22 September Saturday

ചെങ്ങന്നൂർ കര കയറുന്നു; കരയ്‌ക്കെത്തിച്ചത‌് 6000 പേരെ

സ്വന്തം ലേഖകൻUpdated: Sunday Aug 19, 2018

പുതുജീവിതത്തിലേക്ക്‌... ആലുവയിൽ വീടിനകത്ത്‌ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തിയപ്പോൾ

ചെങ്ങന്നൂർ > മഹാപ്രളയത്തിന്റെ ചുഴിയിലകപ്പെട്ട ചെങ്ങന്നൂരിൽ അത്യപൂർവമായ രക്ഷാപ്രവർത്തനം. മത്സ്യത്തൊഴിലാളികളും വ്യോമ﹣കര﹣നാവികസേനയും നാട്ടുകാരും ശനിയാഴ‌്ച നടത്തിയ തീവ്ര രക്ഷാദൗത്യത്തിൽ കരയ‌്ക്കെത്തിയത‌്  ആയിരങ്ങൾ. ആറായിരത്തിലധികം പേരെ മത്സ്യത്തൊഴിലാളികൾ മാത്രം ബോട്ടുകളിൽ രക്ഷിച്ചു. ശനിയാഴ‌്ച ഒരടിയോളം വെള്ളം കുറഞ്ഞെങ്കിലും  പല സ്ഥലത്തും കനത്ത  കുത്തൊഴുക്കും മഴയും കാറ്റും രക്ഷാപ്രവർത്തനത്തിന‌് പ്രതിബന്ധമായി. അതിനെ മറികടന്നത‌്  മത്സ്യത്തൊഴിലാളികളുടെ ഇഛാശക്തിയും മനോവീര്യവും കൊണ്ടാണ‌്. പാണ്ടനാട‌്, ചെറിയനാട‌്, ഇടനാട‌്, കൊല്ലകടവ‌്, വെൺമണി എന്നിവിടങ്ങളിലായിരുന്നു മത്സ്യത്തൊഴിലാളികൾ ഇറങ്ങിയത‌്. രക്ഷപെടുത്തിയവരെ അച്ചൻകോവിലാറിന്റെ മറുകരയിലെയും ചെറിയനാ‌ടിന്റെയും ചെങ്ങന്നൂരിന്റെയും ഉയർന്നഭാഗങ്ങളിലെ ക്യാമ്പുക‌ളിലെത്തിച്ചു.

കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽനിന്ന‌് 129 ബോട്ടുകളാണ‌് ഇതിനായി എത്തിച്ചത‌്. വെള്ളിയാഴ‌്ച കൊല്ലത്തുനിന്നും രക്ഷാപ്രവർത്തനത്തിന‌് എട്ട‌് മത്സ്യത്തൊഴിലാളികളുമായി വന്ന ബോട്ട‌് ദിശതെറ്റി കാണാതായിരുന്നു. ശനിയാഴ‌്ച പുലർച്ചെ വീയപുരത്തെത്തിയ ഇൗ ബോട്ടും നിരവധി ജീവനുകൾ കരയ‌്ക്കെത്തിക്കാൻ മുൻപന്തിയിലുണ്ടായി.

വ്യോമസേനയുടെ രക്ഷാപ്രവർത്തനം പ്രധാനമായും നടന്ന രണ്ടിടങ്ങളിലൊന്ന‌് ചെങ്ങന്നൂരാണ‌്. മുഖ്യമന്ത്രിയടക്കമുള്ളവരുടെ ഇടപെടൽ മൂലം ശനിയാഴ‌്ച കോപ്റ്ററിന്റെ എണ്ണം ഏഴാക്കി. തുരുത്തുകളും മറ്റും കേന്ദ്രീകരിച്ചായിരുന്നു ശനിയാഴ‌്ച രക്ഷാപ്രവർത്തനം. ഭക്ഷണവും ജീവൻരക്ഷാമരുന്നുകളും അടക്കം ഹെലികോപ‌്റ്ററുകളിൽ വിതരണം ചെയ‌്തു. ചിലർ ഹെലികോപ‌്റ്ററുകളിൽ കയറാൻ വിമുഖതകാട്ടുന്നതായി അധികൃതർ പറഞ്ഞു. നാവികസേനയും കൂടുതൽ അംഗങ്ങളുമായി രംഗത്തെത്തി. സേനയുടെ 15 ടീം ഉണ്ട‌്. സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഭക്ഷ്യസാധനങ്ങളും വസ‌്ത്രങ്ങളുമടക്കം ചെങ്ങന്നൂരിൽ എത്തിച്ചു. കരമാർഗം ഒറ്റപ്പട്ട പ്രദേശത്ത‌് മന്ത്രി ജി സുധാകരൻ എത്തി രക്ഷാപ്രവർത്തനത്തിന‌് നേതൃത്വം നൽകി. മന്ത്രി പി തിലോത്തമനും ചെങ്ങന്നൂരിലുണ്ട‌്.

കുട്ടനാട‌്, അപ്പർകുട്ടനാട‌് മേഖലകളിൽനിന്നായി ഏകദേശം 50,000 കുടുംബങ്ങളിലെ രണ്ടു ലക്ഷത്തോളം പേരെ പുറക്കാട‌് മുതൽ കണിച്ചുകുളങ്ങര വരെയുള്ള ക്യാമ്പുക‌ളിലും ചങ്ങനാശേരിയിലെ ക്യാമ്പുകളിലും എത്തിച്ചു. എറണാകുളം ജില്ലയിലെ ദുരിതബാധിതരെ ചേർത്തല താലൂക്കിൽ താമസിപ്പിച്ചിട്ടുണ്ട‌്. സിപിഐ എം നേതൃത്വത്തിൽ സംഭരിച്ച അരിയും ഭക്ഷണസാധനങ്ങളും വസ‌്ത്രങ്ങളും വെള്ളവും സോപ്പുകളും ബെഡ‌്ഷീറ്റുകളും എത്തിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top