16 October Tuesday

അറസ്റ്റ് എല്ലാ തെളിവുകളും ശേഖരിച്ചശേഷം; ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത് നാല് വകുപ്പുകള്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 21, 2018

കൊച്ചി > ലൈംഗികപീഡനക്കേസിൽ ബിഷപ‌് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് കോട്ടയം എസ‌്‌‌പി ഹരിശങ്കർ. നാലു വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. ആരോപണത്തിലെ എല്ലാ തെളിവുകളും ശേഖരിച്ചശേഷമാണ് അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയതെന്നും എസ‌്‌‌പി വാർത്താലേഖകരോട‌് പറഞ്ഞു. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ തെളിവുകൾസംബന്ധിച്ച് കൂടുതൽ വിവരം ഇപ്പോൾ പറയാനാകില്ല.

ഒരുപാട് കാര്യങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കേണ്ടിവന്നതിനാലാണ് അറസ്റ്റ് വൈകിയത്. പ്രതിക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കുന്നതിനും അന്വേഷണസംഘം സമയം നൽകിയിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ‌് അറസ്റ്റ് രേഖപ്പെടുത്തിയത‌്. രാത്രി കോട്ടയം പൊലീസ് ക്ലബ്ബിൽ പാർപ്പിച്ചശേഷം ശനിയാഴ്‌ച രാവിലെ പാലാ മജിസ്ട്രേട്ട‌് കോടതിയിൽ ഹാജരാക്കും.

അറസ്റ്റ് വൈകിയതിനുപിന്നിൽ ഏതെങ്കിലുംവിധത്തിലുള്ള ആശയക്കുഴപ്പങ്ങളില്ല. ചോദ്യംചെയ്യലിനിടെ, പല ചർച്ചകളും തെളിവെടുപ്പുകളും വേണ്ടിവന്നതിനാലാണ് അറസ്റ്റ് വൈകിയത്. കൂടുതൽ ചോദ്യംചെയ്യാൻ മൂന്നുദിവസത്തെ കസ്റ്റഡിഅപേക്ഷ നൽകും. അതിനുശേഷമാകും ലൈംഗികക്ഷമത പരിശോധന ഉൾപ്പെടെ പൂർത്തിയാക്കുകയെന്നും എസ‌്‌‌പി മാധ്യമങ്ങളോടു പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top