18 September Tuesday
കളമൊരുങ്ങി റെക്കോഡ‌് നിയമനത്തിന‌്

249 കായികതാരങ്ങൾക്ക‌് സർക്കാർ ജോലി

വെബ് ഡെസ്‌ക്‌Updated: Saturday Apr 21, 2018


തിരുവനന്തപുരം > കളിക്കളങ്ങളിൽ നാടിന്റെ യശസ്സുയർത്തിയ 249 കായികതാരങ്ങൾ സർക്കാർ സർവീസിലേക്ക‌്. കായികവകുപ്പിന്റെ നേതൃത്വത്തിലാണ‌് റെക്കോഡ‌് നിയമനങ്ങൾക്ക‌് കളമൊരുങ്ങുന്നത്. 2010 മുതൽ 2014 വരെയുള്ള കാലയളവിൽ സ‌്പോർട‌്സ‌് ക്വോട്ട നിയമനത്തിന‌് അപേക്ഷിച്ച  താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്നതിന്റെ ഭാഗമായുള്ള സർട്ടിഫിക്കറ്റ‌് പരിശോധന വെള്ളിയാഴ‌്ച സെക്രട്ടറിയറ്റ‌് ദർബാർ ഹാളിൽ നടന്നു.  479  താരങ്ങളുടെ  സർട്ടിഫിക്കറ്റ‌് പരിശോധിച്ചു. ഇതിൽനിന്ന‌് റാങ്ക‌് ലിസ്റ്റ‌് തയ്യാറാക്കി 249 പേർക്ക‌് നിയമനം നൽകും. ഒരോ താരത്തിന്റെയും യോഗ്യതയ‌്ക്കനുസരിച്ച‌് അർഹമായ തസ‌്തികയിലായിരിക്കും നിയമനം.   സ്പോർട്സ് കൗൺസിൽ അംഗീകരിച്ച കായികയിനങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവർക്കാണ്  നിയമനം. രണ്ടുമാസത്തിനകം നടപടി പൂർത്തീകരിച്ച് നിയമനഉത്തരവ് നൽകും. ഇത്രയധികം താരങ്ങൾ ഒരുമിച്ച‌് സർക്കാർ സർവീസിൽ കയറുന്നത‌് ഇതാദ്യമാണ‌്.

കഴിഞ്ഞ യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് നിയമന നടപടി സ്വീകരിക്കാത്തതിനെത്തുടർന്ന‌് സർക്കാർജോലി അന്യമായി മാറിയ താരങ്ങളുടെ സ്വപ‌്നമാണ‌് എൽഡിഎഫ‌് സർക്കാരിന്റെ ഇച്ഛാശക്തിയിൽ സഫലമാകുന്നത‌്. ഒരുവർഷം 50 കായികതാരങ്ങൾക്കാണ‌് നിയമനം നൽകേണ്ടിയിരുന്നത‌്. എന്നാൽ, കഴിഞ്ഞ യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് ട്രാക്കിലും ഫീൽഡിലും നാടിനായി വിയർപ്പൊഴുക്കിയവർക്കായി ചെറുവിരലനക്കിയില്ല. ഭരണം അവസാനിക്കുന്ന സമയത്ത‌് താരങ്ങളെ കബളിപ്പിക്കാൻ അപേക്ഷ ക്ഷണിക്കുകമാത്രംചെയ‌്തു.

അപേക്ഷ സ്വീകരിച്ചതല്ലാതെ നിയമന നടപടികൾ  നടന്നില്ല. താരങ്ങൾ മന്ത്രി ഓഫീസിലും സെക്രട്ടറിയറ്റിലും കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ എത്തിയശേഷം കായികമേഖലയോടും താരങ്ങളോടുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെയും കായികമന്ത്രി എ സി മൊയ‌്തീന്റെയും നേതൃത്വത്തിൽ നിയമനങ്ങളിലുൾപ്പെടെ പ്രത്യേക നടപടി സ്വീകരിച്ചു. സ‌്പോർട‌്സ‌് ക്വോട്ട നിയമനങ്ങൾ ദ്രുതഗതിയിലാക്കാൻ പൊതുഭരണവകുപ്പിന‌് കീഴിൽ സ‌്പെഷ്യൽ സെൽ രൂപീകരിച്ചു.

എൽഡിഎഫ‌്സർക്കാർ വന്നശേഷം  160 താരങ്ങൾക്ക‌് വിവിധ വകുപ്പുകളിൽ സർക്കാർ  ജോലി നൽകി.  കൂടാതെ സന്തോഷ്ട്രോഫി കിരീടം നേടിയ കേരള ടീമിലെ ജോലിയില്ലാത്ത 11 കായികതാരങ്ങൾക്ക് ജോലിനൽകാനും  തീരുമാനിച്ചു. 2015, 16, 17 വർഷത്തെ സ‌്പോർട‌്സ‌് ക്വോട്ട നിയമനത്തിനുള്ള അപേക്ഷ ഉടൻ ക്ഷണിക്കാനുള്ള ഒരുക്കത്തിലാണ‌് സർക്കാർ.

സര്‍ട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചു  
തിരുവനന്തപുരം > 2010 മുതല്‍ 2014 വരെയുള്ള കാലയളവിലെ കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചു. ഒരു വര്‍ഷം 50 കായിക താരങ്ങള്‍ക്കാണ് നിയമനം നല്‍കുക. 479  കായികതാരങ്ങളുടെ  സര്‍ട്ടിഫിക്കറ്റുകളാണ്  പരിശോധിച്ചത്. ഒാരോ വര്‍ഷവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച കായിക ഇനങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച കായികതാരങ്ങള്‍ക്കാണ് ഇതിലൂടെ നിയമനം ലഭിക്കുക. രണ്ടുമാസത്തിനകം നടപടിക്രമം പൂര്‍ത്തീകരിച്ച് നിയമന ഉത്തരവ് നല്‍കാന്‍ കഴിയും. ഈ സര്‍ക്കാര്‍ വന്നതിനുശേഷം  160 കായിക താരങ്ങള്‍ക്കാണ് വിവിധ വകുപ്പുകളില്‍ ജോലി നല്‍കിയത്.  ഇതുകൂടാതെ സന്തോഷ്‌ട്രോഫിയില്‍ കിരീടം നേടിയ കേരള ടീമിലെ ജോലിയില്ലാത്ത 11 കായികതാരങ്ങള്‍ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top