Top
24
Wednesday, May 2017
About UsE-Paper

ഇടുക്കിയില്‍ പട്ടയവിതരണം നാളെ

Friday May 19, 2017
കെ ടി രാജീവ്



ഇടുക്കി > മലയോര കര്‍ഷകരുടെ ദശാബ്ദങ്ങളായുള്ള പട്ടയ സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്. പതിറ്റാണ്ടുകളായി കൈവശംവച്ച് അധ്വാനിക്കുന്ന മണ്ണിന്റെ അവകാശമായ പട്ടയം ഞായറാഴ്ച കട്ടപ്പനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യുന്നതോടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കപ്പെടുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് മലയോര ജനതയ്ക്ക് നല്‍കുന്ന ഉപഹാരംകൂടിയാണ് പട്ടയവിതരണം.

പതിനായിരം പേര്‍ക്കാണ് പട്ടയം നല്‍കാന്‍ തീരുമാനം. ഇതില്‍ 5500 പേര്‍ക്കാണ് ഉടന്‍ നല്‍കുന്നത്. എല്ലാ വിഭാഗത്തിലും പെട്ട പട്ടയങ്ങള്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും നല്‍കും. പട്ടയ വിതരണത്തിന്റെ ഉദ്ഘാടനശേഷവും അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം നല്‍കുന്നതിനുള്ള നടപടി താലൂക്ക് തലത്തില്‍ തുടരും. ഉപാധിരഹിത പട്ടയം എന്ന എല്‍ഡിഎഫ് വാഗ്ദാനം നിറവേറ്റാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന് തടസ്സമായി നില്‍ക്കുന്ന ചില വ്യവസ്ഥകള്‍ സമയബന്ധിതമായി നീക്കും. 1977 ജനുവരി ഒന്നിന് മുമ്പ് ഭൂമിയില്‍ താമസമാക്കിയവരും കൈവശക്കാരും പിന്തുടര്‍ച്ചയായി കൈമാറിയവരുമായ കര്‍ഷകര്‍ക്കാണ് പട്ടയം നല്‍കുന്നത്. 1993ലെയും 1964ലെയും ഭൂപതിവ്ചട്ടപ്രകാരം പട്ടയം നല്‍കും. ഞായറാഴ്ച നല്‍കുന്ന പട്ടയത്തിലേറെയും 1993ലെ ഭൂപതിവ് ചട്ടപ്രകാരമുള്ളതാണ്. ആദ്യഘട്ടമായി മുരിക്കാശേരി 418, നെടുങ്കണ്ടം 1500, രാജകുമാരി 158, കട്ടപ്പന 1277, ഇടുക്കി 670, കരിമണ്ണൂര്‍, തൊടുപുഴ 1200, പീരുമേട് 1039, ദേവികുളം 8 എന്നീ ക്രമത്തിലാണ് പട്ടയം നല്‍കാന്‍ നടപടി പുരോഗമിക്കുന്നത്.  

1993ലെ പ്രത്യേക ചട്ടമനുസരിച്ച് പട്ടയം നല്‍കിയ ഭൂമിയുടെ സ്റ്റാറ്റസ്, റിസര്‍വ് വനത്തിന്റേതാണെന്ന് കാട്ടി യുഡിഎഫ് ഭരണകാലത്ത് മുന്‍ ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലം തിരുത്തിയിരുന്നു. 2010 വരെയുള്ള അപേക്ഷകള്‍ പരിഗണിച്ച് ലാന്‍ഡ് രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കാണ് പട്ടയം വിതരണം ചെയ്യുന്നത്. കര്‍ഷക വഞ്ചനയുടെ ജാള്യം മറയ്ക്കാന്‍ പട്ടയമേള യുഡിഎഫ് ബഹിഷ്കരിച്ചിരിക്കുകയാണ്.