Top
27
Saturday, May 2017
About UsE-Paper

വികസന, ക്ഷേമ പദ്ധതികള്‍ക്ക് തുടക്കം

Saturday May 20, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നിരവധി വികസന, ക്ഷേമപദ്ധതികള്‍ക്ക് തുടക്കമാകും. ശനിയാഴ്ച വൈകിട്ട് അഞ്ചിന് പത്തനംതിട്ട റാന്നി സിവില്‍ സ്റ്റേഷന്‍ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 21ന് ഇടുക്കി കട്ടപ്പനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പട്ടയവിതരണം നടത്തും. പകല്‍ 11ന് നടക്കുന്ന ചടങ്ങില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. 21ന് പകല്‍ 11ന് വയനാട് കാരാപ്പുഴ ടൂറിസം പദ്ധതി നിര്‍മാണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.

22ന് വൈകിട്ട് നാലിന് തിരുവനന്തപുരം വിജെടി ഹാളില്‍ വ്യവസായ, വിദ്യാഭ്യാസ വകുപ്പുകള്‍ സംഘടിപ്പിക്കുന്ന  കൈത്തറി യൂണിഫോം വിതരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് ഒരുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ പ്രതിപാദിക്കുന്ന പ്രദര്‍ശനം നടത്തും.
വൈകിട്ട് അഞ്ചിന് തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലില്‍ മാധ്യമരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച്  'റെസ്പോണ്‍സിബിള്‍ മീഡിയ' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും. 23ന് വൈകിട്ട് അഞ്ചിന് കൊല്ലം പുനലൂരില്‍ ലൈഫ് മിഷന്റെ ഭാഗമായി നിര്‍മിക്കുന്ന ഫ്ളാറ്റുകളുടെ തറക്കല്ലിടല്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. 24ന് രാവിലെ 10ന് 'വഴികാട്ടുന്ന കേരളം' എന്ന വിഷയത്തില്‍ കൊല്ലത്ത് സെമിനാര്‍ നടക്കും.  വൈകിട്ട് അഞ്ചിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 'ആര്‍ദ്രം' പദ്ധതിയുടെ ഭാഗമായി ഒപി നവീകരണപദ്ധതിയുടെ ഉദ്ഘാടനവും നടക്കും. 27ന് പകല്‍ 11ന് കൊല്ലത്ത്  'മത്സ്യോത്സവത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. വൈകിട്ട് നാലിന് തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൌസില്‍ പ്രധാന മാധ്യമങ്ങളുടെ പത്രാധിപന്‍മാരുമായുള്ള മുഖ്യമന്ത്രിയുടെ 'എഡിറ്റേഴ്സ് മീറ്റ്' നടക്കും.

28ന് രാവിലെ 10ന് തൃശൂരില്‍ കായികമന്ത്രി എ സി മൊയ്തീന്‍ 'ഓപ്പറേഷന്‍ ഒളിമ്പ്യ' പദ്ധതി ഉദ്ഘാടനംചെയ്യും. 11ന് തൃശൂര്‍ ലളിതകലാ അക്കാദമി ഹാളില്‍ ചിത്രകലാപ്രദര്‍ശനവും കരകൌശലമേളയും മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ആലപ്പുഴയില്‍  വൈകിട്ട് നാലിന് നടക്കുന്ന കുടുംബശ്രീ വാര്‍ഷികം മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും.

29ന് രാവിലെ എട്ടിന് ആറന്മുളയില്‍ നടക്കുന്ന വരട്ടാര്‍ പുനരുജ്ജീവനപദ്ധതി മന്ത്രി ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. 10ന് മലപ്പുറം തുഞ്ചന്‍പറമ്പില്‍ സാംസ്കാരിക കൂട്ടായ്മയും ടൂറിസം പദ്ധതി ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും. പകല്‍ 12ന് കോഴിക്കോട് തിരുവങ്ങൂര്‍ കാലിത്തീറ്റ ഫാക്ടറി കമീഷനിങ്ങും ഉച്ചകഴിഞ്ഞ്  മൂന്നിന് കോഴിക്കോട് സൈബര്‍ പാര്‍ക്കും മുഖ്യമന്ത്രി  ഉദ്ഘാടനംചെയ്യും. വൈകിട്ട് 4.30ന് സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം കോഴിക്കോട്ട് മുഖ്യമന്ത്രി നിര്‍വഹിക്കും.

