18 November Sunday

യുഎഇയുടെ സഹായം: തടസ്സങ്ങള്‍ ചര്‍ച്ച ചെയ്‌ത് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

തിരുവനന്തപുരം > യുഎഇ സഹായവുമായി ബന്ധപ്പെട്ട് തടസ്സങ്ങള്‍ ചര്‍ച്ച ചെയ്‌ത് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനായി യുഎഇയുടെ 700 കോടിരൂപയുടെ സഹായം പ്രഖ്യാപിച്ച ഉടനെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്റെ ട്വിറ്ററില്‍ ഇതിനെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഇപ്പോള്‍ വന്നുചേരുന്ന തടസ്സങ്ങള്‍ ഔദ്യോഗിക തലത്തില്‍തന്നെ ചര്‍ച്ചചെയ്‌തു പരിഹരിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കും.

രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം സഹായിക്കുക സ്വാഭാവികമാണ്. അത് ലോകത്തെമ്പാടും നടക്കുന്നതുമാണ്. 2016 മെയ് മാസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ദേശീയ ദുരന്തനിവാരണ നയത്തില്‍ മറ്റു രാജ്യങ്ങള്‍ സ്വമേധയാ നല്‍കുന്ന സഹായം സ്വീകരിക്കാവുന്നതാണെന്ന് വ്യക്തമാക്കുന്നുണ്ട്.

ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ലഭിക്കുന്ന സഹായങ്ങളെ സര്‍ക്കാര്‍ സര്‍വമനസ്സാ സ്വാഗതം ചെയ്യുന്നു. അത്തരം സഹായങ്ങളെ പ്രോത്സാഹിപ്പിക്കാനും നേടിയെടുക്കാനുമുള്ള നടപടികളാണ് നാടിനെ സ്‌നേഹിക്കുന്ന എല്ലാവരിലും ഉണ്ടാകേണ്ടതെന്ന് ഓര്‍മിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നായി നില്‍ക്കുക, അതിജീവനത്തിനായി

ജനങ്ങള്‍ ഒറ്റക്കെട്ടായി ആത്മവിശ്വാസത്തോടെ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടമാണ് ഇത്. ആ സാഹചര്യത്തില്‍ അതില്‍ വിള്ളല്‍ വീ‌ഴ്‌ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നാടിന്റെ പുരോഗതിക്ക് ഗുണപരമല്ല.

പ്രതിസന്ധിയുണ്ട്, മറികടക്കാതിരിക്കില്ല

നാം ദുരിതത്തിലകപ്പെട്ട ജനതയാണ്. ആ ജനതയ്‌ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കാനും ദുരിതങ്ങളെ പരിഹരിക്കാനുള്ള കൈത്താങ്ങ് നല്‍കുകയുമാണ് വേണ്ടത്. നാട് ആവശ്യപ്പെടുന്നത് അതാണ്. അതിലുറച്ചുനിന്നുകൊണ്ട് സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളില്‍ എല്ലാവിധ സഹായവും അഭ്യര്‍ഥിക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദുരിതാശ്വാസപ്രവര്‍ത്തനം ഒരു സംസ്‌കാരമായി മാറുന്നു

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ സ്‌നേഹസാഗരത്തില്‍ അണിചേരാതെ മാറിനില്‍ക്കാനാവില്ല എന്ന ഉന്നതമായ സന്ദേശം സംസ്ഥാനത്താകെ ഉയര്‍ന്നുവന്നിട്ടുണ്ട്. അതൊരു സംസ്‌കാരമായിത്തന്നെ പടരുകയാണ്. ഇതു തന്നെയാണ് നമ്മുടെ അതിജീവനത്തിന്റെ കരുത്ത്. അതോടൊപ്പം, വിവിധ സ്ഥാപനങ്ങളും കൂട്ടായ്മകളും കൈയയച്ച് നമ്മെ രക്ഷപ്പെടുത്താന്‍ തയ്യാറായിവരികയാണ്. വിവിധ സ്ഥാപനങ്ങളും കൂട്ടായ്മകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനകളുമായി വന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ 318 കോടി രൂപ നമുക്ക് ഇതില്‍ ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. വാഗ്ദാനങ്ങള്‍ ഇതിനു പുറമെയും.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top