16 October Tuesday

പ്രളയം: കിണറുകളിലെ വെള്ളം മലിനമായതായി കുഫോസ‌് പഠനം

വെബ് ഡെസ്‌ക്‌Updated: Thursday Sep 20, 2018


കൊച്ചി
പ്രളയം ദുരന്തംവിതച്ച കേരളത്തിലെ മിക്ക പ്രദേശങ്ങളിലെയും കിണറുകളിലെ ജലം മലിനമായി കുടിവെള്ളയോഗ്യമല്ലാതായതായി കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) നടത്തിയ പഠനത്തിൽ കണ്ടെത്തി. പ്രളയംബാധിച്ച പ്രദേശങ്ങളിലെ 4348 കിണറുകളിലെ വെള്ളമാണ് കുഫോസിലെ സോയിൽ ആൻഡ‌് വാട്ടർ അനാലിസസ് ലാബിൽ പരിശോധിച്ചത്.

ആഗസ്റ്റ് 23 മുതൽ സെപ്തംബർ 14 വരെയാണ് സാമ്പിൾ ശേഖരിച്ചത്.  കെമിക്കൽ ഓഷ്യേനോഗ്രഫി വിഭാഗത്തിലെ അധ്യാപിക ഡോ. അനു ഗോപിനാഥിന്റെ നേതൃത്വത്തിലായിരുന്നു പഠനം. കിണറുകളിലെ വെള്ളത്തിൽ കുടിക്കാൻ യോഗ്യമല്ലാത്തവിധം അമ്ലാംശം വർധിച്ചതായാണ‌് കണ്ടെത്തൽ. പെരിയാർ കരകവിഞ്ഞൊഴുകിയ കാലടി, നെടുമ്പാശേരി, ആലുവ മേഖലകളിൽ ഇത് വളരെ കൂടുതലാണ്. അമ്ലാംശം വർധിച്ചതോടൊപ്പം കിണർവെള്ളത്തിലെ ചളിയുടെ തോത് ശരാശരി 30 ശതമാനത്തോളം വർധിച്ചതും ഓക്‌സിജന്റെ അളവ് പരിധിയില്ലാതെ താഴ‌്ന്നതുമാണ്  കിണറുകളെ കുടിവെള്ളയോഗ്യമല്ലാതാക്കിയത്.  ഒരു ലിറ്റർ കുടിവെള്ളത്തിൽ നാല് മില്ലിഗ്രാമെങ്കിലും ഓക്‌സിജൻ ഉണ്ടാകണം. എന്നാൽ, പരിശോധിച്ച മിക്ക സാമ്പിളുകളിലും ഓക്‌സിജന്റെ അളവ് ഇതിലും വളരെ കുറവാണ്.

ശേഖരിച്ച സാമ്പിളുകൾ  രാസപരിശോധനയോടൊപ്പം മൈക്രോ ബയോളജി പരിശോധനയ‌്ക്കും വിധേയമാക്കി. 90 ശതമാനം കിണറുകളിലെ വെള്ളത്തിലും അനുവദനീയമായതിന്റെ പതിന്മടങ്ങ് ഇ‐കോളി ബാക്ടിരിയയുടെ സാന്നിധ്യമുണ്ടെന്നാണ് പരിശോധന കാണിക്കുന്നത‌്. പ്രളയത്തിലൂടെ ജലസ്രോതസ്സുകളിൽ വൻതോതിൽ വിസർജ്യമാലിന്യം കലർന്നിട്ടുണ്ടെന്നാണ് ഡോ. എം പി സഫീനയുടെ നേതൃത്വത്തിൽ നടന്ന ബാക്ടീരിയപരിശോധനയിൽ വ്യക്തമായത്. പ്രളയബാധിത പ്രദേശങ്ങളിലെ 30 ശതമാനം കിണറുകളിലും  അനുവദനീയമായതിനേക്കാൾ  ഉയർന്ന അളവിൽ ഇ‐കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ട‌്.

മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗംമൂലം വയറിളക്കം, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യരോഗങ്ങൾ പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. അതിനാൽ  പ്രളയബാധിത പ്രദേശങ്ങളിലെ കിണറുകളിലെ കുടിവെള്ളം നന്നായി ശുദ്ധീകരിച്ചശേഷം തിളപ്പിച്ചുമാത്രമേ കുടിക്കാവൂവെന്ന് ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.  കിണറുകളിൽ ക്ലോറിനേഷനും സൂപ്പർ ക്ലോറിനേഷനും നടത്തിവേണം വെള്ളം ശുദ്ധീകരിക്കാൻ. അതിനുശേഷം കഴിയുന്നതും ഫിൽട്ടർ ചെയ്തുവേണം വെള്ളം ഉപയോഗിക്കാൻ. പരമ്പരാഗതരീതിയിൽ കഴുകിയ മണലും ചിരട്ടക്കരിയും ചേർത്ത മിശ്രിതം കിഴിക്കെട്ടി ആഴ്ചയിൽ നാലു ദിവസം എന്നതോതിൽ വെള്ളത്തിൽ താഴ്ത്തി കിണർവെള്ളം അരിക്കുന്ന രീതിയും ഫലപ്രദമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

പൊതുജനപങ്കാളിത്തത്തോടെയാണ് കുഫോസിലെ ശാസ്ത്രജ്ഞർ കുടിവെള്ളസാമ്പിളുകൾ ശേഖരിച്ചത്.
 


പ്രധാന വാർത്തകൾ
Top