21 November Wednesday

താമരശേരിയില്‍ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലിട്ട്‌ കൊന്നു; ബന്ധു അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 23, 2018

താമരശേരി > കാരാടിയിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം.  സംഭവത്തിൽ  കുഞ്ഞിന്റെ പിതൃസഹോദരന്റെ ഭാര്യ ജസീല (26)യെ  താമരശേരി പൊലീസ് അറസ്റ്റ് ചെയ്തു.  തിങ്കളാഴ‌്ച പകൽ  11  ഓടെയാണ്‌ കാരാടി പറച്ചിക്കോത്ത് മുഹമ്മദലിയുടെയും ഷമീനയുടെയും   മകൾ ഫാത്തിമയെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏഴുമാസം  പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണതെങ്ങനെ എന്ന സംശയമാണ്‌ കൂടുതൽ അന്വേഷണത്തിനിടയാക്കിയത്‌. ഇതിനെ തുടർന്നാണ്‌  പിതൃസഹോദരന്റെ ഭാര്യ അറസ്റ്റിലാവുന്നത്. കുഞ്ഞിന്റെ അമ്മയായ  ഷമീനയോടുള്ള വിരോധമാണ്‌ കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമെന്ന്‌ പ്രതി ജസീല പൊലീസിനോട് പറഞ്ഞു.  കുഞ്ഞിനെ തൊട്ടിലിൽ ഉറക്കിക്കിടത്തിയ ശേഷം ഷമീന തുണി  നനയ്‌ക്കാനും  കുളിക്കാനുമായി പോയി. ഈ സമയം മീൻ മുറിക്കുകയായിരുന്ന ജസീല കുഞ്ഞിനെയെടുത്ത് പിറകുവശത്തുള്ള കിണറ്റിലിടുകയായിരുന്നു.

തുടക്കം മുതൽ ജസീലയുടെ മൊഴിയിൽ പൊലീസിന് സംശയമുണ്ടായിരുന്നതിനാൽ ചൊവ്വാഴ‌്ച കസ്റ്റഡിയിലെടുത്ത്  ചോദ്യം ചെയ്‌തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. കുട്ടിയുടേത് മുങ്ങിമരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു. കുഞ്ഞിന്റെ മൃതദേഹം ഉടൻ തന്നെ വെള്ളത്തിൽ പൊങ്ങിയതിനാൽ മരിച്ചതിനുശേഷം കിണറ്റിലിട്ടതാണോ എന്നും സംശയമുയർന്നിരുന്നു.  ഡിവൈഎസ‌്പി ബിജുരാജ്, സിഐ ടി എ അഗസ്റ്റിൻ, എസ്ഐ സായൂജ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top