19 November Monday

99നെ മറികടന്ന പ്രളയം, അന്ന്‌ ആൾനാശം കൂട്ടിയത്‌ രക്ഷാപ്രവർത്തനത്തിലെ പരിമിതി

ലെനി ജോസഫ‌്Updated: Thursday Aug 23, 2018

ആലപ്പുഴ>‘വേമ്പനാട്ടു കായലിലെ കഠിനമായ വെള്ളപ്പൊക്കം നിമിത്തം കായൽതീരസ്ഥലങ്ങളും കായലിനോടു സംബന്ധിച്ച തോട്ടുതീരങ്ങളും ഇന്നലെയും ഇന്നും കൊണ്ട് മിക്കവാറും വെള്ളത്തിനടിയിലായിരിക്കുന്നു. സമുദ്രത്തിലെ ഉഗ്രമായ ക്ഷോഭം നിമിത്തം സമുദ്രജലം കരയിലേക്കടിച്ചു കയറുന്നതല്ലാതെ കായൽ വെള്ളം ലേശവും സമുദ്രത്തിലേക്ക് പോകുന്നില്ല’.99ലെ ( 1924 ജൂലൈ) വെള്ളപ്പൊക്കകാലത്തെ പത്രറിപ്പോർട്ടാണിത‌്. 


‘പന്തളം ആറിൽകൂടി അനവധി ശവങ്ങൾ, പുരകൾ, മൃഗങ്ങൾ മുതലായവയും ഒഴികിപോയ‌്ക്കെണ്ടിരിക്കുന്നതായും പൂന്തല, ആറ്റുവ മുതലായ സ്ഥലങ്ങളിൽ അത്യധികമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും അതിനടുത്ത ചാരുപ്പാടം എന്ന പുഞ്ചയിൽ അനവധി മൃതശരീരങ്ങൾ പൊങ്ങിയതായും അറിയുന്നു. അധികവും ഇടനാട്, മംഗലം, കൊടയാട്ടുകര ഈ തീരങ്ങളിലാണ് അടിഞ്ഞിരിക്കുന്നത്’ ﹣ മറെറാരു വാർത്തയിൽ ഇങ്ങനെ പറയുന്നു.


തീവ്രതയിൽ തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കവുമായി ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിനുള്ള സാമ്യമാണ‌് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത‌്.  ഇത്തവണത്തെ വെള്ളപ്പൊക്കം തൊണ്ണൂറ്റൊമ്പതിലേതിനെക്കാൾ തീവ്രമായിരുന്നോ എന്നു തീർത്തു പറയാൻ പഴയ വെളളപ്പൊക്കത്തിന്റെ ആധികാരിക രേഖകളുടെ അഭാവമുണ്ട‌്. എന്നാൽ ചില സൂചനകൾ ഇവയുടെ താരതമ്യം സാധ്യമാക്കുന്നു.


99ലെ വെള്ളപ്പൊക്കം ബാധിച്ച പന്തളം, ചേർത്തല പ്രദേശങ്ങളിൽ സമാനമായ വെള്ളപ്പൊക്കം ഉണ്ടാകുന്നത‌് ഇപ്പോഴാണ‌്.  അന്ന‌് കടൽ, വെള്ളമെടുക്കാത്ത സ്ഥിതിയുണ്ടായെങ്കിലും  വേമ്പനാട്ടുകായൽ നിരപ്പ‌് ഉയർന്ന‌് തണ്ണീർമുക്കം, പള്ളിപ്പുറം, പാണാവള്ളി, അരൂക്കുറ്റി, വയലാർ, മുഹമ്മ പഞ്ചായത്തിന്റെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇത്ര ശക്തമായ വെള്ളപ്പൊക്കം ഉണ്ടായത‌് ആരുടെയും ഓർമയിലില്ല. ചേർത്തല ഭാഗത്ത‌് പറമ്പിൽ വെള്ളം കയറിയിട്ടുണ്ടെങ്കിലും  വീടുകളിൽ വെള്ളം കയറിയതായി അറിവില്ല. അന്ന‌് കായലിൽ നിന്ന‌് നൂറു മീറ്ററോളം മാത്രം വെള്ളംകയറിയിരുന്ന ചേർത്തലയിൽ ഇന്ന‌് രണ്ടുകിലോമീറ്ററോളം വിസ‌്തൃതിയിൽ വെള്ളം കയറി.


