22 September Saturday

അഭിമന്യു കൊലപാതകം: കൊലയ‌്ക്ക‌ുപിന്നിൽ 45 അംഗ സംഘം

ഡി ദിലീപ‌്Updated: Thursday Jul 19, 2018

കൊച്ചി > വൻ മുന്നൊരുക്കങ്ങൾക്ക‌് ശേഷമാണ‌് പോപ്പുലർ ഫ്രണ്ടുകാർ മഹാരാജാസിൽ കൊലപാതകത്തിനായി എത്തിയത‌്. എസ‌്എഫ‌്ഐ പ്രവർത്തകരെ നേരിടാൻ, ഇവ ആസൂത്രണംചെയ്യാൻ, സംഭവശേഷം പ്രതികളെ സഹായിക്കാൻ, സമൂഹമാധ്യമങ്ങളിൽ അനുകൂലമായ പ്രചാരണം നടത്താൻ എല്ലാത്തിനും  പ്രത്യേകം  സംഘങ്ങളെ തയ്യാറാക്കി നിർത്തി.

പിടിയിലായ മുഖ്യപ്രതി മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ 45 ലേറെ പേരിലേക്ക‌ാണ‌് അന്വേഷണം നീങ്ങുന്നത‌്.  ക്രമിനൽ സംഘത്തിലെ 15 പേർ മാത്രമാണ‌് പ്രതികളെന്നു കരുതിയ അന്വേഷണം ഇതോടെ വിപുലമാകുകയാണ‌്. പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന ഭാരവാഹികളിൽ ചിലരടക്കം ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളാകാൻ സാധ്യതയുണ്ടെന്നും പൊലീസ‌് വൃത്തങ്ങൾ പറയുന്നു. നെട്ടൂരിൽനിന്നുവന്ന രണ്ട‌് പോപ്പുലർ ഫ്രണ്ട‌് പ്രവർത്തകരാണ‌് അഭിമന്യുവിനെയും അർജുനെയും  കുത്തിയതെന്നും എസ‌്എഫ‌്ഐ പ്രവർത്തകരെ താനാണ‌് ചൂണ്ടിക്കാണിച്ചുകൊടുത്തതെന്നും മുഹമ്മദ‌് പൊലീസിനോടു പറഞ്ഞു.

മഹാരാജാസിൽ എസ‌്എഫ‌്ഐയുടെ ആധിപത്യം അംഗീകരിക്കരുതെന്നും അവർ എഴുതാനിരുന്ന മതിലിലായാലും ചുവരെഴുതണമെന്നും പോപ്പുലർ ഫ്രണ്ട‌് ജില്ലാകമ്മിറ്റിയാണ‌് തീരുമാനിച്ചത‌്. എന്നാൽ മഹാരാജാസിൽ മൂന്നോ നാലോ പ്രവർത്തകർ മാത്രമാണ‌് ക്യാമ്പസ‌് ഫ്രണ്ടിനുള്ളത‌്. അതിനാൽ പുറമെനിന്നുള്ള സംഘത്തിന്റെ സഹായം തേടാനും നിശ‌്ചയിച്ചു. പോപ്പുലർ ഫ്രണ്ട‌് ജില്ലാകമ്മിറ്റിയുടെ അംഗീകാരം വാങ്ങി. തുടർന്ന‌് അവരുടെ നേതൃത്വത്തിലായിരുന്നു ബാക്കിയെല്ലാം നടന്നത‌്. 

ജൂലൈ ഒന്നിന‌് രാത്രി എട്ടോടെ  മതിലെഴുതാൻ നോക്കിയപ്പോൾ എസ‌്എഫ‌്ഐക്കാർ എതിർപ്പുമായിവന്നു. ഇതിനുശേഷം എറണാകുളം നോർത്ത‌് റെയിൽവേ സ‌്റ്റേഷനുസമീപമുള്ള പോപ്പുലർ ഫ്രണ്ട‌് കേന്ദ്രമായ കൊച്ചിൻ ഹൗസിൽ തങ്ങിയവരെ വിളിച്ചുവരുത്തിയതും അഭിമന്യുവിനെയടക്കം  അവർക്കു കാട്ടിക്കൊടുത്തതും താനാണെന്നും ഇയാൾ സമ്മതിച്ചു. താനടക്കമുള്ളവർക്ക‌് ആയുധപരിശീലനം ലഭിച്ചിട്ടുണ്ടെന്നും മാരകായുധങ്ങളുമായാണ‌് സംഘം കോളേജിൽ എത്തിയതെന്നും ഇയാൾ പൊലീസിനോട‌് വെളിപ്പെടുത്തി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top