Top
16
Saturday, December 2017
About UsE-Paper

ബാങ്കുകളോട് കേന്ദ്രം : ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കണം

Tuesday Mar 21, 2017
മഞ്ജു കുട്ടികൃഷ്ണന്‍

കൊച്ചി > ജീവനക്കാരുടെ ശമ്പളേതര ആനുകൂല്യങ്ങളും മറ്റ് ഉയര്‍ന്ന പ്രതിഫലത്തുകയും വെട്ടിക്കുറയ്ക്കാനാവശ്യപ്പെട്ട് പത്ത് പൊതുമേഖല ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കത്ത്. 

സര്‍ക്കാര്‍ ധനസഹായം വേണമെങ്കില്‍ കത്തിലെ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്ന്് ധനമന്ത്രാലയം കത്തില്‍ പറയുന്നു. കോടികള്‍ കിട്ടാക്കടം എഴുതിത്തള്ളുകയും നിഷ്ക്രിയ ആസ്തി പെരുകാന്‍ അനുവദിക്കുകയും ചെയ്യുന്നതിനിടെയാണ് നഷ്ടക്കണക്കിന്റെ പേരില്‍ജീവനക്കാരെ പിഴിയാനൊരുങ്ങുന്നത്. തൊഴിലാളി യൂണിയനുകളുമായി ചേര്‍ന്ന് ധാരണാപത്രം ഒപ്പുവച്ച് എത്രയുംവേഗം ആനുകൂല്യം വെട്ടിക്കുറയ്ക്കല്‍ പ്രാബല്യത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദതന്ത്രം തുടങ്ങി.

ദേനാ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ആന്ധ്ര ബാങ്ക്, വിജയ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, യൂകോ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ക്കാണ് കത്ത്. ബാങ്കുകളില്‍ പലതും 500 കോടിയോളം രൂപയുടെ മൂലധനസഹായം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഈ ബാങ്കുകളെല്ലാം നിഷ്ക്രിയ ആസ്തികള്‍ കൂടുതലുള്ളവയും  പ്രകടനപരമായി ക്ഷയിച്ചുകൊണ്ടിരിക്കുന്നതുമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

എസ്ബിഐയില്‍ അഞ്ച് അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിച്ച ശേഷം രാജ്യത്താകെ 21 പൊതുമേഖലാബാങ്കുകളാണുള്ളത്. അതില്‍ പത്തെണ്ണത്തിന് കത്ത് ലഭിച്ചു. ശമ്പളത്തിന് പുറമേയുള്ള എല്‍ടിസി, ആശുപത്രി അലവന്‍സ്, ഗതാഗത അലവന്‍സ്, ഹാള്‍ട്ടിങ് അലവന്‍സ് തുടങ്ങിയവ വെട്ടിച്ചുരുക്കണമെന്നാണ് നിര്‍ദേശം.

ഇതിനായി സര്‍ക്കാരും ബാങ്കും ജീവനക്കാരും കക്ഷികളായി ത്രികക്ഷി ധാരണാപത്രമുണ്ടാക്കണം. ധാരണാപത്രമുണ്ടാക്കിയാല്‍ അതനുസരിച്ചുള്ള വേതനം ഈ സാമ്പത്തികവര്‍ഷം തന്നെ നടപ്പിലാക്കും. ഇത് ഒരോ മൂന്നുമാസത്തിലും നിരീക്ഷണവിധേയമാക്കും.

വന്‍തുക വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത വിജയ് മല്യയെപ്പോലുള്ള വന്‍കിട കടക്കാരെ 'ബോധപൂര്‍വം വീഴ്ച വരുത്തുന്നവര്‍' എന്ന് പ്രഖ്യാപിക്കണമെന്ന് മുമ്പ് ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ സംയുക്തസമിതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2015ല്‍ ധനമന്ത്രാലയത്തിന്റെ 'ഇന്ദ്രധനുഷ്' റിപ്പോര്‍ട്ടില്‍ ഈ 'ക്രിമിനല്‍ കടക്കാര്‍' വെറും 'നിസ്സഹകരണ കടക്കാര്‍' മാത്രമായി. കിട്ടാക്കടം പുനഃക്രമീകരിച്ചും പുനര്‍ വര്‍ഗീകരണം നടത്തിയുമാണ് ഇത്രനാള്‍ ഇത്തരക്കാരെ സര്‍ക്കാര്‍ സംരക്ഷിച്ചത്. കിട്ടാക്കടങ്ങള്‍ ബാങ്കുകളുടെ തലയില്‍ കെട്ടിവച്ചതും ഇവരാണ്.

2016 മാര്‍ച്ചിലെ കണക്കനുസരിച്ച് പൊതുമേഖലാ ബാങ്കുകളുടെയാകെ കിട്ടാക്കടം 539.958 കോടി രൂപയാണ്. തലേ സാമ്പത്തിക വര്‍ഷം 278.877 കോടി രൂപയായിരുന്നു. ഒരു വര്‍ഷംകൊണ്ട് 92.63 ശതമാനം കൂടി. എന്നിട്ടും പൊതുമേഖലാ ബാങ്കുകളെല്ലാം ഇപ്പോള്‍ പ്രവര്‍ത്തനലാഭത്തിലാണ്. 1,36,926 കോടി രൂപയാണ് 27 പൊതുമേഖലാബാങ്കുകളുടെ പ്രവര്‍ത്തനലാഭം. അറ്റനഷ്ടം 17,992 കോടി രൂപയും. നിഷ്ക്രിയ ആസ്തികള്‍ തിരിച്ചുപിടിക്കാനുള്ള ശക്തമായ നടപടികളിലൂടെയാണ് ഇത് മറികടക്കേണ്ടതെന്ന  നിലപാടിലാണ് തൊഴിലാളി യൂണിയനുകള്‍.