 പന്തളത്തുണ്ടായ വെള്ളപ്പൊക്കവും  പുതിയ അനുഭവമാണെന്ന‌് നാട്ടുകാർ പറയുന്നു.  വൈക്കം സത്യഗ്രഹത്തിന്റെ കാലത്തായിരുന്നു 99ലെ വെള്ളപ്പൊക്കം. സത്യഗ്രഹികളെയടക്കം അന്നത്തെ വെള്ളപ്പൊക്കം ബാധിച്ചു. അന്ന‌് കുട്ടിയായിരുന്ന പി കൃഷ‌്ണപിള്ള വെള്ളപ്പൊക്കത്തിൽ നിന്ന‌് സത്യഗ്രഹം കണ്ടത‌് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട‌്. തിരുവിതാംകൂറിനെയും തെക്കേ മലബാറിനെയും 99ലെ വെള്ളപ്പൊക്കം ബാധിച്ചെങ്കിലും തീവ്രമായി ബാധിച്ചത‌് ഇന്നത്തെ  തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായിരുന്നു.  അന്ന‌് പെരിയാറിലെ വെള്ളപ്പൊക്കമായിരുന്നു ദുരന്തത്തിന്റെ വ്യാപ‌്തിക്കു കാരണമെങ്കിൽ ഇത്തവണ പെരിയാറും പമ്പയും മണിമലയാറും അച്ചൻകോവിലാറും  ചാലിയാറും മീനച്ചിലാറും അടക്കം കേരളത്തിലെ നദികളെല്ലാം  സംഹാരതാണ്ഡവമാടി.  99ൽ മൂന്നാറിലുണ്ടായിരുന്ന റെയിൽവേസ‌്റ്റേഷനും റെയിൽപ്പാതയുമെല്ലാം വെള്ളപ്പൊക്കത്തിൽ എന്നന്നേക്കുമായി ഇല്ലാതായെങ്കിൽ ഇത്തവണ  മൂന്നാറും  ചെറുതോണിയുമെല്ലാം വൻ ദുരന്തങ്ങളെ  അതിജീവിച്ചത‌് ശക്തമായ ദുരന്തനിവാരണ നടപടികൾ കൊണ്ടുമാത്രം.  ചെങ്ങന്നൂരിൽ അന്ന‌് 20 അടി വെള്ളം ഉയർന്നുവെങ്കിൽ ഇത്തവണ  രണ്ടു നില കെട്ടിടങ്ങൾ പോലും മുങ്ങി.


 99ൽ പെയ‌്തത‌് 3368 എംഎം മഴയായിരുന്നു. ഇത്തവണ ജൂൺ ഒന്നു മുതൽ ആഗസ‌്ത‌് 15 വരെ മാത്രം പെയ‌്തത‌് 2091 എം എം.  മേയ‌് മുതലുള്ള കണക്കെടുത്താൽ ഇത‌് 99ലേതിന‌് ഒപ്പമെത്തും. മഴ ഇപ്പോഴും തുടരുകയുമാണ‌്.



അന്ന‌് ആൾനാശം കൂട്ടിയത‌് രക്ഷാപ്രവർത്തനത്തിലെ പരിമിതി


99 ലെ വെള്ളപ്പൊക്കത്തിൽ ആൾ നാശവും നാശനഷ‌്ടങ്ങളും വർധിപ്പിച്ചത‌് ഒരു നൂറ്റാണ്ടുമുമ്പത്തെ  രക്ഷാപ്രവർത്തനരംഗത്തെ പരിമിതികൾ. ശാസ‌്ത്ര സാങ്കേതികരംഗത്തെ പിന്നോക്കാവസ്ഥയും വാർത്താവിനിമയ സംവിധാനങ്ങളുടെ അപാര്യാപ‌്തതയും ആ വെള്ളപ്പൊക്കത്തിലെ ദുരിതം പതിന്മടങ്ങാക്കി. എന്നാൽ, ഈ മേഖലയിലെല്ലാമുള്ള വളർച്ച ഇത്തവണ  വെള്ളപ്പൊക്കത്തിന്റെ തീവ്രത കുറച്ചു.

99ൽ( 1924‌)  ടെലിഫോണിനെപ്പറ്റിപ്പോലും കേരളത്തിലെ ഗ്രാമീണർ കേട്ടിട്ടില്ലായിരുന്നു. ആയിരങ്ങൾ പുറംലോകവുമായി ബന്ധപ്പെടാനാകാതെ മരിച്ചുവീണു. മൊബൈൽ ഫോണും ഇന്റർനെറ്റുമടക്കമുള്ള സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ഇത്തവണ കഴിഞ്ഞു.  ഹെലിക്കോപ്റ്ററിലടക്കം ആളുകളെ രക്ഷിക്കുന്നതും ഭക്ഷണങ്ങൾ ഹെലിക്കോപ്റ്ററുകളിൽ വിതരണം ചെയ്യുന്നതും  അന്ന‌് ചിന്തിക്കാൻ പോലും സാധിക്കുമായിരുന്നില്ല. വെള്ളപ്പൊക്കത്തെത്തുടർന്നുള്ള പട്ടിണിയായിരുന്നു പലയിടത്തും അന്ന‌് ജനങ്ങളുടെ ജീവനെടുത്ത‌ത‌്. 

കോഴിക്കോടു മാത്രം അന്ന‌് 2000 വീടുകൾ നശിച്ചുവെന്നാണ‌് കണക്ക‌്. പക്ഷെ അന്നത്തെ വീടുകൾ കോൺക്രീറ്റുകെട്ടിടങ്ങളായിരുന്നില്ല. ഓല മേഞ്ഞതും ഓടിട്ടതുമൊക്കെ ആയിരുന്നു എന്നതിനാൽ ആ താരതമ്യത്തിന‌് പ്രസക്തിയില്ല. അന്ന‌ത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗങ്ങളിലൊന്ന‌് കാലി വളർത്തൽ ആയിരുന്നതിനാൽ ആയിരക്കണക്കിനു കന്നുകാലികളായിരുന്നു നദികളിലൂടെ ചത്ത‌് ഒഴുകിയത‌്. ജനസംഖ്യയാണ‌് പരിഗണിക്കപ്പെടേണ്ട മറ്റൊരു വിഷയം. 1924 ലേതിനേക്കാൾ നാലിരട്ടിയാണ‌് ഇന്ന‌് കേരളത്തിലെ ജനസംഖ്യ.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top