Top
17
Sunday, December 2017
About UsE-Paper

17 സബ്സിഡി സാധനങ്ങളുമായി തീരമാവേലി ഒക്ടോബറില്‍

Wednesday Sep 20, 2017
വെബ് ഡെസ്‌ക്‌


കൊച്ചി > തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സബ്സിഡിനിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന തീരമാവേലി പദ്ധതി ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. എട്ട് ജില്ലകളില്‍ 17 വിപണനകേന്ദ്രങ്ങളിലാണ് തീരമാവേലി ആരംഭിക്കുന്നത്. ഇതിനായി സപ്ളൈകോയും ഫിഷറീസ്വകുപ്പിനു കീഴില്‍ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയും (എസ്എഎഫ്-സാഫ്)യും ധാരണപത്രം ഒപ്പിട്ടു.

രണ്ടുലക്ഷത്തോളം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന തീര മാവേലിയില്‍ 13 ഇനം സാധനങ്ങള്‍ സബ്സിഡിനിരക്കില്‍ ലഭ്യമാക്കും. സബ്സിഡിയില്ലാത്ത ഇനങ്ങളും കിട്ടും. എറണാകുളത്തെ എടവനക്കാട്, എളങ്കുന്നപ്പുഴ, തൃശൂരിലെ പെരിഞ്ഞനം, മലപ്പുറത്തെ തിരൂര്‍, പരപ്പനങ്ങാടി, കോഴിക്കോട് വെസ്റ്റ്ഹില്‍ ഭഗവാന്‍മുക്ക് ബീച്ച്, കൊയിലാണ്ടി, നടക്കാവ്, കണ്ണൂരിലെ പഴയങ്ങാടി, കാസര്‍കോട്ടെ നീലേശ്വരം, തൃക്കരിപ്പൂര്‍, മാടക്കാവ്, തിരുവനന്തപുരത്തെ തെന്നൂര്‍കോണം, കൊല്ലത്തെ കുഴീത്തുറ, അഞ്ചാലുംമൂട് എന്നിവിടങ്ങളിലെ തീരമൈത്രി സൂപ്പര്‍മാര്‍ക്കറ്റുകള്‍വഴിയാണ് തീരദേശവാസികള്‍ക്ക് നിത്യോപയോഗസാധനങ്ങള്‍ എത്തിക്കുന്നത്. മത്സ്യത്തൊഴിലാളി സ്ത്രീകളുടെ നേതൃത്വത്തിലുള്ള ആക്ടിവിറ്റി ഗ്രൂപ്പുകള്‍ നടത്തുന്ന സൂപ്പര്‍മാര്‍ക്കറ്റുകളെയും കമ്യൂണിറ്റി പ്രൊവിഷണല്‍ സ്റ്റോറുകളെയുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സപ്ളൈകോയുടെ വിവിധ ഡിപ്പോകളില്‍നിന്ന് സാഫ് അധികൃതര്‍ സാധനങ്ങളെടുത്ത് സൂപ്പര്‍മാര്‍ക്കറ്റുകളിലും സ്റ്റോറുകളിലും എത്തിച്ച് വില്‍പ്പന നടത്താനാണ് ധാരണ. തീര മൈത്രി സൂപ്പര്‍മാര്‍ക്കറ്റുകളിലെയും പ്രൊവിഷണല്‍ സ്റ്റോറുകളിലെയും ജീവനക്കാര്‍ക്ക് ഇതുസംബന്ധിച്ച് സപ്ളൈകോ പരിശീലനം നല്‍കും.

മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മയും പി തിലോത്തമനും നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തീരമാവേലി പദ്ധതി തുടങ്ങാന്‍ തീരുമാനിച്ചത്. സപ്ളൈകോ എംഡി എ പി എം മുഹമ്മദ് ഹനീഷും സാഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി ആര്‍ സത്യവതിയും ഇതുസംബന്ധിച്ച് ധാരണപത്രം ഒപ്പുവച്ചു. ചടങ്ങില്‍ സപ്ളൈകോ മാര്‍ക്കറ്റിങ് മാനേജര്‍ ആര്‍ എന്‍ സതീഷ്, ജൂനിയര്‍ മാനേജര്‍ സതീഷ് ബാബു, സാഫ് ഫിനാന്‍സ് ഓഫീസര്‍ ഒ കെ ഹര്‍ഷിത കുമാര്‍, റിസര്‍ച്ച് അസിസ്റ്റന്റ് പി എസ് ശിവപ്രസാദ് എന്നിവരും പങ്കെടുത്തു.