Top
17
Sunday, December 2017
About UsE-Paper

ഉഷാ ടൈറ്റസ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി; ടോം ജോസിനും പി എച്ച് കുര്യനും വി വേണുവിനും അധിക ചുമതല

Wednesday Nov 22, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം> പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ ഉഷാ ടൈറ്റസിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കുവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന് നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ ജല വിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധിക ചുമതല നല്‍കി.  റവന്യു വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന് നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ അഡീഷണല്‍ ചീഫ് സെക്രട്ടറി ജയിംസ് വര്‍ഗ്ഗീസ് വിരമിക്കുന്ന മുറയ്ക്ക് പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതല നല്‍കി.

പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ജയിംസ് വര്‍ഗ്ഗീസ് വിരമിക്കുന്ന മുറയ്ക്ക് വനം വന്യജീവി വകുപ്പിന്റെ അധിക ചുമതല നല്‍കി.

ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമിയെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കുവാനും പാര്‍ലമെന്ററികാര്യ വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കി.

  പാര്‍ലമെന്ററികാര്യ വകുപ്പ് സെക്രട്ടറി ടി ഒ സൂരജിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു. ഇദ്ദേഹത്തിന് 01.12.2017 മുതല്‍ കായിക യുവജനകാര്യ വകുപ്പിന്‍റെ അധിക ചുമതല കൂടി നല്‍കും

കായിക യുവജനകാര്യ വകുപ്പ് സെക്രട്ടറിയായ ഡോ ബി അശോകിനെ തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി വി കെ ബേബി വിരമിക്കുന്ന മുറയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് (അര്‍ബന്‍) സെക്രട്ടറിയായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു. ഇദ്ദേഹത്തിന്, എ. അജിത് കുമാര്‍ കേന്ദ്ര ഡെപ്യുട്ടേഷനില്‍ നിന്നും തിരികെ പ്രവേശിക്കുന്നത് വരെ എ ഷാജഹാന്‍ വഹിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് (റൂറല്‍) സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കുവാനും  തീരുമാനിച്ചു.

സഹകരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി പി. വേണുഗോപാലിനെ നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കും.

 തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എ. ഷാജഹാനെ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു. ഇദ്ദേഹം ഇപ്പോള്‍ വഹിക്കുന്ന അധിക ചുമതലകള്‍ തുടര്‍ന്നും വഹിക്കുന്നതായിരിക്കും.

കേന്ദ്ര ഡെപ്യുട്ടേഷനില്‍ റബ്ബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടറായ എ. അജിത് കുമാറിനെ കേഡറില്‍ തിരികെ പ്രവേശിക്കുന്ന മുറയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് (റൂറല്‍) സെക്രട്ടറിയായി നിയമിക്കുവാന്‍ തീരുമാനിച്ചു. 

 വിനോദ സഞ്ചാര വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ജാഫര്‍ മാലികിനെ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ.-യുടെ അധിക ചുമതല നല്‍കുവാന്‍ തീരുമാനിച്ചു.

 സംസ്ഥാന സിവില്‍ സര്‍വീസില്‍ നിന്നും ഐ.എ.എസ്സിലേക്ക് പ്രൊമോഷന്‍ വഴി തിരഞ്ഞെടുക്കപ്പെട്ട താഴെപ്പറയുന്ന 9 പേരുടെ നിയമനം ഇപ്രകാരമാണ്.

എസ്. ഷാനവാസ് ലോട്ടറീസ് വകുപ്പ് ഡയറക്ടര്‍,  ബി അബ്ദുള്‍ നാസര്‍  എന്‍ട്രന്‍സ് എക്സാമിനേഷന്‍സ് കമ്മീഷണര്‍, ഡോ. ഡി. സജിത് ബാബു-അസാപ് സി.ഇ.ഒ., ടി.വിസുബാഷ് വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് ഡയറക്ടര്‍, എം അഞ്ജന ചീഫ് സെക്രട്ടറിയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, ഡോ. പി.കെ. ജയശ്രീ- വിദ്യാഭ്യാസ മിഷന്‍ സി.ഇ.ഒ., ഷീബ ജോര്‍ജ്ജ്-പുതുതായി സൃഷ്ടിച്ച വനിത-ശിശു വികസന വകുപ്പ് ഡയറക്ടര്‍,എച്ച്. ദിനേശന്‍ തുറമുഖ വകുപ്പ് ഡയറക്ടര്‍, പി.കെ. സുധീര്‍ ബാബു-ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍.
 

Related News

കൂടുതൽ വാർത്തകൾ »