14 November Wednesday

വായനയുടെ താരാട്ടുപാട്ടുണ്ട‌് പുസ‌്തകത്തൊട്ടിലിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018



കായംകുളം
വായനദിനത്തിൽ പുസ‌്തകങ്ങൾ താരാട്ടുമായി സ‌്കൂൾമുറ്റത്ത് പുസ്തകത്തൊട്ടിൽ. കായംകുളം ഐക്യ ജങ‌്ഷൻ ഞാവക്കാട് എൽപി സ‌്കൂളിലാണ് കുട്ടികളിൽ വായനശീലം എത്തിക്കാനായി പിടിഎയും അധ്യാപകരും ചേർന്ന് പുസ‌്തകത്തൊട്ടിൽ സ്ഥാപിച്ചത്.പുസ്തകത്തൊട്ടിലിൽ കുട്ടികൾക്കും നാട്ടുകാർക്കും രക്ഷകർത്താക്കൾക്കും  പുസ‌്തകങ്ങൾ നിക്ഷേപിക്കുകയും എടുക്കുകയുമാകാം.  പുസ‌്തകങ്ങൾ എടുക്കുന്നതിന് ആരുടേയും അനുവാദം വാങ്ങേണ്ടതില്ല. വായിച്ചശേഷം പുസ‌്തകത്തൊട്ടിലിൽ തിരികെ എത്തിക്കണമെന്നതാണ‌് നിബന്ധന.

വീടുകളിൽ ബാലപ്രസിദ്ധീകരണങ്ങൾ ഉൾപ്പെടെയുള്ള പുസ‌്തകങ്ങൾ വായിച്ചതിനുശേഷം പുസ‌്തകത്തൊട്ടിലിൽ എത്തിക്കാം. പുസ‌്തകങ്ങൾ പണം മുടക്കി വാങ്ങാൻ കഴിയാത്തവർക്കുകൂടി വായനയ‌്ക്ക‌് അവസരമൊരുക്കുകയാണ‌് തൊട്ടിലിന്റെ ദൗത്യം. 

പുസ‌്തകത്തൊട്ടിലിൽ ആദ്യദിനംതന്നെ പുസ‌്തകങ്ങൾ  നിറഞ്ഞു. പുസ‌്തകത്തൊട്ടിലിലേക്ക‌് പൂർവവിദ്യാർഥികളും  പുസ‌്തകങ്ങൾ വാഗ‌്ദാനംചെ‌യ‌്തിട്ടുണ്ട‌്.  പൂർവവിദ്യാർഥിയും ലൈബ്രറി കൗൺസിൽ കാർത്തികപ്പള്ളി താലൂക്ക് പ്രസിഡന്റുമായ സന്തോഷ് പാട്ടത്തിൽ ഉദ്ഘാടനച്ചടങ്ങിൽത്തന്നെ 100 പുസ‌്തകങ്ങൾ തൊട്ടിലേക്ക‌്  വാഗ‌്ദാനംചെയ‌്തു . വിദ്യാർഥികൾ സ‌്കൂൾപരിസത്തെ വീടുകൾ, ബാങ്കുകൾ, ഹോസ‌്പിറ്റൽ, വ്യാപാരസ്ഥാപനങ്ങൾ, കയർ സൊസൈറ്റികൾ, എന്നിവടങ്ങളിൽച്ചെന്ന് പുസ്തകത്തൊട്ടിലിനായി ക്യാമ്പയിൻ നടത്തുന്നുണ്ട‌്. 

ഒന്നാം ക്ലാസ് അധ്യാപിക എം എസ് ഷീജ ടീച്ചറുടെ ആശയമാണ‌്  പുസ‌്തകത്തൊട്ടിൽ. പുസ‌്തകത്തൊട്ടിലിന്റെയും വായനദിനത്തിന്റെയും ഉദ്ഘാടനം ബാലസാഹിത്യകാരി ദുർഗ മനോജ് ആറ്റിങ്ങൽ ഉദ്ഘാടനംചെയ‌്തു.

പിടിഎ പ്രസിഡന്റ് താജുദീൻ ഇല്ലിക്കുളം അധ്യക്ഷനായി. സന്തോഷ് പാട്ടത്തിൽ  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് കൗൺസിലർ റജില നാസർ മുഖ്യപ്രഭാഷണം നടത്തി.  എച്ച്  എം എസ് നജ്മുനിസ, പിടിഎ വൈസ‌്‌പ്രസിഡന്റ് സിയാദ് മണ്ണാമുറി, ഗായത്രി രാജേഷ്, നിഷാദ്, എം  എസ് ഷീജ തുടങ്ങിയവർ സംസാരിച്ചു
 

പ്രധാന വാർത്തകൾ
Top