ad
Deshabhimani

സമാധാന ശ്രമവുമായി മുന്നോട്ടു പോകുമെന്ന്‌ പാത്രിയാർക്കീസ് ബാവ; മുഖ്യമന്ത്രിക്ക്‌ അഭിനന്ദനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 23, 2018, 03:55 AM | 0 min read

 
തിരുവനന്തപുരം> കേരളത്തിൽ യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്തതിനെ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കിസ് ബാവ അഭിനന്ദിച്ചു. കോടതിവിധികൾ ഉണ്ടെങ്കിലും സമാധാനത്തിനുള്ള ശ്രമം എല്ലാവരുടെയും ഹൃദയത്തിൽ നിന്ന് വരേണ്ടതാണെന്ന് പാത്രിയാർക്കീസ് ബാവ പറഞ്ഞു. തർക്കം പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷ ഉള്ളതുകൊണ്ടാണ്  ഡമാസ്കസിൽ നിന്ന് താൻ ഇവിടെ വന്നത്. ജനങ്ങൾ ആഗ്രഹിക്കുന്നത് സമാധാനമാണെന്ന്  ഞങ്ങൾക്കറിയാം. അതുകൊണ്ട് സമാധാനത്തിനുവേണ്ടി  സാധ്യമായതെല്ലാം ചെയ്യുമെന്ന് പാത്രിയാർക്കീസ് ബാവ മുഖ്യമന്ത്രി പിണറായി വിജയന്‌ ഉറപ്പുനൽകി.

മുഖ്യമന്ത്രിയുടെ ഇടപെടലും അതിന്റെ ഭാഗമായി തനിക്ക് അയച്ച കത്തും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബുധനാഴ്ച കാലത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് പാത്രിയാർക്കീസ് ബാവ ഇക്കാര്യം പറഞ്ഞത്.


സഭാവിശ്വാസികളിൽ ബഹുഭൂരിഭാഗവും തർക്കങ്ങൾ പരിഹരിച്ചു സമാധാനപരമായി മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.  അതുകൊണ്ട് സമാധാന ശ്രമങ്ങൾ പരിശുദ്ധ പാത്രിയാർക്കീസ് ബാവ തുടരണം. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകും.  തർക്കങ്ങൾക്ക് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും  അതിനാൽ ചർച്ചകൾ ഫലം ചെയ്യില്ലെന്നും വാദിക്കുന്നവരുണ്ട്.  എന്നാൽ അതിനോട് താൻ യോജിക്കുന്നില്ലെന്ന്  മുഖ്യമന്ത്രി വ്യക്തമാക്കി. ചർച്ചകളിലൂടെ തർക്കങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ട്. കാരണം വിശ്വാസികൾക്ക് സമാധാനമാണ് വേണ്ടത് മുഖ്യമന്ത്രി പറഞ്ഞു.

മാർ തിയോഫിലോസ് ജോർജ് സലിബ, മാർ തിമോത്തിയോസ് മത്താ അൽഹോറി തുടങ്ങിയവരും  പാത്രിയാർക്കീസ് ബാവ യോടൊപ്പം ഉണ്ടായിരുന്നു.  ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home