13 November Tuesday

ചെറുപ്പം മുതല്‍ തീവ്രവര്‍ഗീയ നിലപാടുകള്‍ക്കൊപ്പം; ഉപ്പയുടെ വഴിയേ മുഹമ്മദ‌് പോപ്പുലർ ഫ്രണ്ടിലേക്ക‌്

സ്വന്തം ലേഖകൻUpdated: Thursday Jul 19, 2018

ആലപ്പുഴ > അഭിമന്യു വധക്കേസിൽ പിടിയിലായ മുഹമ്മദ‌് പോപ്പുലർ ഫ്രണ്ടിന്റെയും ക്യാമ്പസ‌് ഫ്രണ്ടിന്റെയും സജീവ പ്രവർത്തകനായതിനു പിന്നിൽ ഉപ്പയുടെ സ്വാധീനം. മുഹമ്മദിന്റെ ഉപ്പയായ അരൂക്കുറ്റി പഞ്ചായത്ത‌് നടുവത്ത‌് നഗർ ജാവേദ‌് മൻസിലിൽ ഇബ്രാഹിം മൗലവി പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു.

ജില്ലാ ഭാരവാഹിയായും പ്രവർത്തിച്ച ഇബ്രാഹിം നേതൃത്വത്തിന്റെ നിർദേശപ്രകാരം മഞ്ചേരിയിൽ സംഘടനാ പ്രവർത്തനത്തിനുപോയതായും പൊലീസിന്റെ രഹസ്യാന്വേഷണവിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട‌്. മഞ്ചേരിയിലെ ഒരു പള്ളിയിൽ ഉസ‌്താദായിട്ടായിരുന്നു പ്രത്യക്ഷ പ്രവർത്തനം.  എൻഡിഎഫിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും തീവ്രവർഗീയ നിലപാടുകൾ പിന്തുടരുന്നതാണ‌് മുഹമ്മദിന്റെ കുടുംബം. ചെറുപ്പം മുതൽ ഇവരുടെ യോഗങ്ങളിലും പരിശീലനങ്ങളിലുമെല്ലാം മുഹമ്മദും പങ്കെടുത്തിട്ടുണ്ട‌്.

പഞ്ചായത്ത‌് തെരഞ്ഞെടുപ്പ‌് പ്രവർത്തനങ്ങളിലും മുഹമ്മദ‌് സജീവമായിരുന്നു. പോപ്പുലർഫ്രണ്ട‌് നടുവത്ത‌് നഗർ ബ്രാഞ്ച‌് സെക്രട്ടറിയായും പ്രവർത്തിച്ചു. പണം കണ്ടെത്താൻ ഉപ്പയുടെ സഹോദരനൊപ്പം കാറ്ററിങ‌് ജോലിക്കും പോകുമായിരുന്നു. ഉമ്മയും മൂന്ന‌് സഹോദരങ്ങളുമുണ്ട‌്. സമൂഹമാധ്യമങ്ങളിൽ സജീവമായ മുഹമ്മദിന്റെ ഫേസ‌്ബുക്ക‌് പേജിലും തീവ്രവർഗീയ നിലപാടുകൾ പ്രചരിപ്പിക്കുന്ന പോസ‌്റ്റുകളായിരുന്നു അധികവും. പൊലീസ‌് അന്വേഷണം തുടങ്ങിയപ്പോൾ ഫേസ‌്ബുക്ക‌് അക്കൗണ്ട‌് നിർജീവമാക്കി.

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട‌്  എസ‌്ഡിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ചേർത്തല പാണാവള്ളി മഠത്തിൽപറമ്പിൽ ഷിറാസ‌് സലീമിനെ പൊലീസ‌് പിടികൂടിയിരുന്നു. ഷിറാസുമായി അടുത്തബന്ധമായിരുന്നു മുഹമ്മദിന‌്. ഇരുവരും നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഷിറാസിന്റെ കെയർ ഡയഗ‌്നോസ‌്റ്റിക‌് സെന്റർ എന്ന ലാബിലാണ‌് മുഹമ്മദ‌് തന്റെ എസ‌്എസ‌്എൽസി ബുക്ക‌്, ആധാർകാർഡ‌്, ഡ്രൈവിങ‌് ലൈസൻസ‌് എന്നീ രേഖകൾ ഏൽപ്പിച്ചത‌്. റെയ‌്ഡിൽ പൊലീസ‌് ഇവ പിടിച്ചെടുത്തു. ഇതിനൊപ്പം ലഭിച്ച  മതസ‌്പർധ ഉളവാക്കുന്ന ലഘുലേഖകളും ചില സിഡികളും പൊലീസ‌് പരിശോധിക്കുന്നുണ്ട‌്.

പ്രധാന വാർത്തകൾ
Top