30ന് രാവിലെ 10ന് എറണാകുളം ടൌണ്‍ ഹാളില്‍ നവതലമുറ വ്യവസായങ്ങളും കേരളവും എന്ന സെമിനാര്‍ നടക്കും. മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും. കോട്ടയത്ത് കാര്‍ഷിക സെമിനാര്‍  മന്ത്രി  വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനംചെയ്യും. രാവിലെ 10ന്  കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ക്കുള്ള സൈക്കിള്‍ വിതരണം മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ നിര്‍വഹിക്കും. 11ന് തിരുവനന്തപുരത്ത് കൃഷിവകുപ്പിന്റെ 'സമേതി' കെട്ടിടം കൃഷിമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് കോട്ടയത്ത് വിദ്യാഭ്യാസ വായ്പാ സഹായപദ്ധതി മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്യും. 31ന് വൈകിട്ട് അഞ്ചിന് വര്‍ക്കലയില്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.

ജൂണ്‍ ഒന്നിന് രാവിലെ 10ന് വയനാട് മുള്ളംകൊല്ലിയില്‍ പുല്‍പ്പള്ളി നീര്‍ത്തടാധിഷ്ഠിത പദ്ധതിയായ 'സുജലം സുലഭം' കൃഷിമന്ത്രി ഉദ്ഘാടനംചെയ്യും. വൈകിട്ട് അഞ്ചിന് വിഴിഞ്ഞം തുറമുഖത്തിന്റെ ബര്‍ത്ത് പൈലിങ് മുഖ്യമന്ത്രി  ഉദ്ഘാടനംചെയ്യും. രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന്് 'അഴിമതിരഹിത ഭരണം, ഭരണനവീകരണം' സെമിനാര്‍ തിരുവനന്തപുരത്ത് ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്യും.

രണ്ടിന് രാവിലെ 10ന്് കഴക്കൂട്ടം കിന്‍ഫ്രയില്‍ ഫിലിം ആര്‍ക്കൈവ്സിന്റെ തറക്കല്ലിടല്‍ മന്ത്രി എ കെ ബാലന്‍ നിര്‍വഹിക്കും. മൂന്നിന്  രാവിലെ 10ന് വയനാട്ടില്‍ 'ആദിവാസി ഗോത്രബന്ധു' എന്ന ഗോത്രഭാഷാധ്യാപക നിയമന പദ്ധതി മുഖ്യമന്ത്രി  ഉദ്ഘാടനംചെയ്യും. വൈകിട്ട് നാലരയ്ക്ക് കര്‍മ റോഡ് ഒന്നാംഘട്ട ഉദ്ഘാടനവും രണ്ടാംഘട്ട ശിലാസ്ഥാപനവും മലപ്പുറത്ത് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും.നാലിന് വൈകിട്ട് മൂന്നിന് കണ്ണൂരില്‍ മതസൌഹാര്‍ദസമ്മേളനം വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്യും.

അഞ്ചിന് രാവിലെ 10ന് ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടീല്‍ ഉദ്ഘാടനം തിരുവനന്തപുരത്ത്  ഗവര്‍ണര്‍ പി സദാശിവം നിര്‍വഹിക്കും.  കോഴിക്കോട് നടക്കാവ് സ്കൂളില്‍ നടക്കുന്ന 'നന്മമരം വിതരണം' മന്ത്രി  സി രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്യും. വൈകിട്ട് അഞ്ചിന് കണ്ണൂരില്‍ പാഠപുസ്തക വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. ജൂണ്‍ അഞ്ചിന് വൈകിട്ട് ആറിന് കോഴിക്കോട് ബീച്ചില്‍  വാര്‍ഷികാഘോഷങ്ങളുടെ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Related News

കൂടുതൽ വാർത്തകൾ »