ad
Deshabhimani

റേഷന്‍ പ്രതിസന്ധി : സര്‍വകക്ഷിസംഘം ഡല്‍ഹിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 22, 2017, 07:47 PM | 0 min read


തിരുവനന്തപുരം > ഭക്ഷ്യസുരക്ഷാ നിയമം പാസാക്കുന്നതിനുമുമ്പ് കേരളത്തിന് ലഭിച്ചിരുന്ന അരിവിഹിതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകക്ഷി പ്രതിനിധിസംഘം കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് പ്രതിനിധി സംഘത്തെ ഡല്‍ഹിക്ക് അയക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനം നേരിടുന്ന രൂക്ഷമായ വരള്‍ച്ച നേരിടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സര്‍വകക്ഷിയോഗം തീരുമാനിച്ചു.

ഭക്ഷ്യഭദ്രതാനിയമം നടപ്പായതോടെ ഫലത്തില്‍ കേരളത്തിലെ സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായം ഇല്ലാതായെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ സംസ്ഥാനത്തിന് ലഭിച്ചിരുന്ന ഭക്ഷ്യവിഹിതത്തില്‍ രണ്ടുലക്ഷം മെട്രിക് ടണ്ണിന്റെ കുറവുണ്ടായിട്ടുണ്ട്. ഇത് പുനഃസ്ഥാപിക്കണം. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമായി തയ്യാറാക്കിയ മുന്‍ഗണനാലിസ്റ്റിലെ പരാതി പരിഹരിച്ച് അന്തിമപട്ടിക തയ്യാറാക്കുന്നതിന് നടപടി വേഗത്തിലാക്കും. റേഷന്‍ മൊത്തവ്യാപാരം സര്‍ക്കാരിന്റെ ഉടമസ്ഥതയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവിലെ മൊത്തവ്യാപാരികള്‍ക്ക് തുടരാനാകില്ല. ഭക്ഷ്യഭദ്രതാനിയമത്തിന്റെ ഭാഗമായി റേഷന്‍കടകളില്‍ ഒട്ടേറെ സംവിധാനങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ആ ക്രമീകരണങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കും.

അതിരൂക്ഷമായ വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ അതീവ ജാഗ്രതയോടെ ഇടപെടും. ആവശ്യമായ സ്ഥലങ്ങളിലെല്ലാം ടാങ്കറില്‍ കുടിവെള്ളമെത്തിക്കും. ഇതിന്റെ ചുമതല കലക്ടര്‍മാര്‍ക്കാണ്. വെള്ളം ആവശ്യമായ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനുള്ള ചുമതല തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. ആവശ്യമായ ഇടങ്ങളില്‍ തടയണകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. ഇനിയും എവിടെയെങ്കിലും തടയണ ആവശ്യമാണെങ്കില്‍ എത്രയുംവേഗം പൂര്‍ത്തിയാക്കണം.

ഹരിതകേരളം മിഷന്റെ ഭാഗമായി കിണറുകളും കുളങ്ങളും പുനരുജ്ജീവിപ്പിക്കാന്‍ നടപടി ആരംഭിച്ചു. ആരാധനാലയങ്ങളുടെ ഉടമസ്ഥതയിലുള്ള കുളങ്ങളും ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വൃത്തിയാക്കി സംരക്ഷിക്കും. സംസ്ഥാനത്ത് വ്യാവസായികാടിസ്ഥാനത്തില്‍ വെള്ളം എടുക്കുന്നതിന് കുഴല്‍കിണറുകള്‍ കുഴിക്കുന്നത് അനുവദിക്കാനാകില്ല. ഭൂഗര്‍ഭജലത്തിന്റെ തോത് വലിയ അളവില്‍ കുറഞ്ഞിട്ടുണ്ട്. ചിലയിടങ്ങളില്‍ കുടിവെള്ളം ലഭിക്കുന്നതിന് കുഴല്‍കിണറുകള്‍ അനിവാര്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വാശ്രയസ്ഥാപനങ്ങളെക്കുറിച്ചും യോഗം ചര്‍ച്ചചെയ്യാന്‍ നിശ്ചയിച്ചിരുന്നെങ്കിലും സമയം ദീര്‍ഘിച്ചതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

യോഗത്തില്‍ മന്ത്രിമാരായ തോമസ് ഐസക്, കെ കെ ശൈലജ, സി രവീന്ദ്രനാഥ്, കെ ടി ജലീല്‍, ഇ ചന്ദ്രശേഖരന്‍, വി എസ് സുനില്‍കുമാര്‍, പി തിലോത്തമന്‍, മാത്യു ടി തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, വിവിധ കക്ഷിനേതാക്കളായ ആനത്തലവട്ടം ആനന്ദന്‍ (സിപിഐ എം), കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ (സിപിഐ), കെ കൃഷ്ണന്‍കുട്ടി എംഎല്‍എ (ജനതാദള്‍), ഉഴവൂര്‍ വിജയന്‍ (എന്‍സിപി), കെ ആര്‍ അരവിന്ദാക്ഷന്‍(സിഎംപി), വി ഡി സതീശന്‍ എംഎല്‍എ, തമ്പാനൂര്‍ രവി (കോണ്‍ഗ്രസ്), പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ് (മുസ്ളിംലീഗ്), കെ എം മാണി, പി ജെ ജോസഫ് (കേരള കോണ്‍ഗ്രസ് എം), ജോണി നെല്ലൂര്‍ (കേരള കോണ്‍ഗ്രസ് ജേക്കബ്), എം എസ് കുമാര്‍ (ബിജെപി), പി സി ജോര്‍ജ് എംഎല്‍എ, ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.
 



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home