Top
27
Saturday, May 2017
About UsE-Paper

പൊതുവിദ്യാലയം ഇല്ലാതായാല്‍ സാര്‍വത്രിക വിദ്യാഭ്യാസം തകരും: മുഖ്യമന്ത്രി

Saturday May 20, 2017
വെബ് ഡെസ്‌ക്‌

കണ്ണൂര്‍ > പൊതുവിദ്യാലയം ഇല്ലാതായാല്‍ നാട്ടില്‍ സാര്‍വത്രികമായ വിദ്യാഭ്യാസം ഇല്ലാതാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോളവല്‍ക്കരണം രാജ്യത്ത് നടപ്പായതോടെ വിദ്യാഭ്യാസം ലാഭമുണ്ടാക്കുന്നതിനുള്ള മാര്‍ഗമായി . വലിയ ഫീസില്ലാതെ ഇടത്തരക്കാരന്റെ മക്കള്‍ക്ക് അത്തരം വാണിജ്യസ്കൂളുകളില്‍ പഠിക്കാന്‍ കഴിയുന്നത് പൊതുവിദ്യാലയങ്ങള്‍ ഉള്ളതുകൊണ്ടാണ്. അവ ഇല്ലാതായാല്‍ ഫീസും മറ്റുചാര്‍ജുകളും പതിന്മടങ്ങ് വര്‍ധിക്കും. സാധാരണക്കാരന്റെ മക്കള്‍ക്ക്  പ്രീപ്രൈമറി മുതലുള്ള പഠനം അപ്രാപ്യമാവും. അത് തടയാന്‍ പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുത്തുകയേ പോംവഴിയുള്ളൂ.

നമ്മുടെ സ്കൂളുകള്‍ മികവിന്റെ കേന്ദ്രമാവണം. ക്ളാസ് മുറികള്‍ മെച്ചപ്പെട്ടതാവണം. പഠനകാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന വിദ്യാഭ്യാസരീതിയിലേക്ക് മാറണം.

സാങ്കേതിക വിദ്യയിലൂന്നിയ നൂതന പഠനരീതി അവലംബിക്കണം. നല്ല ലൈബ്രറിയും സ്ത്രീസൌഹൃദ ശൌചാലയങ്ങളും വേണം. കുട്ടികളില്‍ കലാകായിക കഴിവും വളര്‍ത്താനാവണം. സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് സര്‍ക്കാരിന്റെ സഹായമുണ്ടാവും. സാമൂഹ്യപ്രതിബദ്ധതയോടെ മാനേജ്മെന്റുകള്‍ നടത്തുന്ന സ്കൂളുകളും മെച്ചപ്പെടണം. അതിനായി ഒരു കോടി രൂപവരെ സഹായം നല്‍കും- മുഖ്യമന്ത്രി പറഞ്ഞു.