22 November Thursday

തുമ്പൂർമുഴി ഉരുൾപൊട്ടൽ : വെച്ചൂർ പശുക്കളും ഒലിച്ചുപോയി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018


തൃശൂർ
അതിരപ്പിള്ളിക്കടുത്ത് തുമ്പൂർമുഴിയിലുണ്ടായ ഉരുൾപൊട്ടലിൽ ചത്തത് വെറ്ററിനറി സർവകലാശാല  കന്നുകാലി പ്രജനന കേന്ദ്രത്തിലെ വെച്ചൂർ ഉൾപ്പെടെ അമൂല്യമായ അമ്പതോളം പശുക്കൾ. നിരവധി പശുക്കളെ കാണാതായി. അതിരപ്പിള്ളി  വനമേഖലയിലുണ്ടായ വൻ ഉരുൾപൊട്ടലിൽ ഗർഭിണികളായ പശുക്കളുടെ ഫാം പൂർണമായും മണ്ണിനടിയിലായി. 18 വെച്ചൂർ പശുക്കളും 26 സങ്കരയിനം പശുക്കളും ഫാമും പൂർണമായും ഒലിച്ചുപോയി. ഇതേ ക്യാമ്പസിലെ കറവപ്പശുക്കളുടെ ഫാമിന് അപകടം സംഭവിച്ചിട്ടില്ല. എന്നാൽ പല പശുക്കളും കയറുപൊട്ടിച്ച് ഓടിപ്പോയിട്ടുണ്ട്. ഇതേ ക്യാമ്പസിലെ ഫുഡ് ടെക്നോളജി കോളേജ് ആഗസ്ത‌് 14ന് അടച്ചതിനാൽ വിദ്യാർഥികളും ജീവനക്കാരും വൻ ദുരന്തത്തിൽനിന്നൊഴിവായി.

ആഗസ്ത‌് 16ന് പുലർച്ചെ നാലിനായിരുന്നു ഉരുൾപൊട്ടൽ. തുമ്പൂർമുഴി കേന്ദ്രത്തിന്റെ പിന്നിലായുള്ള വനമേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വെച്ചൂർ പശുക്കളെ സംരക്ഷിച്ചിരുന്ന മൂന്ന് ഷെഡും മൂന്ന‌് കന്നുകാലിഷെഡും ഓഫീസും പൂർണമായി ഒലിച്ചുപോയി. ഫാം തൊഴിലാളികൾ എത്തിയ സമയത്താണ് ദുരന്തം.

വെച്ചൂർ പശു രാജ്യത്തെ  അമൂല്യ ഇനമാണ്. ഇതിന്റെ കുട്ടികൾക്ക് പോലും വൻ ആവശ്യകതയും വിലയുമാണ്.കൂടുതൽ പാൽ നൽകുന്ന അപൂർവ സങ്കരയിനങ്ങളും ചത്തൊടുങ്ങി. ഈ ഇനങ്ങളുടെ ഗർഭിണികൾ ചത്തൊടുങ്ങിയത‌് കേരളത്തിന്റെ കന്നുകാലി മേഖലയെതന്നെ ആശങ്കയിലാഴ്ത്തുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top