17 October Wednesday

പ്രതിപക്ഷം ഒറ്റക്കെട്ട‌്: മോഡിക്കെതിരെ അവിശ്വാസം; ചർച്ച നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

ന്യൂഡൽഹി > മോഡി സർക്കാരിനെതിരായ അവിശ്വാസപ്രമേയം ലോക്സഭയിൽ വെള്ളിയാഴ്ച ചർച്ചചെയ്യും. മറ്റ് നടപടികൾ നിർത്തിവച്ച് അവിശ്വാസപ്രമേയം ചർച്ചചെയ്യാൻ സഭയുടെ കാര്യോപദേശകസമിതി യോഗം തീരുമാനിച്ചു.  മുഹമ്മദ് സലിം (സിപിഐ എം), മല്ലികാർജുൻ ഖാർഗെ (കോൺഗ്രസ്) എന്നിവരടക്കം അവിശ്വാസപ്രമേയനോട്ടീസ് നൽകിയെങ്കിലും ആദ്യം നോട്ടീസ് നൽകിയെന്ന പരിഗണനയിൽ ടിഡിപി അംഗം കെസനേനി ശ്രീനിവാസിനാണ് അവതരണാനുമതി.

പ്രമേയത്തിനനുകൂലമായി സിപിഐ എം, കോൺഗ്രസ്, ടിഎംസി, എസ്പി, എഎപി, എൻസിപി, ആർജെഡി അംഗങ്ങൾ എഴുന്നേറ്റു. പ്രമേയം പരിഗണിക്കാൻ മതിയായ പിന്തുണ ലഭിച്ചതായി സ്പീക്കർ സുമിത്ര മഹാജൻ അറിയിച്ചു.  ഉടൻ ചർച്ച വേണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്ന് കാര്യോപദേശകസമിതി യോഗം ചേർന്ന് തീയതി നിശ്ചയിക്കുകയായിരുന്നു. സർക്കാരിന്റെ ഭരണപരാജയം, കർഷകആത്മഹത്യ, ബാങ്ക് വായ്പ കുംഭകോണം, സ്ത്രീകൾക്കും ദളിതർക്കും എതിരായ ആക്രമണങ്ങൾ,  സാമ്പത്തികപ്രതിസന്ധി, ആന്ധ്രപ്രദേശിനോടുള്ള അവഗണന എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ്  നോട്ടീസ് നൽകിയത്.
പാർലമെന്റ‌് ബജറ്റ് സമ്മേളനത്തിൽ അവിശ്വാസപ്രമേയം ചർച്ചചെയ്യാൻ പ്രതിപക്ഷം നോട്ടീസ് നൽകി. ഇതേ തുടർന്ന് സമ്മേളനം പൂർണമായി സ്തംഭിച്ചു.

പ്രധാന വാർത്തകൾ
Top