Top
17
Sunday, December 2017
About UsE-Paper
വിളിച്ച എംഎല്‍എയെ അധിക്ഷേപിച്ചു

108 ആംബുലന്‍സ് എത്തിയില്ല; പൊലിഞ്ഞത് ഒരു ജീവന്‍

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌


പൂച്ചാക്കല്‍ > അത്യാസന്ന നിലയിലുള്ള രോഗിയെ ആശുപ ത്രിയിലെത്തിക്കാന്‍ 108 ആംബുലന്‍സ് വിളിച്ചിട്ട് എത്തിയില്ല. രോഗി മരിച്ചു. വാഹനത്തിനായി എംഎല്‍എയും ഡ്യൂട്ടി ഡോക്ടറും ജീവനക്കാരനെ വിളിച്ചപ്പോള്‍ ധിക്കാരപരമായി പെരുമാറിയെന്നും ആക്ഷേപം.

പെരുമ്പളം പഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ പുന്നേത്ത് വീട്ടില്‍ വാസു (65) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ശക്തമായ ശ്വാസതടസത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ദ്വീപിലുള്ള ഗവ. ആശുപത്രിയില്‍ എത്തിച്ചത്. പരിശോധിച്ച ഡ്യൂട്ടി ഡോക്ടര്‍ ഇദ്ദേഹത്തിന് ഓക്സിജന്‍ നല്‍കിയശേഷം അടിയന്തരമായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു. ഇതിനായി ഡോക്ടര്‍ തന്നെ അരുക്കുറ്റി ആശുപത്രിയില്‍ കിടക്കുന്ന 108 ആബുലന്‍സ് വിളിച്ചെങ്കിലും ദ്വീപിലേക്ക് വരില്ലെന്നും ആംബുലന്‍സ് ഡ്രൈവറായ അരുണ്‍ മറുപടി പറഞ്ഞു. തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ എ എം ആരിഫ് എംഎല്‍എയുടെ സഹായംതേടി. ആംബുലന്‍സ് നല്‍കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചപ്പോഴാണ് കണ്‍ട്രോള്‍ റൂം കൈകാര്യം ചെയ്യുന്ന അരുണ്‍, എംഎല്‍എയോട് ധിക്കാരപരമായി പെരുമാറിയത്. 

ആംബുലന്‍സിനായി ദീര്‍ഘനേരം കാത്തുനിന്നശേഷം സ്വകാര്യവാഹനത്തില്‍ മറുകരയിലേയ്ക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ജങ്കാറില്‍വച്ച് രോഗി മരിച്ചു.

കണ്‍ട്രോള്‍ റൂമിലെ ജിവനക്കാരനായ അരുണിനെയും ആംബുലന്‍സ് ജീവനക്കാരനായ അരുണിനെതിരെയും നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് പ്രീവിലേജ് ആക്ട് പ്രകാരം പരാതി നല്‍കുമെന്ന് എംഎല്‍എ പറഞ്ഞു. 

അത്യാസന്ന നിലയിലുള്ള രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കാതെ വിലപ്പെട്ട ഒരു ജീവന്‍ നഷ്ടപ്പെടുത്തിയ ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ പെരുമ്പളം വില്ലേജ് പ്രസിഡന്റ് വിപിനും സെക്രട്ടറി രാജീവും അധികൃതരോട് ആവശ്യപ്പെട്ടു