Top
17
Sunday, December 2017
About UsE-Paper

തീരദേശ സ്വപ്നങ്ങളിലേക്കുള്ള കൂകിപ്പായലിന് കാല്‍നൂറ്റാണ്ട്

Monday Nov 20, 2017
ലെനി ജോസഫ്


ആലപ്പുഴ > തീവണ്ടി 'കല്‍ക്കരി തിന്നുകയും വെള്ളം മോന്തുകയും' ചെയ്ത കാലത്തൊന്നും തീരദേശത്തെ പഴയ തലമുറപോലും ഇങ്ങനൊരു വാഹനം കണ്ടിട്ടുണ്ടാകില്ല. കടലിരമ്പം കേട്ടുണര്‍ന്നിരുന്ന തീരദേശത്തെ ജനങ്ങളുടെ വികസനസ്വപ്നങ്ങളിലേക്ക്  തീവണ്ടി  കൂകിപ്പാഞ്ഞെത്തിയിട്ട്  25 വര്‍ഷമേ ആയുള്ളൂ. എറണാകുളം, ആലപ്പുഴ ജില്ലകളിലായി 100 കിലോമീറ്റര്‍ നീളത്തിലുള്ള തീരദേശപാത ആലപ്പുഴയുടെ ഗതാഗത വികസന സ്വപ്നങ്ങള്‍ക്ക് ഗതിവേഗം പകര്‍ന്നു. ഗതാഗതത്തിന് ജലമാര്‍ഗ്ഗവും വളരെ വൈകി  വന്‍പാലങ്ങളുടെ നിര്‍മാണത്തോടെ റോഡുമാര്‍ഗ്ഗവും തുറന്നുകിട്ടിയ ആലപ്പുഴയ്ക്ക് കൂകിപ്പായുന്ന തീവണ്ടി കാണാന്‍ ഏറെ കാത്തിരിക്കേണ്ടിവന്നു. നാടിനെയിളക്കിമറിച്ച ആഹ്ളാദാരവങ്ങളോടെയാണ് അന്ന് ജനങ്ങള്‍ തീവണ്ടിയെ വരവേറ്റത്. കായലോര വിനോദസഞ്ചാരവും പുകള്‍പെറ്റ  നെഹ്റുടോഫി വള്ളംകളിയും ലോകമെങ്ങുമുള്ളവരെ ആകര്‍ഷിക്കുന്ന ആലപ്പുഴയുടെമേല്‍ വൈകിയാണെങ്കിലും തീവണ്ടിയുടെ ചൂളംവിളി ചൊരിഞ്ഞ അനുഗ്രഹം ചെറുതല്ല. 

എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു തുടങ്ങി ആലപ്പുഴ കടന്ന്  കായംകുളം ജങ്ഷനില്‍ എത്തുന്ന തീരദേശപാതയില്‍ 18 സ്റ്റേഷനുകള്‍. പ്രധാനം ആലപ്പുഴ, ചേര്‍ത്തല, ഹരിപ്പാട്, അമ്പലപ്പുഴ എന്നിവ. എറണാകുളം ജങ്ഷന്‍ മുതല്‍ ആലപ്പുഴ വരെയുള്ള പാതയുടെ നിര്‍മാണം 1979ലാണ് ആരംഭിച്ചത്. 149 ഹെക്ടറോളം സ്ഥലം ഇതിന് ഏറ്റെടുത്തു. 11 റെയില്‍വേസ്റ്റേഷനുകളും ആറ് വലിയ പാലങ്ങളും നിര്‍മിച്ചു. 54 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിച്ച ഈ പാതയുടെ ഉദ്ഘാടനം 1989 ഒക്ടോബര്‍ 16നായിരുന്നു. 1975ല്‍ പ്രാഥമിക സര്‍വേ നടത്തിയതാണെങ്കിലും വിവിധമേഖലകളില്‍നിന്നുള്ള എതിര്‍പ്പു മൂലം പാതയുടെ റൂട്ട് മാറ്റേണ്ടിവന്നു. ഒടുവില്‍ അന്തിമമായി അംഗീകരിക്കപ്പെട്ടത് എറണാകുളം, കോന്തുരുത്തി, നെട്ടൂര്‍, കുമ്പളം, അരൂര്‍, ചേര്‍ത്തല റൂട്ട്. 1979 ഏപ്രില്‍ 15 നാണ് നിര്‍മാണം തുടങ്ങിയത്.  

രണ്ടാം ഘട്ട നിര്‍മാണം ആലപ്പുഴ, പുന്നപ്ര, അമ്പലപ്പുഴ, ഹരിപ്പാട് വഴി കായംകുളത്ത് എത്തുന്നതായിരുന്നു. 1992 നവംബര്‍ 20ന് ആലപ്പുഴ ജങ്ഷന്‍ - ആലപ്പുഴ റെയില്‍പ്പാതയെ കായംകുളത്തുനിന്നു കൊല്ലത്തേക്കുള്ള പ്രധാന പാതയോടു കൂട്ടിമുട്ടിച്ചതോടെയാണ് തീരദേശപാതയും ജനങ്ങളുടെ ദീര്‍ഘകാലത്തെ അഭിലാഷവും പൂവണിഞ്ഞത്. പൂര്‍ണ്ണമായി വൈദ്യുതീകരിക്കപ്പെട്ട പാതയില്‍ കായംകുളം- ഹരിപ്പാട് റൂട്ടില്‍ പാത ഇരട്ടിപ്പിച്ചു. ഇതിന്റെ ഉദ്ഘാടനം 2012ല്‍ ആയിരുന്നു.


തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് കോട്ടയംവഴി എത്തുന്നതിനെക്കാള്‍ ആലപ്പുഴ വഴി ദൂരം കുറവായതിനാല്‍ ദീര്‍ഘദൂര  തീവണ്ടികള്‍ പലതും ഇപ്പോള്‍ ഈ വഴിയാണ് ഓടുന്നത്. 20 എക്സ്പ്രസ് ട്രെയിനുകളും ഏഴ് പാസഞ്ചര്‍ ട്രെയിനുകളും തീരദേശത്തുകൂടി കടന്നുപോകുന്നു. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദിയും തിരുവനന്തപുരം- ദില്ലി രാജധാനിയുമൊക്കെ അതുകൊണ്ട് ആലപ്പുഴക്കാര്‍ക്കുകൂടി സ്വന്തം.