15 November Thursday

സർവകലാശാലകളിൽ പ്രവേശനവും പരീക്ഷയും ഒരേസമയം ; പ്രത്യേക സോഫ‌്റ്റ‌്‌വെയർ തയ്യാറാക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 20, 2018




തിരുവനന്തപുരം
സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും പ്രവേശനവും പരീക്ഷകളും  ഒരേസമയത്ത് നടത്താൻ പ്രത്യേക സോഫ്റ്റ്‌വെയർ തയ്യാറാക്കിവരികയാണെന്ന് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.

കലിക്കറ്റ് സർവകലാശാലയിൽ എല്ലാ പരീക്ഷകളുടെയും ഫലം സെപ്റ്റംബറിനുമുമ്പ് പ്രസിദ്ധപ്പെടുത്തി സർ‌ട്ടിഫിക്കറ്റുകളും വിതരണം ചെയ്യാൻ സിൻഡിക്കറ്റ് തീരുമാനിച്ചു.  2018ലെ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല (ഭേദഗതി) ബിൽ, 2018ലെ കേരള സർവകലാശാല (ഭേദഗതി) ബിൽ, 2018ലെ കേരള സർവകലാശാല (സെനറ്റിന്റെയും സിൻഡിക്കറ്റിന്റെയും താൽക്കാലിക ബദൽ ക്രമീകരണം) ബിൽ എന്നിവയുടെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

രാജ്യത്തെ എല്ലാ സർവകലാശാലകളുടെയും സിലബസ് ശാസ്ത്രീയമായി പഠിച്ച് ഇവിടത്തെ സർവകലാശാലകളിലെ കോഴ്സുകൾക്ക് സമാനമായവ കണ്ടെത്തി തുല്യ സർട്ടിഫിക്കറ്റ്  നൽകും. ന്യൂജെൻ കോഴ്സുകൾ പലതും വേഗത്തിൽ അപ്രസക്തമാകുന്നതാണ് പതിവ്. അതിനാൽ അടിസ്ഥാനവിഷയങ്ങൾ വികസിപ്പിച്ച് ഉന്നതതല വിദ്യാഭ്യാസരംഗത്ത് പുതിയ കോഴ്സുകൾ തുടങ്ങും. ഉന്നതവിദ്യാഭ്യാസ നിലവാരം ഉയർത്താൻ സർവകലാശാലകൾക്കുവേണ്ടി ഒരു സമഗ്ര നിയമനിർമാണം വേണം. കേരള സർവകലാശാല സെനറ്റിലും സിൻഡിക്കറ്റിലും വിവരസാങ്കേതിക വിദ്യാരംഗത്തിനുകൂടി പ്രാതിനിധ്യം ലഭിക്കാനുദ്ദേശിച്ചുള്ളതാണ്  കേരള സർവകലാശാല ഭേദഗതി ബില്ലെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാർ കോളേജ് പ്രിൻസിപ്പൽമാരുടെ വിഭാഗത്തിൽനിന്നും എയ്ഡഡ് കോളേജ് പ്രിൻസിപ്പൽമാരുടെ വിഭാഗത്തിൽനിന്നും മൂന്നുവീതവും അൺ എയ്ഡഡ് കോളേജ് പ്രിൻസിപ്പൽമാർക്കിടയിൽനിന്ന് ഒന്നും എന്ന ക്രമത്തിലാണ് അംഗങ്ങളെ തെരഞ്ഞെടുക്കുക. മൂന്നു മണ്ഡലങ്ങളിലായി പ്രത്യേകം തെരഞ്ഞെടുപ്പ‌് നടത്താനാകും.
 സെനറ്റ‌്, സിൻഡിക്കറ്റ‌് തെരഞ്ഞെടുപ്പിന‌് ഒരുക്കം തുടങ്ങിയെങ്കിലും കോടതിവിധി കാരണം തടസ്സപ്പെട്ടു.

എല്ലാ സർവകലാശാലകളിലെയും അധ്യാപകരുടെ വിരമിക്കൽ പ്രായം തുല്യമാക്കാനുദ്ദേശിച്ചാണ് 2018ലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല (ഭേദഗതി) ബിൽ. അധ്യാപകരുടെ വിരമിക്കൽ തീയതി അക്കാദമിക‌ വർഷത്തിനിടെയാണെങ്കിൽ, അവരുടെ സർവീസ് അക്കാദമിക വർഷത്തിന്റെ അവസാനംവരെ നീട്ടും. വിരമിക്കൽമൂലം വിദ്യാർഥികൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇത് സഹായകമാകും. മൂന്നു ബില്ലുകളും സഭ പാസാക്കി.

പ്രധാന വാർത്തകൾ
Top