Top
27
Saturday, May 2017
About UsE-Paper
ബോധവല്‍ക്കരണ യാത്ര തുടങ്ങി

ഡെങ്കിപ്പനി നിയന്ത്രിക്കാന്‍ വേണ്ടത് കൂട്ടായ പ്രവര്‍ത്തനം: ആരോഗ്യമന്ത്രി

Friday May 19, 2017
സ്വന്തം ലേഖകന്‍
ഫയൽ ചിത്രം

തിരുവനന്തപുരം > ഡെങ്കിപ്പനി തടയാന്‍ കൂട്ടായ്മയോടെയുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.  ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഡെങ്കിപ്പനിയില്‍നിന്ന് മോചനം നേടാനാകും. തലസ്ഥാനത്ത് വ്യാപകമായ ഡെങ്കിപ്പനിക്കെതിരെ ജനങ്ങളില്‍ അവബോധം വളര്‍ത്താന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാഘടകം നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഡെങ്കിപ്പനി ബോധവല്‍ക്കരണ സന്ദേശയാത്ര ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി.

ഓരോ വ്യക്തിയും സ്ഥാപനങ്ങളും വിചാരിച്ചാല്‍ തൊട്ടടുത്തുള്ള മാലിന്യം നിര്‍മാര്‍ജനംചെയ്യാനും വെള്ളം കെട്ടിനില്‍ക്കാത്ത അവസ്ഥയുണ്ടാക്കാനും സാധിക്കും. അതിലൂടെ കൊതുകിന്റെ ഉറവിടം നശിപ്പിക്കാനുമാകും. പകര്‍ച്ചപ്പനികളെ ചെറുക്കാനായി സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞവര്‍ഷംതന്നെ പകര്‍ച്ചവ്യാധികള്‍ വളരെയധികം വര്‍ധിക്കുമെന്ന് കണ്ടെത്തിയിരുന്നു. ശക്തമായ മുന്‍കരുതലെടുത്തതിനാല്‍ കാര്യക്ഷമമായി നിയന്ത്രിക്കാന്‍ കഴിഞ്ഞു. ഈ വര്‍ഷവും പകര്‍ച്ചവ്യാധി കൂടുന്ന ലക്ഷണങ്ങളാണ് കാണുന്നത്. ഇത് മുന്നില്‍ക്കണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് മാലിന്യനിര്‍മാര്‍ജനത്തിന് ശ്രമിച്ചു. ബഹുജനങ്ങളുടെ ഇടപെടലും ബോധവല്‍ക്കരണവും അത്യാവശ്യമാണ്. വെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യം അനുവദിക്കരുത്. പനി പിടിപെട്ടാല്‍ തുടക്കത്തിലേതന്നെ മതിയായ ചികിത്സ തേടണം.

ഡെങ്കിപ്പനി നിയന്ത്രണത്തിന് പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന്  മേയര്‍  വി കെ പ്രശാന്ത് പറഞ്ഞു. പനി   ഐഎംഎയുടെ ബോധവല്‍ക്കരണ പരിപാടിയില്‍ നഗരസഭയും പങ്കാളികളാകുമെന്നും മേയര്‍ പറഞ്ഞു.

ഐഎംഎ തിരുവനന്തപുരം പ്രസിഡന്റ് ഡോ.  ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ.  വിജയകൃഷ്ണന്‍, ഡിഎംഒ ഡോ. ജോസ് ഡിക്രൂസ്,  ഡോ. സ്വപ്നകുമാരി, ഡോ. മുഹമ്മദ് കുഞ്ഞ്,  ഡോ. റിയാസ്, ഡോ. ക്രിസ്റ്റിന്‍ ഇന്ദുമതി, കെ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. കോര്‍പറേഷന്‍ പരിധിയിലെ മുഴുവന്‍ സ്ഥലങ്ങളിലും വെള്ളി, ശനി ദിവസങ്ങളില്‍ ഡെങ്കിപ്പനി ബോധവല്‍ക്കരണസന്ദേശ യാത്രാസംഘം ബോധവല്‍ക്കരണം നടത്തും. ഓരോ പ്രധാന ജങ്്ഷനിലും ആരോഗ്യപ്രവര്‍ത്തകരെത്തി ആവശ്യമായ സന്ദേശങ്ങള്‍ കൈമാറുകയും ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കുകയുംചെയ്യും. ഒപ്പം ഫ്ളാറ്റ് ഉടമകളെയും റസിഡന്‍സ് അസോസിയേഷന്‍ ‘ഭാരവാഹികളെയും ഉള്‍പ്പെടുത്തി ഐഎംഎ ചര്‍ച്ചകളും സംഘടിപ്പിക്കും.