരടുവലികള്‍ നടന്നു. മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയടക്കമുള്ളവര്‍ തുടര്‍ച്ചയായി നല്‍കിയ കത്തുകളും പരാതികളുമാണ് മൊഹിത് ഷായുടെ വഴിയടച്ചത്.

2009ല്‍ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസായ മൊഹിത് ഷാ 2010 ജൂണില്‍ ബോംബെ ഹൈക്കോടതിയിലേക്ക് മാറി. അഞ്ചുവര്‍ഷം ഇവിടെ ചീഫ് ജസ്റ്റിസായി തുടര്‍ന്ന ഷാ 2015 സെപ്തംബറിലാണ് സ്ഥാനമൊഴിഞ്ഞത്. 2013ല്‍ മൊഹിത് ഷായെയും ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഭാസ്കര്‍ ഭട്ടാചാര്യയെയും ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ബാരിന്‍ ഘോഷിനെയും സുപ്രീംകോടതി കൊളീജിയം പരമോന്നത കോടതിയിലേക്ക് പരിഗണിച്ചിരുന്നു. വിശദമായ പരിശോധനകള്‍ക്ക് ശേഷം ഇവര്‍ മൂന്നുപേരും സുപ്രീംകോടതിയില്‍ എത്താന്‍ യോഗ്യരല്ലെന്ന നിലപാടിലാണ് കൊളീജിയം എത്തിയത്. സ്ഥാനക്കയറ്റം നല്‍കിയാല്‍ അത് വിപരീതഫലംചെയ്യുമെന്നും നീതി നിര്‍വഹണത്തിന് അനുകൂലമാകില്ലെന്നും അന്ന് ചീഫ് ജസ്റ്റിസായിരുന്ന അല്‍ത്തമാസ് കബീറിന്റെ നേതൃത്വത്തിലുള്ള കൊളീജിയം നിഗമനത്തിലെത്തി. രാഷ്ട്രപതിക്കുള്ള ശുപാര്‍ശയില്‍ ഇത് രേഖപ്പെടുത്തുകയുംചെയ്തു. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ ഉയര്‍ന്ന ഒട്ടനവധി അഴിമതിയാരോപണങ്ങള്‍ മൊഹിത് ഷാക്കെതിരെ ഉയര്‍ന്നിരുന്നു. എസ്സാര്‍ ഓയില്‍ എന്ന കോര്‍പറേറ്റ് സ്ഥാപനത്തിന് 10000 കോടി രൂപയുടെ നികുതി ഒഴിവാക്കിനല്‍കിയതടക്കം വിവിധ ആരോപണങ്ങളാണ് മൊഹിത് ഷാ നേരിട്ടത്. 

കേന്ദ്രത്തില്‍ അധികാരമാറ്റം സംഭവിച്ചതോടെ വിരമിക്കുന്നതിനുമുമ്പ് സുപ്രീംകോടതിയിലേക്ക് എത്താന്‍ മൊഹിത് ഷാ വീണ്ടും ശ്രമം നടത്തി.  അന്ന് ചീഫ് ജസ്റ്റിസായിരുന്ന എച്ച് എല്‍ ദത്തുവിന് ഒട്ടനവധി പരാതികളും കത്തുകളും മൊഹിത് ഷായ്ക്ക് എതിരായി ലഭിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ 2015 ഫെബ്രുവരി 6, 11 തീയതികളിലായി രണ്ട് കത്തുകള്‍ ചീഫ് ജസ്റ്റിസിന് അയച്ചു. സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സുപ്രീംകോടതി നിര്‍ദേശങ്ങള്‍ മൊഹിത് ഷാ പാലിക്കാതിരുന്നതാണ് മുഖ്യമായും ചൂണ്ടിക്കാട്ടിയത്. കേസ് ആദ്യാവസാനം ഒരേ ജഡ്ജിതന്നെ കേള്‍ക്കണമെന്നായിരുന്നു ഗുജറാത്തില്‍നിന്ന് മഹാരാഷ്ട്രയിലേക്ക് കേസ് വിചാരണ മാറ്റിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.  മൊഹിത് ഷാ ഇത് പാലിച്ചില്ല.