21 November Wednesday

പരിക്കേറ്റ‌് അവധിയിൽ; എങ്കിലും, ജഗദീഷ‌് പിഎഫ‌് തുക നൽകും

സ്വന്തം ലേഖികUpdated: Sunday Sep 23, 2018

കൊച്ചി > അപകടത്തിൽ പരിക്കേറ്റ‌് ശമ്പളമില്ലാത്ത അവധിയിൽ കഴിയുന്ന കെജിഒഎ നേതാവ‌് സമൂഹത്തിന‌് മാതൃകയായത‌് പ്രൊവിഡന്റ‌് ഫണ്ടിൽനിന്ന‌് ഒരു ലക്ഷം രൂപ നൽകാൻ സന്നദ്ധതയറിയിച്ച‌്. കെജിഒഎ മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന പി ബി ജഗദീഷാണ‌് സാലറി ചലഞ്ചിൽ പങ്കെടുക്കാനാകാത്തതിനാൽ ഒരുലക്ഷം രൂപ പിഎഫിൽനിന്ന‌് എടുക്കാൻ അധികൃതർക്ക‌് സമ്മതപത്രമെഴുതി നൽകിയത‌്.

അപകടത്തിൽ പരിക്കേറ്റ‌് കഴിഞ്ഞ 10 മാസമായി കിടപ്പിലാണ‌് ജഗദീഷ‌്. എറണാകുളം ഡിഎംഒ ഒാഫീസിലെ സീനിയർ സൂപ്രണ്ടാണ‌് ഇദ്ദേഹം. 10 മാസംമുമ്പ‌് പുത്തൻകുരിശിലുണ്ടായ അപകടത്തിൽ പരിക്കേറ്റു. ജഗദീഷ‌് ഓടിച്ച ബൈക്കിൽ ടിപ്പർലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ വലതുകാലിന‌് ഗുരുതരമായി പരിക്കേറ്റു. എറണാകുളം സ‌്പെഷ്യലിസ‌്റ്റ‌് ആശുപത്രിയിൽ ശസ‌്ത്രക്രിയക്കുശേഷം വിശ്രമത്തിലാണ‌്. എഴുന്നേറ്റ‌ുനടക്കാനാകാതെ വീട്ടിൽ കഴിയുന്ന ജഗദീഷ‌് അവധിയിലാണ‌്. അതും ശമ്പളമില്ലാത്ത അവധിയിൽ.

അതിനാൽ സാലറി ചലഞ്ചിൽ പങ്കെടുക്കാനായില്ല. എന്നാൽ, ഒരുമാസത്തെ ശമ്പളത്തേക്കാൾ കൂടിയ തുകയായി ഒരുലക്ഷം രൂപ പ്രൊവിഡന്റ‌് ഫണ്ടിൽനിന്ന‌് ദുരിതാശ്വാസനിധിയിലേക്ക‌് നൽകണമെന്നറിയിച്ചാണ‌് അദ്ദേഹം അധികൃതർക്ക‌് കത്തുനൽകിയത‌്. ഭാര്യയും അയ്യപ്പൻകാവ‌് ഹയർസെക്കൻഡറി സ‌്കൂൾ അധ്യാപികയുമായ ആശയും സാലറി ചലഞ്ച‌് ഏറ്റെടുത്ത‌് ദുരിതാശ്വാസനിധിയിലേക്ക‌് ശമ്പളം നൽകുന്നുണ്ട‌്.


പ്രധാന വാർത്തകൾ
Top