22 September Saturday

കേരളത്തിന‌് എംബിബിഎസ‌് സീറ്റുകൾ നഷ്ടപ്പെടില്ല; പരിശോധനകളിൽ പോരായ‌്മ കണ്ടെത്താത്ത സ്വാശ്രയ മെഡി. കോളേജുകൾക്ക‌് പ്രവേശനാനുമതി നൽകാൻ തീരുമാനം

സ്വന്തം ലേഖകൻUpdated: Friday Jun 22, 2018

തിരുവനന്തപുരം > സംസ്ഥാനത്ത‌് ഈ വർഷം എംബിബിഎസ‌് സീറ്റുകൾ നഷ്ടപ്പെടില്ല‌. പരിശോധനകളിൽ പോരായ‌്മകളൊന്നും കണ്ടെത്താത്ത സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക‌് എംബിബിഎസ‌് പ്രവേശനാനുമതിക്ക‌് അനുകൂലനിലപാട‌്  സ്വീകരിക്കാൻ ആരോഗ്യ സർവകലാശാല ഗവേണിങ്‌ കൗൺസിൽ തീരുമാനിച്ചു. 

നേരത്തെ രാജ്യത്തെ 150 മെഡിക്കൽ കോളേജുകളിലെ എംബിബിഎസ‌് പ്രവേശനത്തിനാണ‌് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചിരുന്നത‌്. മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ശുപാർശയെ തുടർന്നാണ‌് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി. കേരളത്തിൽ നിന്നുള്ള ഒമ്പത‌് മെഡിക്കൽ കോളേജുക‌ളും ഈ പട്ടികയിൽ പെട്ടിരുന്നു. എന്നാൽ സർക്കാരിന്റെ പാലക്കാട‌് മെഡിക്കൽ കോളേജിന‌് അനുമതി ലഭ്യമാക്കാൻ ഹൈക്കോടതി ഉത്തരവിട്ടുണ്ട‌്. 

സ്വാശ്രയ മെഡിക്കൽ കോളേജുകളായ പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ശ്രീ അയ്യപ്പ മെഡിക്കൽ കോളേജ് ആൻറ് റിസർച്ച് ഫൗണ്ടേഷൻ, കെഎംസിടി കോഴിക്കോട്,  പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് പാലക്കാട്,  മൗണ്ട് സിയോൻ പത്തനംതിട്ട, അൽ അസ്ഹർ തൊടുപുഴ, ഡോക്ടർ സോമെർവെൽ മെമ്മോറിയൽ തിരുവനന്തപുരം, ഡിഎം വയനാട് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയ‌്ക്കാണ‌് അനുമതി താൽക്കാലികമായി നിഷേധിച്ചിരുന്നത‌്. എന്നാൽ ഈ മെഡിക്കൽ കോളേജുകളിൽ ആരോഗ്യ സർവകലാശാല നടത്തിയ പരിശോധനകളിൽ ഗുരുതര പോരായ‌്മകളൊന്നും കണ്ടെത്തിയിട്ടില്ല. ചൂണ്ടിക്കാണിച്ച പോരായ‌്മകൾ മെഡിക്കൽ കോളേജുകൾ ഉടൻ പരിഹരിക്കുകയും ചെയ‌്തിട്ടുണ്ട‌്. ഈ വർഷത്തെ പ്രവേശനാനുമതിക്കായി മെഡിക്കൽ കോളേജുകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട‌്. ഇവയ‌്ക്ക‌് പ്രവേശനാനുമതി ലഭ്യമാക്കാനാവശ്യമായ നിലപാടായിരിക്കും ആരോഗ്യ സർവകലാശാലയും സ്വീകരിക്കുന്നത‌്.

