16 July Monday

അമ്പലമുകള്‍ ഗവ. വിഎച്ച്എസ്എസ് പുനര്‍നിര്‍മിക്കണം: ജനകീയ കണ്‍വന്‍ഷന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Dec 19, 2017

അമ്പലമുകള്‍ > ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍നിന്നുണ്ടായ വിഷവാതകച്ചോര്‍ച്ചയെത്തുടര്‍ന്ന് ഫാക്ടിലെ പഴയകെട്ടിടത്തിലേക്ക് താല്‍ക്കാലിക സൌകര്യങ്ങളോടെ മാറ്റിസ്ഥാപിച്ച അമ്പലമുകള്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ആധുനിക സൌകര്യങ്ങളോടെ പുനര്‍നിര്‍മിക്കണമെന്നും സ്കൂള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കരിമുകള്‍ മിനി സ്റ്റേഡിയത്തില്‍ ജനകീയ കണ്‍വന്‍ഷന്‍ നടന്നു. 

കണ്‍വന്‍ഷന്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി കെ അയ്യപ്പന്‍കുട്ടി ഉദ്ഘാടനംചെയ്തു. അമ്പലമുകളിന്റെ പൈതൃകസമ്പത്തായ ശതാബ്ദി പിന്നിട്ട സ്കൂള്‍ വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹൈസ്കൂളാണ്. ബിപിസിഎല്‍ കൊച്ചി റിഫൈനറിയുടെ അശാസ്ത്രീയമായ സ്ഥലമെടുപ്പും മലിനീകരണവുമാണ് സ്കൂളിനെ അനാഥമാക്കിയതെന്നും അതിനാല്‍ ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം കമ്പനി ഏറ്റെടത്ത്  കമ്പനിതന്നെ മുന്‍കൈയെടുത്ത് സ്കൂള്‍ പുനഃസ്ഥാപിക്കണമെന്ന് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. 27ന് ഈ ആവശ്യങ്ങളുന്നയിച്ച് കമ്പനിഗേറ്റിനുമുന്നില്‍ ജനകീയധര്‍ണ നടത്തും.

പഞ്ചായത്ത് പ്രസിഡന്റ് പി കെ വേലായുധന്‍ അധ്യക്ഷനായി. വാര്‍ഡ് അംഗം അശോക്കുമാര്‍ സ്വാഗതവും പിടിഎ പ്രസിഡന്റ് ബിനോയ് നന്ദിയും പറഞ്ഞു. ബ്ളോക്ക് പഞ്ചായത്തംഗം ഗീതാ സുകുമാരന്‍, ലീന മാത്യു, എന്‍ കെ ജോര്‍ജ്, അബ്ദുള്‍ ബഷീര്‍, നാരായണന്‍ നായര്‍, ഓമനക്കുട്ടന്‍, ടി ബി നാസര്‍, സി എം ജോയി, കെ പി ശിവന്‍ എന്നിവര്‍ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top