Top
23
Wednesday, August 2017
About UsE-Paper

ചികില്‍സാ പിഴവ്: കുട്ടി മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്; നടപടി യുവജന കമ്മീഷന്‍ ഇടപെടലിനെ തുടര്‍ന്ന്

Friday Apr 21, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > ചികില്‍സാ പിഴവിനെ തുടര്‍ന്ന് കുട്ടി മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. മലയിന്‍കീഴ്, മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കോട്ടമുകള്‍ വിലങ്കറത്തല കിഴക്കുംകര വീട്ടില്‍ നാലുമാസം പ്രായമുള്ള രുദ്ര എന്ന പെണ്‍കുട്ടി മരിച്ച സംഭവത്തിലാണ് മാതാപിതാക്കള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്.

കഴിഞ്ഞ വര്‍ഷം ജൂലൈ 10നാണ് സുരേഷ് രമ്യ സുരേഷ് ദമ്പതികളുടെ മകളായ രുദ്ര ചികിത്സാപിഴവിനെ തുടര്‍ന്ന് എസ്എടി ആശുപത്രിയില്‍ മരിച്ചത്. ഈ വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ടുകൊണ്ട് കുട്ടിയുടെ മാതാപിതാക്കള്‍ യുവജന കമ്മീഷനെ സമീപിച്ച് പരാതി നല്‍കിയിരുന്നു. പരാതി പരിശോധിച്ച കമ്മീഷന്‍ ചികില്‍സാ പിഴവ് ഉണ്ടായതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 31ന് കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം എന്ന നിലയില്‍ ധനസഹായം നല്‍കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

ധനസഹായം നല്‍കുന്നതു സംബന്ധിച്ച് മറ്റു വകുപ്പുകളില്‍ നിന്ന് പരാതിക്കാരിയ്ക്ക് നഷ്ട പരിഹാര തുക ലഭിച്ചിട്ടില്ല എന്ന് സംസ്ഥാന പോലീസ് മേധാവിയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ഉറപ്പു വരുത്തണമെന്ന് ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കൂടാതെ രുദ്രയുടെ മരണം സംബന്ധിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ വീണ്ടും അന്വേഷിക്കണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരില്‍ നിന്ന് ഇപ്പോള്‍ നല്‍കുന്ന രണ്ടു ലക്ഷം രൂപ ഈടാക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിക്കുന്നു.