അതോടെ കഴിഞ്ഞ വർഷം പ്രവേശനം ലഭ്യമായ സീറ്റുകളിൽ ഇത്തവണയും പ്രവേശനം സാധ്യമാകും. അനുമതി ലഭ്യമാകുന്ന മുറയ‌്ക്ക‌് ഇവയെയും അലോട്ടുമെന്റ‌് പ്രകീയയുടെ ഭാഗമാക്കുമെന്ന‌് പ്രവേശന പരീക്ഷാകമീഷണറേറ്റും വ്യക്തമാക്കിയിട്ടുണ്ട‌്. കഴിഞ്ഞ വർഷം പ്രവേശനം നടത്താത്ത ഇടുക്കി മെഡിക്കൽ കോളേജിൽ ഈ വർഷവും പ്രവേശനം വേണ്ടന്ന‌് നേരത്തെ  തന്നെ സർക്കാർ തീരുമാനിച്ചതാണ‌്. അവിടെ 2019 മുതൽ പ്രവേശനം ആരംഭിക്കും.

കോളേജുകൾക്ക‌് അംഗീകാരം നേടിക്കൊടുക്കാമെന്ന‌് പറഞ്ഞ‌് ബിജെപി നേതാക്കൾ കോഴ ഇടപാട‌് നടത്തിയ വർക്കല എസ‌് ആർ, പാലക്കാട‌് കേരള എന്നിവിടങ്ങളിലും കഴിഞ്ഞ വർഷം  പ്രവേശനം ഉണ്ടായിരുന്നില്ല. കോഴ ഇടപാട‌് നടന്ന കോളേജുകളിൽ പ്രവേശനം ലഭ്യമാക്കാനുള്ള നടപടികൾ ആരോഗ്യ സർവകലാശാല സ്വീകരിക്കില്ല.  നിലവിൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ 943 സീറ്റും സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 1700 സീറ്റുമുണ്ട‌്. താൽക്കാലികമായി പ്രവേശനംതടഞ്ഞ സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക‌് അനുമതി ലഭ്യമാകുന്നതോടെ 700 സീറ്റുകൾകൂടി ലഭ്യമാകും.
 

കണ്ണൂർ ദന്തൽ കോളേജിലെ പ്രവേശനം തടയും

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ‌് മാനേജുമെന്റിന്റെ കീഴിലുള്ള കണ്ണൂർ സ്വാശ്രയ ദന്തൽ കോളേജിൽ ഈ വർഷം പ്രവേശനം തടയാൻ ആരോഗ്യ സർവകലാശാല തീരുമാനിച്ചു. തുടർച്ചയായി പരീക്ഷാ ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ പ്രവേശനം തടയാതിരിക്കാൻ കാരണം കാണിക്കാൽ നോട്ടീസ‌് അയച്ച‌് തുടർ നടപടി സ്വീകരിക്കാനാണ‌് സർവകലാശാലയുടെ തീരുമാനം

സ‌്കൂൾ ഓഫ‌് ഹെൽത്ത‌് പൊളീസി ആൻഡ‌് പ്ലാനിങ്‌ സെന്ററിന‌് 7 കോടി

തിരുവനന്തപുരം മെഡിക്കൽ കോളേജ‌് കോമ്പൗണ്ടിൽ ആരോഗ്യ സർവകലാശാല സ‌്കൂൾ ഓഫ‌് ഹെൽത്ത‌് പൊളീസി ആൻഡ‌് പ്ലാനിങ്‌ സെന്റർ ആരംഭിക്കും‌. ഇതിനായി ഏ‌ഴ‌് കോടി രുപ ചെലവിട്ട‌് നിർമിക്കുന്ന ആറുനില കെട്ടിടത്തിന്റെ നിർമാണം ഉടൻ ആരംഭിക്കാനും തീരുമാനിച്ചു.

ഡീബാർ ചെയ‌്തു

തിരുവനന്തപുരം പാലക്കാട‌് നെഹ‌്റു ഫാർമസി കോളേജിലെ രണ്ടാംവർഷ ഫാംഡി വിദ്യാർഥി വസീംഷായെ കോപ്പിയടിച്ചതിന്റെ പേരിൽ ഒരു വർഷത്തേക്ക‌് ഡീബാർ ചെയ്യാൻ ആരോഗ്യ സർവകലാശാല തീരുമാനിച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top